ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുമ്പ് വലിയ മാറ്റങ്ങള്‍ക്കു തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇതിന്റെ ആദ്യപടിയായി മുഖ്യ കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനെ അവര്‍ പുറത്താക്കിക്കഴിഞ്ഞു. ഇനി നായകന്‍ റിഷഭ് പന്തിനെയും നീക്കിയേക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. മാത്രമല്ല ഡിസി വിട്ട ശേഷം ഇതിഹാസ താരം എംഎസ് ധോണിക്കു പകരം അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നേക്കുന്നെും സൂചനകളുണ്ട്.
യഥാര്‍ഥത്തില്‍ ഡിസി വിട്ടാലും റിഷഭിനു സിഎസ്‌കെയിലേക്കു മാറാന്‍ സാധിക്കുമോ? ഇതിനു പിന്നിലെ യാഥാര്‍ഥ്യമറിയാം. 2018 മുതല്‍ ഡിസി ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് പോണ്ടിങ്. ഒരു സീസണില്‍ ടീമിനെ റണ്ണറപ്പാക്കിയതൊഴിച്ചാല്‍ ഈ റോളില്‍ പ്രതീക്ഷിച്ചതു പോലെ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഇതോടെയാണ് വരാനിരിക്കുന്ന സീസണിനു മുമ്പ് മുന്‍ ഓസീസ് സൂപ്പര്‍ താരവുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഡിസി തീരുമാനിച്ചത്. വൈകാതെ റിഷഭും നായകസ്ഥാനത്തു നിന്നും മാറിയേക്കുമെന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലുമ ഇതേക്കുറിച്ച് ഫ്രാഞ്ചൈസിയോ, താരമോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലേക്കു വരികയും പിന്നീട് ഈ റോളില്‍ സ്ഥാനം ഭദ്രമാക്കുകയു ചെയ്തിട്ടുള്ളയാളാണ് റിഷഭ്. ധോണിയുമായി വളരെ അടുത്ത സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. അടുത്ത ഐപിഎല്‍ സീസണിലും സിഎസ്‌കെയ്ക്കു വേണ്ടി ധോണി കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇതേക്കുറിച്ച് താന്‍ പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ധോണി കളി നിര്‍ത്തുകയാണെങ്കില്‍ സ്വാഭാവികമായും ഒരു വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്കു ആവശ്യമായി വരും. ദേശീയ ടീമില്‍ ധോണിയുടെ പിന്‍ഗാമിയായി വന്നതു പേലെ സിഎസ്‌കെയിലും ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ ആള്‍ റിഷഭാണെന്നാണ് പലരും വിശ്വസിക്കുന്നത്.
അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുന്നതിനാല്‍ തന്നെ സിഎസ്‌കെയിലേക്കുള്ള റിഷഭിന്റെ കൂടുമാറ്റം എളുപ്പമായിരിക്കില്ല. ഡിസി നിലനിര്‍ത്താനിടയുള്ള താരങ്ങളിലൊരാള്‍ തന്നെയിരിക്കും അദ്ദേഹം.
എന്നാല്‍ ഡിസിയില്‍ തുടരാന്‍ റിഷഭ് ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ വരികയാണെങ്കില്‍ മെഗാ ലേലത്തിനുള്ള കളിക്കാരുടെ പൂളിലേക്കാണ് റിഷഭ് വരിക. അവിടെ നിന്നും അദ്ദേഹത്തെ വാങ്ങാന്‍ സിഎസ്‌കെയ്ക്കു മുന്നിലുള്ള ഏക വഴി മെഗാ ലേലവുമാണ്.

താരലേലമെന്നത് വളരെയധികം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ റിഷഭിനെ സിഎസ്‌കെ ലേലത്തില്‍ വാങ്ങുമെന്നതിനു യാതൊരു ഗ്യാരണ്ടിയുമില്ല. ലേലത്തില്‍ റിഷഭിനെ വാങ്ങാന്‍ സാധിക്കാതെ വന്നാല്‍ സിഎസ്‌കെയ്ക്കു മുന്നിലുള്ള അടുത്ത ഓപ്ഷന്‍ 2026ലെ സീസണിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ ടീമിലെത്തിക്കുകയെന്നതാണ്.
ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ സിഎസ്‌കെയെപ്പോലെ വേറെയും ചില ഫ്രാഞ്ചൈസികള്‍ റിഷഭിനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. ഇതു അദ്ദേഹത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ വലിയൊരു തുക തന്നെ ലേലത്തില്‍ സിഎസ്‌കെയ്ക്കു മുടക്കേണ്ടതായും വരും.
റിഷഭിനു വേണ്ടി ലേലത്തില്‍ എത്ര തുക വരെ സിഎസ്‌കെ മുടക്കാന്‍ തയ്യാറാവുമെന്നതും പ്രധാനമാണ്. സാധാരണയായി ഒരു താരത്തിനും വേണ്ടി പരിധിയില്‍ കവിഞ്ഞൊരു തുക മുടക്കാന്‍ തയ്യാറാവാത്ത ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും റിഷഭിനെ വാങ്ങാന്‍ അവര്‍ തയ്യാറാവുകയും ചെയ്‌തേക്കില്ല.