ഐപിഎല്ലിന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നതിനു ശേഷം ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതിനെ കുറിച്ചാണ്. ജോസ് ദി ബോസെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തെ റോയല്‍സ് ഉറപ്പായും നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പട്ടിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ബട്‌ലറിനെ അവര്‍ കൈവിടുകയായിരുന്നു.
നായകന്‍ സഞ്ജു സാംസണുള്‍പ്പെടെ ആറു പേരെയാണ് റോയല്‍സ് മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയത്. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരാണ് റോയല്‍സ് നിലനിര്‍ത്തിയത്. റോയല്‍സില്‍ നിന്നുള്ള പടിയിറക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ബട്‌ലര്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഇതിനോടുള്ള സഞ്ജുവിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബട്‌ലറുടെ പോസ്റ്റ്
രാജസ്ഥാന്‍ റോയല്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിക്കുന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലാണ് ജോസ് ബട്‌ലര്‍ പോസ്റ്റിട്ടത്. റോയല്‍സിനൊപ്പമുള്ള മനോഹരമായ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും അദ്ദേഹം ഇതോടൊപ്പം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതു അവസാനമാണെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷം ഒരുമിച്ചുള്ള അവിശ്വസനീയ സീസണുകള്‍ക്കു രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി.
എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളുലൊന്നായാണ് 2018 തുടങ്ങിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട പല ഓര്‍മകളും പിങ്ക് ജഴ്‌സിയിലായിരുന്നു. എന്നെയും കുടുംബത്തെയും ഇരുകൈകളും നീട്ടി സ്വീകരിച്ചതിനു നന്ദി. ഇനിയും ഒരുപാട് എഴുതാന്‍ കഴിയും പക്ഷെ ഇവിടെ നിര്‍ത്താം എന്നായിരുന്നു പിങ്ക് നിറത്തിലുള്ള ഹൃദയത്തിന്റെ ഇജോമിക്കൊപ്പം ജോസ് ബട്‌ലര്‍ കുറിച്ചത്.
പ്രതികരിച്ച് സഞ്ജു
രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഏഴു വര്‍ഷത്തെ ഐപിഎല്‍ കരിയറിനെക്കുറിച്ചുള്ള ജോസ് ബട്‌ലറുടെ പോസ്റ്റിനോടു വളരെ വൈകാരികമായിട്ടാണ് നായകന്‍ സഞ്ജു സാംസണിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ഹൃദയം തകര്‍ന്ന ഇമോജിയോടെയായിരുന്നു സഞ്ജു തന്റെ വികാരം പ്രകടിപ്പിച്ചത്.

സഞ്ജുവുമായി വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന താരമാണ് ബട്‌ലര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളി താരത്തേക്കാള്‍ ഒരുപാട് സീനിയറും ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റനുമായിട്ടും കീഴില്‍ കളിക്കാന്‍ യാതൊരു ഈഗോ പ്രശ്‌നങ്ങളും ബട്‌ലര്‍ക്കില്ലായിരുന്നു. മാത്രമല്ല ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം സഞ്ജുവിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
റോയല്‍സ് കരിയര്‍
2018ലെ ഐപിഎല്‍ മെഗാ ലേലത്തിലാണ് ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാത്. പിന്നീട് അവരുടെ കുടുംബത്തിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു അദ്ദേഹം. ബട്‌ലറുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളെല്ലാം കണ്ടിട്ടുള്ളതും റോയല്‍സ് ജഴ്‌സിയിലാണ്. കഴിഞ്ഞ സീസണിലുള്‍പ്പെടെ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.
2022ലെ ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിച്ച റോയല്‍സ് ടീം റണ്ണറപ്പായി മാറിയപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ച പ്രധാന താരങ്ങളിലൊരാളായിരുന്നു ബട്‌ലര്‍. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു. 17 മല്‍സങ്ങളില്‍ നിന്നും 57.53 ശരാശരിയില്‍ 149.05 സ്‌ട്രൈ്ക്ക് റേറ്റോടെ 863 റണ്‍സാണ് ബട്‌ലര്‍ വാരിക്കൂട്ടിയത്. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
2018ല്‍ റോയല്‍സിനൊപ്പമുള്ള കന്നി സീസണില്‍ തന്നെ റണ്‍വേട്ടയോടെയാണ് അദ്ദേഹം തുടങ്ങിയത്. 13 മല്‍സരങ്ങൡ നിന്നും 155.24 സ്‌ട്രൈക്ക് റേറ്റോടെ 548 റണ്‍സ് ബട്‌ലര്‍ അടിച്ചെടുത്തിരുന്നു. 2019ല്‍ 311ഉം 2021ല്‍ 254ഉം 2022ല്‍ 863ഉം 2023ല്‍ 392ഉം കഴിഞ്ഞ സീസണില്‍ 359ഉം റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.