മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ കഴിയുമ്പോള്‍ ആരാവും കപ്പിലേക്കെത്തുകയെന്ന് പറയാനാവാത്ത അവസ്ഥയാണ്. കരുത്തരായ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെല്ലാം ഇത്തവണ പിന്നോട്ട് പോകുന്നതാണ് കാണാനായത്. ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും ഇത്തവണ മികച്ച പ്രകടനം നടത്തി മുന്നോട്ട് വരുന്നതും കാണാനാവുന്നു.
ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ഇടം ആഗ്രഹിക്കുന്ന താരങ്ങള്‍ക്കെല്ലാം ഐപിഎല്ലില്‍ മിന്നിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. നിലവില്‍ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. നിലവിലെ ഇന്ത്യയുടെ ഓപ്പണറായും വിക്കറ്റ് കീപ്പറായും കളിക്കുന്നത് സഞ്ജു സാംസണാണ്.
വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കുന്നുമുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്ലില്‍ നായകനായും ബാറ്റ്‌സ്മാനായും ശോഭിക്കേണ്ടതായുണ്ട്. നിലവിലെ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു തന്നെയാണ് ഭേദപ്പെട്ട് നില്‍ക്കുന്നത്. എന്നാല്‍ ഓപ്പണര്‍ റോളില്‍ സഞ്ജുവിന് ഭീഷണികളേറെയാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ ശുബ്മാന്‍ ഗില്‍ കിരീടത്തിലേക്കെത്തിച്ചാല്‍ സഞ്ജുവിനെ അത് പ്രതികൂലമായി ബാധിക്കും. എങ്ങനെയാണെന്ന് അറിയാം.
ഗില്‍ ഓപ്പണിങ്ങില്‍ സഞ്ജുവിന് ഭീഷണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ഇതിഹാസമായി മുന്നില്‍ക്കണ്ട് ടീം വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. എംആര്‍എഫ് ഗില്ലുമായി കരാറിലെത്തിയത് പോലും ഇത്തരമൊരു നീക്കം മുന്നില്‍ക്കണ്ടാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ശുബ്മാന്‍ ഗില്‍. സൂര്യകുമാര്‍ യാദവിന് അധികനാള്‍ ടി20 നായകനായി തുടരാനായേക്കില്ല. വൈസ് ക്യാപ്റ്റന്‍ റോളിലൂടെ ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് നിലവിലെ ഇന്ത്യയുടെ പദ്ധതി.
എന്നാല്‍ ഇത് സംഭവിക്കാന്‍ നായകനെന്ന നിലയില്‍ ഗില്‍ മികവ് തെളിയിക്കേണ്ടതായുണ്ട്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ ഗില്‍ കിരീടത്തിലേക്കെത്തിച്ചാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തോടെ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാല്‍ ഓപ്പണര്‍ റോളിലേക്കും ഗില്ലിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് സഞ്ജുവിന് തിരിച്ചടിയായി മാറാനാണ് സാധ്യത. യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരെല്ലാം ഇടം കൈയന്‍ ഓപ്പണര്‍മാരാണ്.
ഗില്‍ ഓപ്പണറായാല്‍ ഇടം കൈയനെ ഒപ്പം ഇറക്കാനാവാവും ഇന്ത്യ തയ്യാറാവുക. അങ്ങനെ വന്നാല്‍ സഞ്ജുവിന് ഓപ്പണര്‍ റോളില്‍ നിന്ന് മാറിക്കൊടുക്കേണ്ടതായി വരും. ഇത് താരത്തിന്റെ സീറ്റ് നഷ്ടപ്പെടാന്‍ വരെ കാരണമായേക്കും. സഞ്ജു മിന്നും പ്രകടനം നടത്തുമ്പോഴും സ്ഥിരത പ്രശ്‌നമാണ്. ഇത് താരത്തിന്റെ സീറ്റ് നഷ്ടപ്പെടാനുള്ള കാരമായി മാറിയേക്കാം.

മധ്യനിരയിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല
ഓപ്പണര്‍ റോള്‍ വിടേണ്ടി വന്നാല്‍ സഞ്ജുവിനെ പുറത്തിരുത്താനാണ് കൂടുതല്‍ സാധ്യത. മധ്യനിരയില്‍ സഞ്ജുവിനെ പരിഗണിച്ചേക്കില്ല. ജിതേഷ് ശര്‍മ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന കീപ്പറാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം മികവ് കാട്ടാന്‍ ജിതേഷിന് സാധിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിലും മോശമാക്കുന്നില്ല. ഈ സാഹചര്യത്തില്‍ മധ്യനിരയില്‍ വിക്കറ്റ് കീപ്പറെ കളിപ്പിക്കേണ്ടി വന്നാല്‍ ഇന്ത്യ സഞ്ജു സാംസണെ തഴഞ്ഞ് ജിതേഷിനൊപ്പം നില്‍ക്കാനാണ് സാധ്യത.
ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയെന്നത് ഗില്ലിനെ സംബന്ധിച്ച് എളുപ്പമല്ല. മോശമല്ലാത്ത തുടക്കം ഗുജറാത്തിന് ലഭിച്ചിട്ടുണ്ട്. ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും ഗില്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് വലിയ ഭീഷണിയാണ് മുന്നിലുള്ളത്. ഇതിനെ മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനെ കപ്പിലേക്കെത്തിക്കുകയെന്നതാണ് സഞ്ജു ചെയ്യേണ്ടത്. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം താരം നടത്തുന്നുണ്ട്. എന്നാല്‍ കപ്പിലേക്കെത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.