ജയ്പൂര്‍: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ടീം അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 219 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിയത്. അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടീമിലേക്ക മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.
ഈ മല്‍സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പൂട്ടിയ സഞ്ജുവിന്റെ കിടിലന്‍ ക്യാപ്റ്റന്‍സി കൈയടി നേടുകയാണ്. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ശ്രേയസിനെ മികച്ചൊരു കെണിയൊരുക്കിയാണ് അദ്ദേഹം പൂട്ടിയത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് 25 ബോളില്‍ അഞ്ചു ഫോറടക്കം 30 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

തകര്‍പ്പന്‍ ക്യാപ്റ്റന്‍സി
രാജസ്ഥാന്‍ റോയല്‍സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ നാലാം ഓവറിലെ ആദ്യ ബോളില്‍ പ്രഭ്‌സിമ്രന്‍ സിങ് (21) പുറത്തായതിനു ശേഷമാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. പഞ്ചാബ് അപ്പോള്‍ രണ്ടു വിക്കറ്റിനു 34 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. നെഹാല്‍ വദേരയെ കൂട്ടുപിടിച്ച് ശ്രേയസ് പഞ്ചാബിനെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. ഈ സഖ്യം ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പഞ്ചാബ് ശക്തമായ തിരിച്ചുവരവ് നടത്തി.
മൂന്നിന് 34ല്‍ നിന്നും ഒമ്പതോവര്‍ കഴിഞ്ഞപ്പോള്‍ പഞ്ചാബ് മൂന്നു വിക്കറ്റിനു 88 റണ്‍സെന്ന ശക്തമായ നിലയിലെത്തിയത്. പിന്നാലെ സ്ട്രാറ്റെജിക് ടൈമൗട്ടും എത്തുകയായിരുന്നു. ആകാശ് മധ്വാളായിരുന്നു തൊട്ടുമുമ്പത്തെ ഓവര്‍ എറിഞ്ഞത്. രണ്ടു ഫോറടക്കം 10 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. ടൈമൗട്ടിനു ശേഷം പത്താമത്തെ ഓവര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയ്ക്കായിരുന്നു. ഒരു സിക്‌സറടക്കം ഒമ്പതു റണ്‍സും താരം വഴങ്ങി. ഇതു വദേരയുടെ ബാറ്റില്‍ നിന്നായിരുന്നു.
പക്ഷെ ഈ ഓവറില്‍ ശ്രേയസ് ശരിക്കും പതറി. ഹസരംഗയ്‌ക്കെതിരേ മൂന്നു ബോള്‍ നേരിട്ട അദ്ദേഹം ഒരു സിംഗിള്‍ മാത്രമേ നേടിയുളളൂ. സ്പിന്നിനെതിരേ ശ്രേയസ് അല്‍പ്പം ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കിയ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്ലാന്‍ മാറ്റി. മധ്വാളിനു അടുത്ത ഓവര്‍ നല്‍കാതെ അടുത്ത ഓവര്‍ മറ്റൊരു സ്ലോ ബൗളറായ റിയാന്‍ പരാഗിനു നല്‍കുകയായിരുന്നു. ഹസരംഗയ്‌ക്കെതിരേ പാടുപെട്ടതിനാല്‍ അടുത്ത ഓവറില്‍ ശ്രേസ് റിസ്‌കെടുത്ത് വലിയൊരു ഷോട്ടിനു ശ്രമിക്കുമെന്നുറപ്പായിരുന്നു.

സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. പരാഗിന്റെ ഓവറിലെ ആദ്യ ബോളില്‍ ശ്രേയസിനു റണ്‍സൊന്നും ലഭിച്ചില്ല. അടുത്ത ബോളില്‍ വമ്പന്‍ ഷോട്ട് കളിച്ച അദ്ദേഹം ലോങ്ഓണ്‍ ഏരിയയിലൂടെ ബൗണ്ടറിയും കണ്ടെത്തി. പക്ഷെ അടുത്ത ബോളിലും മറ്റൊരു വലിയ ഷോട്ടിനു ശ്രമിച്ച് ശ്രേയസ് പുറത്തായി. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ റിസ്‌ക്കി ഷോട്ട് കളിച്ച അദ്ദേഹത്തിനു ടൈമിങ് പാളിയപ്പോള്‍ ലോങ്ഓഫില്‍ യശസ്വി ജയ്‌സ്വാള്‍ അനായാസം പിടികൂടി.
തൊട്ടുമുമ്പത്തെ ഓവറില്‍ ഹസരംഗ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് ഇത്തരമൊരു ഷോട്ട് കളിക്കാന്‍ ശ്രേയസിനെ പ്രേരിപ്പിച്ചത്. പരാഗിനെ വച്ച് സഞ്ജു തയ്യാറാക്കിയ കെണിയില്‍ അദ്ദേഹം കുരുങ്ങുകയും ചെയ്തു. ഹസരംഗയുടെ ഓവര്‍ മുതല്‍ വെറും ആറു ബോളുകള്‍ക്കിടയിലാണ് അദ്ദേഹത്തെ സഞ്ജു പവലിയനിലേക്കു മടക്കിയത്.