ഹൈദരാബാദ്: ഐപിഎല്‍ 18ാം സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ രാജസ്ഥാന്‍ ആതിഥേയരായ ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. പതിവ് പോലെ വെടിക്കെട്ട് തുടക്കമാണ് ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് അടിച്ചെടുത്തത്.
അഭിഷേക് ശര്‍മ 11 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സെടുത്ത് പുറത്തായി. മഹേഷ് തീക്ഷണയുടെ പന്തില്‍ യശ്വസി ജയ്‌സ്വാളിന്റെ ക്യാച്ചിലാണ് അഭിഷേക് പുറത്തായത്. എന്നാല്‍ അഭിഷേക് മടങ്ങിയ ശേഷവും പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ടോടെ ഹൈദരാബാദ് കത്തിക്കയറി. ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തിയതോടെ പവര്‍പ്ലേയില്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗമായി.
പവര്‍പ്ലേയില്‍ ഹൈദരാബാദ് വെടിക്കെട്ട് നടത്തുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി ഹൈദരാബാദ് മിന്നിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഹൈദരാബാദിന് കടന്നാക്രമിച്ച് കളിക്കാന്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന്റെ മണ്ടത്തരം സഹായിച്ചിട്ടുണ്ടെന്ന് പറയാം.
ആര്‍ച്ചറെയും തുഷാറിനേയും തുടക്കത്തിലേ ഉപയോഗിച്ചില്ല
രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ രണ്ട് താരങ്ങളാണ് ന്യൂബോളില്‍ ഏറ്റവും മികവ് കാട്ടുന്നത്. അത് ജോഫ്രാ ആര്‍ച്ചറും തുഷാര്‍ ദെശപാണ്ഡെയുമാണ്. അഭിഷേക് ശര്‍മയും ഹെഡും കടന്നാക്രമിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ തുടക്കത്തിലേ ഇവരെ മടക്കാന്‍ ഏറ്റവും മികച്ച ബൗളര്‍മാരെ തുടക്കത്തിലേ ഉപയോഗിക്കണം. അഞ്ചാം ഓവറിലാണ് ആര്‍ച്ചറെ രാജസ്ഥാന്‍ കൊണ്ടുവരുന്നത്. അപ്പോഴേക്കും ഹെഡ് നിലയുറപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ 23 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. തുഷാര്‍ ദെശപാണ്ഡെ ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ബൗളറാണ്. സിഎസ്‌കെയ്ക്കായി മിന്നിച്ച താരത്തെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ ഒരോവര്‍ പോലും ദെശപാണ്ഡെക്ക് ലഭിച്ചില്ല. സന്ദീപ് ശര്‍മയാണ് മറ്റൊരു തുറുപ്പുചീട്ട്. സ്വിങ് കണ്ടെത്തുന്ന ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കെല്‍പ്പുള്ള സീനിയര്‍ ബൗളറാണ് സന്ദീപ്. താരത്തിനും അവസരം നല്‍കിയില്ല.
പ്രധാന ബൗളര്‍മാരെ തഴഞ്ഞ് ഫസല്‍ഹഖ് ഫറൂഖിയില്‍ പരാഗ് വിശ്വാസം അര്‍പ്പിച്ചത് ലോക മണ്ടത്തരമായിപ്പോയി. ഇത് തെളിയിക്കുന്ന തരത്തിലായിരുന്നു ഹൈദരാബാദിന്റെ പ്രകടനം. 94 റണ്‍സാണ് പവര്‍പ്ലേയില്‍ ഹൈദരാബാദ് അടിച്ചെടുത്തത്. ഇതിന് കാരണം പരാഗ് ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാത്തതാണെന്ന് പറയാം.

മഹേഷ് തീക്ഷണക്ക് മൂന്ന് ഓവര്‍ എന്തിന് നല്‍കി?
പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കുന്ന ടീമാണ് ഹൈദരാബാദ്. ട്രാവിസ് ഹെഡിനെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്പിന്നിനെ കൊണ്ടുവരുന്നത് തന്നെ ലോക മണ്ടത്തരമാണ്. അപ്പോഴാണ് മൂന്ന് ഓവര്‍ സ്പിന്നര്‍ക്ക് കൊടുക്കുന്നത്. അഭിഷേക് ശര്‍മയുടെ വിക്കറ്റ് നേടിയെങ്കിലും പവര്‍പ്ലേയിലെ മൂന്ന് ഓവറില്‍ 40 റണ്‍സാണ് മഹേഷ് തീക്ഷണ വിട്ടുകൊടുത്തത്. ഇതില്‍ രണ്ട് നോബോളും ഉള്‍പ്പെടും. ട്രാവിസ് ഹെഡ് കടന്നാക്രമിച്ചപ്പോള്‍ വ്യക്തമായ പദ്ധതികളില്ലാതെ പരാഗ് വിയര്‍ത്തുവെന്ന് പറയാം.
മികച്ച ബൗളിങ് ചെയ്ഞ്ചുകള്‍ വരുത്തി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. രാജസ്ഥാന്റെ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും ഹൈദരാബാദിന് കരുത്തായി. സമ്മര്‍ദ്ദമില്ലെന്ന് തോന്നിപ്പിക്കാന്‍ പരാഗ് ശ്രമിക്കുമ്പോഴും താരത്തിന്റെ ശരീര ഭാഷയില്‍ നായകന്റെ ഭാരം വ്യക്തമായിരുന്നു. ഹെഡിന് തുടക്കത്തിലേ പ്രതിരോധം തീര്‍ക്കാതെ സ്വാതന്ത്ര്യത്തോടെ കളിക്കാനും നിലയുറപ്പിക്കാനും അവസരം നല്‍കിയത് പരാഗിന്റെ പാളിച്ചയാണെന്ന് പറയാം.
സഞ്ജുവുണ്ടായിരുന്നെങ്കിലെന്ന് ആരാധകര്‍
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാതെ വന്നതോടെയാണ് റിയാന്‍ പരാഗ് നായകനാവുന്നത്. ഐപിഎല്ലില്‍ തുടക്കക്കാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള നായകനാണ് പരാഗ്. എന്നാല്‍ ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പൂട്ടിക്കെട്ടാനുള്ള അനുഭവസമ്പത്ത് പരാഗിന്റെ ക്യാപ്റ്റന്‍സിക്കില്ലെന്ന് തന്നെ പറയാം. ഇതിന്റെ തെളിവാണ് ഇന്ന് കണ്ട വെടിക്കെട്ട്.