IPL 2025: മണ്ടത്തരങ്ങളുടെ ഘോഷയാത്ര, പരാഗിനെ പുറത്താക്കൂ! രാജസ്ഥാന്‍ ഫാന്‍സ് കട്ടകലിപ്പില്‍
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കെകെആര്‍ 15 പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം നേടിയെടുത്തത്.
രാജസ്ഥാന്റെ സ്വന്തം തട്ടകത്തില്‍ ഒരു ആതിഥേയ താരം പോലും അര്‍ധ സെഞ്ച്വറി നേടിയില്ല. എന്നാല്‍ ഈ പിച്ചിലാണ് പുറത്താവാതെ 97 റണ്‍സുമായി ക്വിന്റന്‍ ഡീകോക്ക് മിന്നിച്ചത്. എന്തായാലും രാജസ്ഥാന്‍ റോയല്‍ലിന് വലിയ നാണക്കേടാവുന്ന തോല്‍വിയാണിത്. കെകെആറിനെതിരായ രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ റിയാന്‍ പരാഗിനെതിരേയാണ് വലിയ വിമര്‍ശനം ഉയരുന്നത്. പരാഗിന്റെ വലിയ പിഴവുകള്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം.
ഹസരങ്കയെ പവര്‍പ്ലേയില്‍ ഉപയോഗിച്ചില്ല
വനിന്‍ഡു ഹസരങ്ക പവര്‍പ്ലേയില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള ബൗളറാണ്. പിച്ചില്‍ ടേണുണ്ടായിരുന്നതിനാല്‍ ഹസരങ്കക്ക് മികവ് കാട്ടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് പവര്‍പ്ലേയില്‍ സ്വയം പന്തെടുത്തപ്പോഴും ഹസരങ്കക്ക് അവസരം നല്‍കിയില്ല. ടീമിലെ സുപ്രധാന സ്പിന്നറെ വേണ്ടവിധം ഉപയോഗിക്കാന്‍ പരാഗിന് സാധിച്ചില്ലെന്ന് തന്നെ പറയാം. നായകനെന്ന നിലയില്‍ പരാഗ് കാട്ടിയ തെറ്റായ തീരുമാനമാണിത്. കെകെആര്‍ ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തിലേ സ്പിന്നിനെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരമാണ് പരാഗ് നഷ്ടപ്പെടുത്തിയത്.
തുഷാര്‍ ദെശപാണ്ഡെ വാട്ടര്‍ ബോയി അല്ല
സിഎസ്‌കെയ്ക്കായി പവര്‍പ്ലേയില്‍ മിന്നും പ്രകടനം നടത്തിയ പേസറാണ് തുഷാര്‍ ദെശപാണ്ഡെ. അല്‍പ്പം സ്വിങ് കൂടിയുള്ള പിച്ചില്‍ മികവ് കാട്ടാന്‍ തുഷാറിന് പ്രത്യേക മികവുണ്ട്. പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ മിടുക്കുള്ള ബൗളറാണ് തുഷാര്‍. എന്നാല്‍ കെകെആറിനെതിരേ ആദ്യ 13 ഓവറില്‍പ്പോലും തുഷാര്‍ ദെശപാണ്ഡെക്ക് അവസരം നല്‍കിയില്ല. ചെറിയ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ മുന്നോട്ട് വെച്ചത്. അതുകൊണ്ട് വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന് സാധിക്കേണ്ടിയിരുന്നു.

photocredit: Screen Shot from jio hot star
ഈ സാഹചര്യത്തിലും തുഷാറിനെ റിയാന്‍ പരാഗ് തഴഞ്ഞുവെന്നതാണ് അത്ഭുതം. തുഷാറിന് ഓവര്‍ നല്‍കാത്തത് കമന്റേറ്റര്‍മാരടക്കം പരാമര്‍ശിച്ചിട്ടും അവസരം നല്‍കാതെ പരാഗ് തഴഞ്ഞു. ഡെത്തോവറുകളില്‍ തുഷാറിനെ ഉപയോഗിച്ച് കളി പിടിക്കാമെന്ന തന്ത്രമായിരുന്നു പരാഗിനെങ്കിലും ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങുമ്പോള്‍ ഫലപ്രദമായ തന്ത്രമാണിതെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം പരാഗിനെതിരേ ഉയരുന്നു.
സന്ദീപ് ശര്‍മയേയും വേണ്ടവിധം ഉപയോഗിച്ചില്ല. പവര്‍പ്ലേയിലെ അവസാന ഓവര്‍ നല്‍കിയ ശേഷം 14ാം ഓവറിലാണ് സന്ദീപിനെ തിരിച്ചുവിളിക്കുന്നത്. അപ്പോഴേക്കും കെകെആര്‍ സ്‌കോര്‍ 100 മറികടന്നിരുന്നു. എന്തായാലും പരാഗിന്റെ നായകനെന്ന നിലയിലെ നീക്കങ്ങള്‍ ടീമിന് ഗുണകരമായില്ലെന്ന് നിസംശയം പറയാം.
പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍
റിയാന്‍ പരാഗിന്റെ മോശം തീരുമാനങ്ങള്‍ രാജസ്ഥാനെ പിന്നോട്ട് അടിക്കുന്നതാണ് കാണാനായത്. ഇതിനിടെ രസകരമായൊരു സംഭവവും നടന്നു. ഗ്യാലറിയില്‍ നിന്ന് സുരക്ഷാ സംവിധാനം മറികടന്നെത്തിയ ആരാധകര്‍ റിയാന്‍ പരാഗിന്റെ കാലില്‍ വീഴുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിലും പരാഗിനെതിരേ വലിയ ട്രോളുകളാണ് ഉയരുന്നത്. പരാഗ് പണം നല്‍കി ഏല്‍പ്പിച്ച ആരാധകനാണ് ഇതെന്നാണ് ആരാധകര്‍ ട്രോളുന്നത്.
പരാഗ് നയിച്ചാല്‍ ഇത്തവണ രാജസ്ഥാന് 10ാം സ്ഥാനതെത്താനെ സാധിക്കുകയുള്ളൂവെന്നും സഞ്ജു സാംസണ്‍ വേഗം ഫിറ്റ്‌നസിലേക്കെത്തട്ടേയെന്നുമാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും പരാഗ് പരാജയമാണ്. ഈ നായക മികവുകൊണ്ട് രരാജസ്ഥാന് ഇത്തവണ പ്ലേ ഓഫിലെത്താന്‍ സാധിക്കില്ലെന്ന് ഉറപ്പാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications