ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള കളിയിലെ വന്‍ പരാജയത്തിനു പിന്നാലെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശഖും ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസറുമായ സഹീര്‍ ഖാന്‍. പഞ്ചാബിന്റെ വിജയത്തില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
തികച്ചും ഏകപക്ഷീയമായ മല്‍സത്തില്‍ എട്ടു വിക്കറ്റിനാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് ടീം റിഷഭ് പന്തിന്റെ എല്‍എസ്ജിയെ വാരിക്കളഞ്ഞത്. ലഖ്‌നൗ നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ടീം പാട്ടുംപാടി ജയിക്കുകയായിരുന്നു. വെറും 16.2 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് പഞ്ചാബ് ടീം വിജയത്തിലക്കു കുതിച്ചെത്തിയത്.

പിച്ച് ക്യുറേറ്റര്‍ക്കെതിരേ സഹീര്‍
ഹോംഗ്രൗണ്ടായ ഏകാന സ്‌റ്റേഡിയത്തിലെ പിച്ച് തയ്യാറാക്കിയ ക്യുറേറ്ററെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നാണംകെട്ട തോല്‍വിക്കു സഹീര്‍ ഖാന്‍ പഴിക്കുന്നത്. മല്‍സരശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോംഗ്രൗണ്ടായിട്ടും അതിന്റെ ആനുകൂല്യം ടീമിനു ലഭിക്കാതിരുന്നത് തിരിച്ചടിയായെന്നും സഹീര്‍ ചൂണ്ടിക്കാട്ടി.
ലഖ്‌നൗ ടീമിന്റെ പരാജയത്തില്‍ ഞാന്‍ അല്‍പ്പം നിരാശനാണ്. ഞങ്ങള്‍ക്കു ഇതു ഹോം ഗെയിമായിരുന്നു. ഐപിഎല്ലില്‍ എങ്ങനെയാണ് ടീമുകള്‍ ഇതിന്റെ ആനുകൂല്യം മുതലെടുക്കുന്നതെന്നു നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു ഹോം ഗെയിമാണെന്നു ക്യുറേറ്റര്‍ ശരിക്കും ചിന്തിട്ടിട്ടുണ്ടാവില്ലെന്നു പറയേണ്ടി വരും.
ഈ മല്‍സരത്തിനു വേണ്ടിയുള്ള പിച്ചൊരുക്കിയത് പഞ്ചാബ് ക്യുറേറ്ററാണെന്നതു പോലെയാണ് കാണപ്പെട്ടത്. ഞങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണിത്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ സെറ്റപ്പാണ്. എന്നാല്‍ അക്കാര്യം (പിച്ചൊരുക്കുന്നതിലെ പിഴവ്) സംഭവിക്കുന്ന ആദ്യത്തെയും അവസാനത്തെയും മല്‍സരം ഇതായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം നിങ്ങള്‍ ലഖ്‌നൗ ഫാന്‍സിനെ കൂടിയാണ് ഇതിലൂടെ നിരാശപ്പെടുത്തുന്നതെന്നും സഹീര്‍ വ്യക്തമാക്കി.
സാധാരണയായി ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ വളരെയധികം തുണയ്ക്കുന്നതായാണ് കാണപ്പെടാറുള്ളത്. രവി ബിഷ്‌നോയ്, ദിഗ്വേഷ് രതി, എം സിദ്ധാര്‍ഥ് എന്നീ സ്ലോ ബൗളര്‍മാരെ ഈ കളിയില്‍ എല്‍എസ്ജി പരീക്ഷിച്ചെങ്കിലും പിച്ചില്‍ നിന്നും കാര്യമായ സഹായം ലഭിച്ചില്ല. ദിഗ്വേഷിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ മറ്റുളളവര്‍ക്കു ഒന്നു പോലും വീഴ്ത്താനായില്ല. 14.30 എന്ന മോശം ഇക്കോണമി റേറ്റിലാണ് ബിഷ്‌നോയ് പന്തെറിഞ്ഞത്.
എല്‍എസ്ജി തിരിച്ചുവരും
പഞ്ചാബ് കിങ്‌സിനോടു വന്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇനിയും സാധിക്കുമെന്നാണ് സഹീര്‍ ഖാന്റെ അഭിപ്രായം. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ കളിയില്‍ ഞങ്ങള്‍ തോറ്റെന്നത് അംഗീകരിക്കുന്നു. എന്നാല്‍ ഹോം മാച്ചുകളില്‍ ഇംപാക്ടുണ്ടാക്കുന്നതിനായി ഞങ്ങള്‍ എന്തും ചെയ്‌തേ തീരൂ. ആറും ഹോം മാച്ചുകള്‍ ഞങ്ങള്‍ക്കു ഇനിയും ബാക്കിയുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഞങ്ങള്‍ക്കു ശരിയായ മാനസികാവസ്ഥയും കാഴ്ചപ്പാടുമുണ്ടെന്നു ഈ ടീം തെളിയിച്ചിട്ടുണ്ട്.
പുതിയ പല മാറ്റങ്ങളും ടീമെന്ന നിലയിലുള്ള പോരാട്ടവും വിജയ ദാഹവുമെല്ലാം എല്‍എസ്ജിയില്‍ നിന്നും നിങ്ങള്‍ക്കു പ്രതീക്ഷിക്കാമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ഹോഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് എല്‍എസ്ജിയുടെ അടുത്ത പോരാട്ടം.