ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളും ഏറെക്കുറെ ഉറപ്പാക്കിയ ശേഷമായിരുന്നു സഞ്ജു സാംസണ്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. പക്ഷെ സീസണിന്റെ ആദ്യ പകുകി പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ മലയാളി താരത്തിനു അത്ര അനുകൂലമല്ല. പരിക്കും പ്രഹരശേഷയില്‍ സംഭവിച്ചിട്ടുള് ഇടിവുമെല്ലാം സഞ്ജുവിനു തിരിച്ചടിയായിരിക്കുകയാണ്. ഇതു ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തേയും ബാധിച്ചേക്കും.
ഐപിഎല്ലിനു ശേഷമുള്ള ടി20 പരമ്പരകളില്‍ സഞ്ജു സ്ഥാനം നിലനിര്‍ത്തുമോയെന്നതു സംശയമാണ്. അദ്ദേഹത്തിനു പകരം മറ്റൊരാളെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ടി20 ടീമിലെ പുതിയ വിക്കറ്റ് കീപ്പറായി കൊണ്ടുവന്നേക്കും. ഈ സീസണിലെ ഐപിഎല്ലും പരിക്കുമെല്ലാം സഞ്ജുവിന്റ അന്താരാഷ്ട്ര കരിയറിനെ എങ്ങനെയാവും ബാധിക്കുകയെന്നു നോക്കാം.

സഞ്ജുവിന്റെ പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കു വന്നാല്‍ ഏഴു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാനായത്. പരിക്കു കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മല്‍സരം മലയാളി താരത്തിനു നഷ്ടമാവുയു ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി വ്യാഴാഴ്ച നടക്കാനിരിക്കുന്ന കളിയിലും അദ്ദേഹം കളിച്ചേക്കില്ല.
റോയല്‍സിനായി ഏഴിന്നിങ്‌സുകളില്‍ നിന്നും 37.33 ശരാശരിയില്‍ 142.58 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിനു സ്വന്തം പേരില്‍ കുറിക്കാനായത്. സണ്‍റൈസേഴ്്‌സ് ഹൈദരാബാദുമായി സീസണിലെ ആദ്യ മല്‍സരത്തില്‍ നേടിയ 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഈ പ്രകടനം കൊണ്ടു മാത്രം അദ്ദേഹത്തിനു ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സ്ഥാനം നിലനിര്‍ത്തുകയെന്നതു സഞ്ജുവിനു കുടുപ്പം തന്നെയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ 500നു മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതു അദ്ദേഹമായിരുന്നു.
ഈ പ്രകടനം തന്നെയാണ് കഴിഞ്ഞ ടി20 ലോകകപ്പിലും സഞ്ജുവിനു ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. പക്ഷെ ഇത്തവണ ബാറ്റിങില്‍ അതുപോലെയൊരു മാജിക്ക് പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. അതിനിടെയാണ് അപ്രതീക്ഷിത വില്ലനായി പരിക്കും പിടികൂടിയിരിക്കുന്നത്.
രാഹുലിനെ ഭയക്കണം
ഈ സീസണിലെ ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു സാംസണിനു ഏറ്റവുമധികം ഭീഷണിയായി മാറിയിരിക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരും ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നവരുടെ ലിസ്റ്റിലുണ്ടെങ്കിലും ഇവരുടെയെല്ലാം മോശം പ്രകടനം സഞ്ജുവിനു ആശ്വാസമാണ്. പക്ഷെ ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു കൂടുമാറിയതോടെ രാഹുല്‍ ആളാകെ മാറിയിരിക്കുകയാണ്.

ടി20യില്‍ നേരത്തേ തന്റെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. സ്‌ട്രൈക്ക്‌റേറ്റ് കുറവാണെന്നതായിരുന്നു നേരത്തേ രാഹുലിന്റെ പേരിലുള്ള ഒരു ചീത്തപ്പേര്. എന്നാല്‍ ഇത്തവണ അദ്ദേഹം ഇതു മാറ്റിയെടുത്തിരിക്കുകയാണ്. ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
ആറിന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്തവണ കളിച്ചത്. 53.20 ശരാശരിയില്‍ 158.33 സ്‌ട്രൈക്ക് റേറ്റില്‍ 266 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റികളടക്കമാണിത്. അദ്ദേഹം സീസണിലെ ശേഷിച്ച മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ സഞ്ജുവിനു ടി20 ടീമിലെ സീറ്റ് മറക്കാം. രാഹുലിന്റെ അനുഭവസമ്പത്തും ബാറ്റിങില്‍ നല്‍കുന്ന സ്ഥിരതയും സഞ്ജുവിനു അവകാശപ്പെടാനില്ല. സ്ഥിരതയ്‌ക്കൊപ്പം മികച്ച പ്രഹരശേഷി കൂടി രാഹുലിനുണ്ടെങ്കില്‍ പിന്നെ സഞ്ജുവിനെ ടീമിനു വേണ്ടിവരില്ല.
കോച്ച് ഗൗതം ഗംഭീറിന്റെ പ്രഥമ പരിഗണന രാഹുലിനു തന്നെയായിരിക്കും. മാത്രമല്ല വിക്കറ്റിനു പിന്നില്‍ അദ്ദേഹമുണ്ടെങ്കില്‍ ടീമിനു ലഭിക്കുന്ന പ്ലസ് പോയിന്റ് വേറെയുമുണ്ട്. റിവ്യു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ രാഹുലിനുള്ളത പോലെ കഴിവും സഞ്ജുവിനില്ല.