ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ പോരാട്ടം ശക്തമാണെന്ന് തന്നെ പറയാം. ആരാധക പ്രതീക്ഷക്കൊത്തുയരാന്‍ പല ടീമുകള്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ചില ടീമുകളുടെ തുടക്കം പാളി. അതിലൊരു ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്. ഇത്തവണ രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കി വലിയ മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ എത്തിയിരിക്കുന്നത്.
പല സൂപ്പര്‍ താരങ്ങളേയും കൈവിട്ട രാജസ്ഥാന്‍ ടീമിലും വലിയ ഉടച്ചുവാര്‍ക്കലാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഉത്തമ പകരക്കാരെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചില്ലെന്നതാണ് വസ്തുത. ഇതിന്റെ തിരിച്ചടി രാജസ്ഥാനില്‍ ഇത്തവണ കാണുന്നുമുണ്ട്. ടീം പ്രതീക്ഷിച്ചതുപോലെ പല താരങ്ങള്‍ക്കും ഉയരാന്‍ സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ഇത്തവണ സഞ്ജു സാംസണിന് പരിക്കേറ്റതോടെ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാജസ്ഥാന്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും ഇറങ്ങുന്നത്.
രണ്ട് മത്സരത്തില്‍ റിയാന്‍ പരാഗിന് കീഴില്‍ രാജസ്ഥാന്‍ തോറ്റു. ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തിലും രാജസ്ഥാനെ പരാഗാണ് നയിക്കുന്നത്. രാജസ്ഥാനെ ഒരു മത്സരത്തിലെങ്കിലും ജയിപ്പിക്കാന്‍ പരാഗിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാനെ ജയിപ്പിക്കാന്‍ സഞ്ജു നായകനായി തിരിച്ചെത്തണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ പരാഗിനെ പ്രശംസിച്ച് രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുകയാണ്.
പരാഗ് വേഗം കാര്യങ്ങള്‍ പഠിക്കുന്നുണ്ട്
രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിന് പ്രത്യേക താല്‍പര്യമുള്ള താരമാണ് റിയാന്‍ പരാഗ്. നേരത്തെ തന്നെ പരാഗിന് വലിയ പിന്തുണ രാജസ്ഥാന്‍ ടീമില്‍ ലഭിച്ചിരുന്നു. ഇത്തവണ സഞ്ജു സാംസണിന് പരിക്കേറ്റപ്പോള്‍ പരാഗിലേക്ക് നായകസ്ഥാനമെത്തിയതും അതുകൊണ്ടാണ്. സഞ്ജു സാംസണിന് കീഴില്‍ രാജസ്ഥാന്‍ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ വിടവ് നികത്താന്‍ പരാഗിന് സാധിക്കുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

എന്നാല്‍ പരാഗ് വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും മികച്ച നായകനാണെന്നും പ്രശംസിച്ചിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. 'അവന്‍ കാര്യങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഫ്‌ളാറ്റ് പിച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടീമിനെ നയിക്കുകയെന്നത് എളുപ്പമല്ല. നായകനെന്ന നിലയിലുള്ള ആദ്യ മത്സരം എപ്പോഴും വളരെ പ്രയാസമായിരിക്കും. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും ശാന്തനായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനായി. ടീമിനെ ഒരു സാഹചര്യത്തിലും സമ്മര്‍ദ്ദം ബാധിക്കാതെ അവന്‍ നോക്കി. അതെല്ലാം മികച്ച നായകന്റെ ഗുണമാണ്്' ദ്രാവിഡ് പറഞ്ഞു.
കെകെആറിനെതിരേ മുന്നില്‍ നിന്ന് നയിച്ചു
കെകെആറിനെതിരേ രാജസ്ഥാന്‍ തോറ്റെങ്കിലും റിയാന്‍ പരാഗെടുത്ത തീരുമാനങ്ങള്‍ മികച്ചതായിരുന്നുവെന്നാണ് ദ്രാവിഡ് പറയുന്നത്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ മുന്നില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് പരാഗ് മാതൃകയായെന്നാണ് ദ്രാവിഡ് പറയുന്നത്. 'കെകെആറിനെതിരേ സ്വയം പന്തെറിയാനെത്തിയ പരാഗിന്റെ തീരുമാനം മികച്ചതായിരുന്നു. രണ്ട് ഇടം കൈയന്‍മാര്‍ ബാറ്റ് ചെയ്യുമ്പോള്‍ പിച്ചില്‍ ടേണുള്ളപ്പോള്‍ പവര്‍പ്ലേയിലെ അഞ്ചാം ഓവര്‍ എറിയാനെത്തിയത് മികച്ച നീക്കമാണ്.
കൃത്യ സമയത്തെടുത്ത മികച്ച തീരുമാനമായിരുന്നു ഇത്. നായകനെന്ന നിലയിലെ അവന്റെ പ്രകടനം തൃപ്തി നല്‍കുന്നതാണ്. സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്തുന്നതുവരെ അവനെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കും. അവന്റെ ചിന്തകളും പദ്ധതികളും ചര്‍ച്ച ചെയ്യാനും തയ്യാറാവുന്ന നായകനാണവന്‍. തന്റെ കാര്യങ്ങളില്‍ അവന് വ്യക്തതയുണ്ട്' ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ പരാഗിന് സാധിക്കുന്നില്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി നിരാശപ്പെടുത്തുകയാണ് പരാഗ്. താരം ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്.
സഞ്ജുവിനെ ഒതുക്കാനാണോ നീക്കം
രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണെ ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് പരാഗിനെ നായകനാക്കി വളര്‍ത്താനുള്ള ശ്രമത്തിലാണുള്ളത്. രാജസ്ഥാന്‍ ടീമില്‍ സഞ്ജുവിന് ഇനി നായകസ്ഥാനം അധികനാള്‍ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. സഞ്ജുവും ഇതിന്റെ സൂചന നല്‍കിയിരുന്നു. എപ്പോഴും രാജസ്ഥാന്റെ നായകനായി തുടരാനാവില്ലല്ലോയെന്നാണ് സഞ്ജു കഴിഞ്ഞിടെ പ്രതികരിച്ചത്. ഇതെല്ലാം താരത്തിന്റെ ടീമിലെ അതൃപ്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.