IPL 2025: ആദ്യ 16 പന്തില്‍ 20, പിന്നെ അടിയുടെ പൊടിപൂരം; വെങ്കടേഷ് അയ്യര്‍ കളി മാറ്റിയത് എങ്ങനെ?
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. രണ്ട് തോല്‍വികള്‍ക്ക് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തടുക്കി വമ്പന്‍ മടങ്ങിവരവാണ് കെകെആര്‍ നടത്തിയിരിക്കുന്നത്. 80 റണ്‍സിനാണ് തട്ടകത്തില്‍ കെകെആര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറ് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് 16.4 ഓവറില്‍ 120 റണ്‍സില്‍ കൂടാരം കയറി.
കെകെആറിന്റെ ജയത്തില്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നത്. എന്നാല്‍ 150ലൊതുങ്ങേണ്ടിയിരുന്ന കെകെആര്‍ സ്‌കോറിനെ 200ലേക്കെത്തിച്ചത് വെങ്കടേഷ് അയ്യരുടെ പ്രകടനമാണ്. ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട വെങ്കടേഷ് ഇപ്പോള്‍ ടീമിന്റെ ഹീറോയായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വെങ്കടേഷിന്റെ പ്രകടനം എങ്ങനെയാണ് ഹൈദരാബാദിനെതിരേ കെകെആറിന് കരുത്തായതെന്ന് പരിശോധിക്കാം.
ആദ്യ 16 പന്തില്‍ 20 റണ്‍സ് മാത്രം
ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്ന വെങ്കടേഷ് അയ്യരെ അഞ്ചാം നമ്പറിലാണ് കെകെആര്‍ കളിപ്പിക്കുന്നത്. ഹൈദരാബാദിനെതിരേ പതിയെയാണ് വെങ്കടേഷ് തുടങ്ങിയത്. ആദ്യം നേരിട്ട 16 പന്തില്‍ നിന്ന് 20 റണ്‍സ് മാത്രം നേടിയ താരം പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. അവസാന 13 പന്തില്‍ നിന്ന് 40 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സോടെയാണ് വെങ്കടേഷ് ക്രീസില്‍ തുടര്‍ന്നത്. എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം.
അവസാന ഓവറുകളില്‍ താരം കത്തിക്കയറി. പാറ്റ് കമ്മിന്‍സിനെയാണ് വെങ്കടേഷ് കടന്നാക്രമിച്ചത്. 4, 6, 4, 4 എന്നിങ്ങനെയാണ് 19ാം ഓവറില്‍ വെങ്കടേഷ് നേടിയത്. അവസാന ഓവറില്‍ ഒരു സിക്‌സും ഫോറും വെങ്കടേഷ് പറത്തിയ ശേഷമാണ് താരം മടങ്ങിയത്. കെകെആറിനെ 200 എന്ന മികച്ച നിലയിലേക്കെത്തിച്ച ശേഷമാണ് വെങ്കടേഷ് അയ്യര്‍ പുറത്തായത്. ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ വെങ്കടേഷ് അയ്യര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഹൈദരാബാദിനെ കിട്ടിയാല്‍ വെങ്കടേഷ് വിടില്ല
23.75 കോടിക്കാണ് വെങ്കടേഷ് അയ്യരെ ഇത്തവണ കെകെആര്‍ ടീമിലേക്ക് കൊണ്ടുവന്നത്. വലിയ തുകയുടെ ഉത്തരവാദിത്തം വെങ്കടേഷിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നു. എന്തിന് ആണ് ഇത്രയും തുക നല്‍കിയതെന്നും നഷ്ട കച്ചവടമായി എന്നുമെല്ലാം വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് തകര്‍പ്പന്‍ പ്രകടനത്തോടെ വെങ്കടേഷ് വിമര്‍ശകരുടെ വായടപ്പിക്കുന്നത്.
ഹൈദരാബാദിനെതിരേ വെങ്കടേഷിന്റെ പ്രകടനം എപ്പോഴും വളരെ മികച്ചതാവുമെന്നാണ് കൗതുകകരമായ കാര്യം. അവസാന മൂന്ന് തവണയും കെകെആര്‍ ഹൈദരാബാദിനെ നേരിട്ടപ്പോള്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കൈയടി നേടാന്‍ വെങ്കടേഷിന് സാധിച്ചിട്ടുണ്ട്. 2024ലെ ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരേ 28 പന്തില്‍ പുറത്താവാതെ 51 റണ്‍സാണ് വെങ്കടേഷ് നേടിത്. അവസാന ഫൈനലില്‍ 26 പന്തില്‍ പുറത്താവാതെ 52 റണ്‍സും നേടി. ഇപ്പോഴിതാ 29 പന്തില്‍ 60 റണ്‍സുമായും ശോഭിച്ചിരിക്കുകയാണ്.
തിരിച്ചുവരവ് നടത്തി കെകെആര്‍
ഹൈദരാബാദിനെതിരായത് കെകെആറിന്റെ തിരിച്ചുവരവാണെന്ന് തന്നെ പറയാം. രണ്ട് മത്സരങ്ങള്‍ തോറ്റതിന്റെ ക്ഷീണം ടീമിനെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഓപ്പണിങ്ങില്‍ ടീമിന് സ്ഥിരത കാട്ടാനാവുന്നില്ല. ക്വിന്റന്‍ ഡീകോക്ക്, സുനില്‍ നരെയ്ന്‍ കൂട്ടുകെട്ട് പ്രതീക്ഷിച്ച മികവ് കാട്ടാത്തത് കെകെആറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെങ്കടേഷ് ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications