ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മൂന്നു കളിയിലും റിയാന്‍ പരാഗിന്റെ കീഴില്‍ ശരാശരി ടീമായി കാണപ്പെട്ട റോയല്‍സ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ വളരെ അപടകാരികളായാണ് കാണപ്പെട്ടത്.
ടോസിനു ശേഷം ബാറ്റിങിനയപ്പെട്ട റോയല്‍സ് 206 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് പഞ്ചാബിനു നല്‍കിയത്. പഞ്ചാബിന്റെ ഹോംഗ്രൗണ്ട് കൂടിയായ ഈ വേദിയില്‍ ആദ്യമായാണ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം 200 പ്ലസ് റണ്‍സ് നേടിയത്. ടീമിനെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് മൂന്നാമനായി ബാറ്റ് ചെയ്ത റിയാന്‍ പരാഗ്.

പുറത്താവാതെ 43 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 25 ബോളുകള്‍ നേരിട്ട പരാഗിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. പക്ഷെ ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായാണ് അദ്ദേഹം കാണപ്പെട്ടത്. എന്നാല്‍ ഇന്നിങ്‌സ് കഴിയുമ്പോഴേക്കും ദുരന്തത്തില്‍ നിന്നും പരാഗ് ഹീറോയായ മാറി. ഇതു എങ്ങനെയെന്നു നോക്കാം.
ക്ലൈമാക്‌സിലേക്കു കത്തിക്കയറി
ലോക്കി ഫെര്‍ഗൂസനെറിഞ്ഞ 11ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താവലിനു ശേഷമാണ് മൂന്നാമനായി റിയാന്‍ പരാഗ് ക്രീസിലെത്തിയത്. തൊട്ടമുമ്പത്തെ കളിയില്‍ ഫിഫ്റ്റി പ്ലസ് നേടിയ നിതീഷ് റാണയ്ക്കു പകരമാണ് പരാഗിനെ റോയല്‍സ് വണ്‍ഡൗണായി പ്രൊമോട്ട് ചെയ്തത്. പക്ഷെ വളരെ സ്ലോ ബാറ്റിങാണ് താരം തുടക്കം മുതല്‍ കാഴ്ചവച്ചത്.
റണ്ണെടുക്കാന്‍ ശരിക്കും വിഷമിക്കുന്ന പരാഗിനെയാണ് ക്രീസില്‍ കണ്ടത്. ആദ്യത്തെ 14 ബോളുകളില്‍ നിന്നും താരത്തിനു നേടാനായത് വെറും 12 റണ്‍സ്. ഇതോടെ പരാഗിനെ റോയല്‍സ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങ് കാരണം റോയല്‍സിന്റെ റണ്‍റേറ്റും താഴേക്കു പോയി.
ഇതോടെ റോയല്‍സിന്റെ വില്ലനായി പരാഗ് മാറുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഇതിനു ശേഷം പുതിയൊരു പരാഗിനെയാണ് ക്രീസില്‍ കണ്ടത്. പഞ്ചാബ് ബൗളിങിനെ പഞ്ഞിക്കിട്ട അദ്ദേഹം അവസാനത്തെ 11 ബോളില്‍ വാരിക്കൂട്ടിയത് 31 റണ്‍സാണ്. 281.18 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഇതോടെയാണ് റോയല്‍സ് 205 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്.
അര്‍ഷ്ദീപ് സിങെറിഞ്ഞ 16ാമത്തെ ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും ബോളുകളില്‍ തുടരെ രണ്ടു ഫോറുകളടിച്ചാണ് പരാഗ് ബാറ്റിങില്‍ ഗിയര്‍ മാറിയതിന്റെ സൂചന നല്‍കിയത്. മാര്‍ക്കോ യാന്‍സണിന്റെ 18ാമത്തെ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയുംബോളുകളില്‍ രണ്ടു സിക്‌സറും താരം പറത്തി. 20ാം ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയും പരാഗ് തല്ലിച്ചതച്ചു. രണ്ടു സിക്‌സറും ഒരു ഫോറുമാണം താരം വാരിക്കൂട്ടിയത്. ഇതോടെ ഓവറില്‍ 19 റണ്‍സ് പഞ്ചാബിനു ലഭിക്കുകയും ചെയ്തു.