ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ രണ്ട് മത്സരം തോറ്റ രാജസ്ഥാന്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരേ 50 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 204 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റിന് 155 റണ്‍സാണ് നേടാനായത്.
മത്സരത്തില്‍ യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 67 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. മോശം ഫോമിലായിരുന്ന ജയ്‌സ്വാള്‍ സഞ്ജു നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മോശം ഫോമിലായിരുന്ന ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളോടെ പഞ്ചാബിന്റെ അന്തകനായി മാറുന്നതാണ് കണ്ടത്. പഞ്ചാബിനെതിരേ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ നായകന്‍ സഞ്ജു സാംസണിന്റെ പ്രവചനം കൃത്യമാകുന്നതാണ് കണ്ടത്. ഇത് എന്താണെന്ന് നോക്കാം.
ജയ്‌സ്വാള്‍ ഹീറോയാവുമെന്ന് പ്രവചിച്ചു
പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ സഞ്ജുവിനെതിരേ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളിലൊന്ന് യശ്വസി ജയ്‌സ്വാളിന്റെ ഫോമാണ്. വെടിക്കെട്ട് ഓപ്പണര്‍ ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാന് തലവേദനയാകുന്നതാണ് കാണാനായത്. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് സഞ്ജു സാംസണ്‍ ജയ്‌സ്വാളിനെ പിന്തുണച്ചിരുന്നു.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ജയ്‌സ്വാള്‍ രാജസ്ഥാന്റെ ഹീറോയാവുമെന്നാണ് സഞ്ജു മാധ്യമങ്ങളോട് പറഞ്ഞത്. ജയ്‌സ്വാള്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്തുന്നുണ്ടെന്നും അവനെ പുറത്താക്കാന്‍ ബൗളര്‍മാര്‍ നന്നായി പ്രയാസപ്പെടുന്നുണ്ടെന്നുമാണ് സഞ്ജു പറഞ്ഞത്. ഇത് കൃത്യമായി ഫലിക്കുകയും ചെയ്തു. പഞ്ചാബിനെതിരേ ജയ്‌സ്വാള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജുവിനൊപ്പം ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ജയ്‌സ്വാളിന് സാധിച്ചു. സഞ്ജുവിന്റെ പിന്തുണയാണ് ജയ്‌സ്വാളിനെ ഫോമിലേക്കെത്തിച്ചതെന്ന് പറയാം.

ആര്‍ച്ചറുടെ ബൗളിങ്ങിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് സഞ്ജു സാംസണ്‍ ജോഫ്രാ ആര്‍ച്ചറുടെ ബൗളിങ്ങിനെ പ്രശംസിച്ചിരുന്നു. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആര്‍ച്ചര്‍ കാഴ്ചവെച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. പഞ്ചാബിനെതിരേ ആര്‍ച്ചറുടെ ബൗളിങ് രാജസ്ഥാന് കരുത്താവുമെന്ന് സഞ്ജു പറഞ്ഞിരുന്നു. ഇത് കൃത്യമായി ഫലിക്കുന്നതാണ് മത്സരത്തില്‍ കാണാനായത്.
ആദ്യ ഓവറില്‍ത്തന്നെ പഞ്ചാബ് കിങ്‌സിനെ ആര്‍ച്ചര്‍ വിറപ്പിച്ചു. യുവ ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയെ ആദ്യ പന്തില്‍ പുറത്താക്കിയ ആര്‍ച്ചര്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരേയും പുറത്താക്കി. ആദ്യ രണ്ട് മത്സരത്തിലും പുറത്താവാതെ നിന്ന ശ്രേയസിനെ മൂന്നാം മത്സരത്തില്‍ ആര്‍ച്ചര്‍ ഞെട്ടിച്ചു. രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചു. ജയ്‌സ്വാളിന്റേയും ആര്‍ച്ചറിന്റേയും മികച്ച പ്രകടനം സഞ്ജു നേരത്തെ പ്രവചിച്ചതുപോലെ തന്നെയായി എന്നതാണ് കൗതുകകരമായ കാര്യം.