ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഇന്‍സമാമുള്‍ ഹഖ്. ടൂര്‍ണമെന്റിലേക്കു മറ്റു ടീമുകളൊന്നും കളിക്കാരെ അയക്കരുതെന്ന വിചിത്രമായ ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റ കാരണവും ഇന്‍സി പറഞ്ഞിട്ടുണ്ട്.
അതേസമയം, നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ 22 നാണ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം. കെകെആറിന്റ ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മല്‍സരം.

ഐപിഎല്ലിനെതിരേ ഇന്‍സി
പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ 24 ന്യൂസിന്റെ ഒരു ഷോയില്‍ പങ്കെടുക്കവെയാണ് ഐപിഎല്ലിനെതിരേ ഇന്‍സാമുള്‍ ഹഖ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഐപിഎല്ലില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മുന്‍നിര താരങ്ങള്‍ കളിക്കാനെത്താറുണ്ട്. പക്ഷെ ഇന്ത്യന്‍ താരങ്ങളാവട്ടെ മറ്റൊരു രാജ്യത്തെയും ലീഗുകളില്‍ കളിക്കാന്‍ പോവാറുമില്ല. അതുകൊണ്ടു തന്നെ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലിനു അയക്കുന്നത് അവസാനിപ്പിക്കണം.
നിങ്ങള്‍ (ഇന്ത്യ) ഒരു താരത്തെ മറ്റൊരു ലീഗില്‍ കളിക്കുന്നതിനു വേണ്ടി വിട്ടുകൊടുക്കുന്നില്ലെങ്കില്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും അതു പോലെയുള്ള ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത് ആവശ്യമാണെന്നു ഇന്‍സമാം തുറന്നടിക്കുകയായിരുന്നു.
ഇന്‍സിക്കു വിമര്‍ശനം
ഐപിഎല്ലിനെതിരേ ആഞ്ഞടിച്ച ഇന്‍സമാമുള്‍ ഹഖിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ഇന്‍സമാമുള്‍ ഹഖിന്റെ പ്രശ്‌നമെന്താണെന്നു മനസ്സിലാവുന്നില്ല.
ഐപിഎല്ലിന്റെ ഞെട്ടിക്കുന്ന വളര്‍ച്ചയിലുള്ള അസൂയ കൊണ്ടായിരിക്കാം അദ്ദേഹം ഈ തരത്തിലുള്ള വിഡ്ഡിത്തരങ്ങള്‍ പറയുന്നത്. പാകിസ്താന്‍ നടക്കുന്ന പിഎസ്എല്ലിനോടു ഞങ്ങള്‍ക്കു ഒരു പ്രശ്‌നവുമില്ല. പിന്നെ എന്തിനാണ് ഐപിഎല്ലിനോടു ഈ വിരോധമെന്നും ഇന്ത്യന്‍ ആരാധകര്‍ കുറിക്കുന്നു.
പാകിസ്താനിലെ മുന്‍ ക്രിക്കറ്റര്‍മാരെല്ലാം ഇപ്പോള്‍ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ കിടന്നു കരയുകയും വിഡ്ഡിത്തരങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്താണ് സംഭവിക്കുന്നത്?

സ്വന്തം നാട്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായതിന്റെയും ഫൈനല്‍ വേദി പോലും ലഭിക്കാതെ പോയതിന്റെയും നിരാശയും രോഷവും അവര്‍ക്കുണ്ട്. ഇന്ത്യയുടെ കിരീട വിജയവും പാക് ടീമിനു ഒട്ടും തന്നെ ദഹിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുകയാണ്.
പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും മികച്ച ബാറ്ററുമെല്ല നിലയില്‍ ഇന്‍സമാമുള്‍ ഹഖിനെ ബഹുമാനിക്കുന്നു. പക്ഷെ വിരമിച്ച ശേഷം ഈ തരത്തിലുള്ള തരംതാണ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി അദ്ദേഹം സ്വന്തം വില കളയുകയാണ്. ചില സമയങ്ങളിലില്‍ യാതൊരു ബോധവുമില്ലാത്ത തരത്തിലാണ് ഇന്‍സിയുടെ സംസാരമെന്നും ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടി പല വിദേശ താരങ്ങളും അവരുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായുള്ള കരാര്‍ പോലും ഇപ്പോള്‍ റദ്ദാക്കുകയാണ്. അതിനിടെയാണ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നത് തടയണമെന്ന മണ്ടന്‍ പ്രസ്താവന ഇന്‍സമാമുള്‍ ഹഖ് നടത്തിയിരിക്കുന്നത്. അങ്ങനെ വന്നാല്‍ ദേശീയ ടീമിനോടു എന്നന്നേക്കുമായി ഗുഡ്‌ബൈ പറഞ്ഞ് താരങ്ങള്‍ ഐപിഎല്ലിലേക്കാണ് വരുകയെന്നും ഇന്ത്യന്‍ ആരാധകര്‍ മുന്‍ പാക് നായകനെ പരിഹസിച്ചിരിക്കുകയാണ്.