ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന താരമാണ് റിഷഭ് പന്ത്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനെ 27 കോടിക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിലേക്കെത്തിച്ചത്. കെ എല്‍ രാഹുലിനെ കൈവിട്ട് റിഷഭിനെ കൊണ്ടുവന്ന ലഖ്‌നൗ നായകസ്ഥാനവും താരത്തിന് നല്‍കി. വലിയ പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്. മികച്ച റെക്കോഡും റിഷഭിന് ഐപിഎല്ലില്‍ അവകാശപ്പെടാനാവും.
എന്നാല്‍ ഇത്തവണ ലഖ്‌നൗവിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തുകയാണ് റിഷഭ്. മൂന്ന് മത്സരത്തില്‍ നിന്ന് ആകെ നേടിയത് വെറും 12 റണ്‍സാണ്. സൂപ്പര്‍ താരം ആകെ നേരിട്ടത് വെറും 16 പന്തുകളാണെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്ത് നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നത് ലഖ്‌നൗവിന് വലിയ തലവേദനയായിരിക്കുകയാണ്. വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച റിഷഭ് ഫ്‌ളോപ്പാവുന്നത് ലഖ്‌നൗവിനെ കാര്യമായി ബാധിക്കുന്നുമുണ്ട്.
ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനം റിഷഭ് തുടരുമ്പോള്‍ സഞ്ജു സാംസണ്‍ സന്തോഷവാനാണെന്ന് പറയാം. സഞ്ജുവിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമായ റിഷഭിന്റെ ഫ്‌ളോപ്പ് ഷോ സഞ്ജുവിന്റെ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനത്തിനുള്ള ഭീഷണി കുറക്കുകയാണെന്ന് പറയാം.
സഞ്ജുവിന്റെ ടി20 ടീമിലെ സ്ഥാനം സുരക്ഷിതം
ഇന്ത്യന്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ സഞ്ജു സാംസണെയാണ് ടി20 ടീമില്‍ കൂടുതല്‍ പിന്തുണക്കുന്നത്. ഓപ്പണര്‍ സ്ഥാനവും സഞ്ജുവിന് നല്‍കിയപ്പോള്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ റിഷഭ് പന്തിനെ ടി20 ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരേ ഗംഭീറിന് മുകളിലും സമ്മര്‍ദ്ദം ഏറെയായിരുന്നു.

ഇന്ത്യക്ക് ടി20യില്‍ വേണ്ടാത്ത റിഷഭ് ഐപിഎല്ലിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായപ്പോള്‍ ഗംഭീറിന് മുകളില്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ റിഷഭ് ഫ്‌ളോപ്പ് ഷോ തുടരുന്നതോടെ സഞ്ജുവിന്റെ ടി20 ടീമിലെ സ്ഥാനത്തിനുള്ള ഭീഷണി കുറയുകയാണ്. റിഷഭിന്റെ ഐപിഎല്ലിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി ഇനിയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഗംഭീറിന് സാധിക്കും. റിഷഭിന്റെ മോശം പ്രകടനം സഞ്ജുവിന്റെ ടി20 ടീമിലെ സീറ്റ് ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് നിസംശയം പറയാം.
ഇഷാനും സ്ഥിരത കാട്ടാനാവുന്നില്ല
ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് ഐപിഎല്ലിലേക്ക് വരവറിയിച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇഷാന്‍ കാഴ്ചവെച്ചത്. സഞ്ജു സാംസണിന് ഇഷാന്റെ മോശം പ്രകടനവും ഗുണകരമാണ്. ഇഷാന്‍ ഓപ്പണര്‍ റോളില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ്. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനമാണ് ഇഷാനും നോട്ടമിടുന്നത്. എന്നാല്‍ ഇഷാനും ഫ്‌ളോപ്പ് ഷോ തുടരുമ്പോള്‍ സഞ്ജുവിന് മുകളില്‍ സമ്മര്‍ദ്ദം കുറയുന്നു.
സഞ്ജുവിന്റെ പ്രശ്‌നവും സ്ഥിരതയാണ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരത്തിലും കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഇനിയുള്ള മത്സരങ്ങളില്‍ സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനം നടത്താനായാല്‍ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനും അത് ഗുണകരമായി മാറും. നിലവില്‍ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ മികവ് തുടരാന്‍ സാധിച്ചാല്‍ ഏകദിന ടീമിലേക്കെത്തുകയെന്നതും സഞ്ജുവിന് ദുഷ്‌കരമായിരിക്കില്ല.
ജിതേഷ് ശര്‍മയാണ് നിലവില്‍ സഞ്ജുവിന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു കീപ്പര്‍. ആര്‍സിബിക്കൊപ്പം ഭേദപ്പെട്ട പ്രകടനം ജിതേഷ് നടത്തുന്നു. സഞ്ജുവിന് ഭീഷണി ഉയര്‍ത്തുന്ന മറ്റ് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും മോശം ഫോമിലാണുള്ളത്. ഇതെല്ലാം സഞ്ജുവിന് ഗുണകരമാവുമെന്ന് തന്നെ വിലയിരുത്താം.