മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും ശക്തരെന്ന് പേപ്പറില്‍ വിലയിരുത്തപ്പെട്ട ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ശക്തരാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരയും ചേരുമ്പോള്‍ ഏത് എതിരാളിയും വിറക്കും.
എന്നാല്‍ കണക്കുകളിലെ ഈ മികവ് മുംബൈയുടെ പ്രകടനത്തില്‍ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. പ്രതീക്ഷിച്ചപോലെ വിജയക്കുതിപ്പ് നടത്താന്‍ മുംബൈക്ക് സാധിക്കുന്നില്ല. ആറ് മത്സരത്തില്‍ നിന്ന് രണ്ട് ജയമാണ് മുംബൈക്ക് നേടാനായത്. നാല് മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് മുംബൈ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനുള്ളില്‍ ഒരു വലിയ ഭിന്നത ഉടലെടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയും പരിശീലകന്‍ മഹേല ജയവര്‍ധനയും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രോഹിത്തിന്റെ അമിത ഇടപെടല്‍ ഇഷ്ടമാകുന്നില്ല
രോഹിത് ശര്‍മ മുംബൈയുടെ ഇതിഹാസ താരമാണ്. മുംബൈയെ അഞ്ച് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ ഇപ്പോള്‍ പഴയ ഫോം രോഹിത്തിനില്ലെന്നതാണ് വസ്തുത. ഫോമില്ലെങ്കിലും നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഉപകാരമാകുമെന്ന് നിസംശയം പറയാം. മുംബൈ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് രോഹിത്തിനെ ഉപയോഗിക്കുന്നത്. ഡല്‍ഹിക്കെതിരേ രോഹിത്തിന്റെ നായകനെന്ന നിലയിലെ അനുഭവസമ്പത്ത് മുംബൈയെ രക്ഷിച്ചിരുന്നു.

ഡല്‍ഹി ജയിക്കുമെന്ന അവസ്ഥയില്‍ നിന്ന് മത്സരം തിരിച്ചത് രോഹിത്തിന്റെ മികവായിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സിനേയും കെ എല്‍ രാഹുലിനേയും കുടുക്കാന്‍ സ്പിന്നറെ ഉപയോഗിക്കാന്‍ ഡഗൗട്ടിലിരുന്ന് രോഹിത് ശര്‍മ നിര്‍ദേശിച്ചിരുന്നു. ഇത് ഹാര്‍ദിക് പാണ്ഡ്യ കൃത്യമായി അനുസരിച്ചത് ഫലം കണ്ടു. സ്റ്റബ്‌സിനേയും രാഹുലിനേയും കരണ്‍ ശര്‍മ പുറത്താക്കി. എന്നാല്‍ രോഹിത് ശര്‍മ സ്പിന്നറെ ഇറക്കാന്‍ നിര്‍ദേശിച്ചത് ജയവര്‍ധനക്ക് ഇഷ്ടമായില്ല.
അത് വേണ്ടെന്നാണ് ജയവര്‍ധന പറഞ്ഞത്. എന്നാല്‍ ഇത് അവഗണിച്ചാണ് ഹാര്‍ദിക് രോഹിത്തിന്റെ നിര്‍ദേശം നടപ്പിലാക്കിയത്. രോഹിത് പരിശീലകന് മുകളില്‍ തീരുമാനം എടുക്കുന്നതില്‍ ജയവര്‍ധനക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം. രണ്ട് പേരും തമ്മിലുള്ള ഈഗോ പ്രശ്‌നം ടീമില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രോഹിത്തിന്റെ സീറ്റ് തെറിച്ചേക്കും
മുംബൈയുടെ പ്ലേയിങ് 11 നിന്ന് രോഹിത് ശര്‍മയെ മാറ്റിനിര്‍ത്താനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഈ സീസണില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും 20ലധികം റണ്‍സ് സ്‌കോര്‍ നേടാന്‍ രോഹിത് ശര്‍മക്കായിട്ടില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ രോഹിത് ശ്രമിക്കുന്നുണ്ട്. എന്നാല്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയെ മുംബൈ പ്ലേയിങ് 11 നിന്ന് മാറ്റാന്‍ സാധ്യത കൂടുതലാണ്.
രോഹിത്തിനോട് ജയവര്‍ധനക്കുള്ള അഭിപ്രായ ഭിന്നതയും താരത്തെ തഴയാനുള്ള കാരമാവുമെന്നുറപ്പാണ്. ഈ സീസണോടെ രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത പഴയ ഇംപാക്ട് സൃഷ്ടിക്കാനാവാത്ത രോഹിത്തിനെ വമ്പന്‍ പ്രതിഫലത്തില്‍ മുംബൈ ഇനിയും തുടരാന്‍ അനുവദിച്ചേക്കില്ല. എന്തായാലും രോഹിത്തിന് മുംബൈ ടീമിനുള്ളില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.