മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 45ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് തട്ടകത്തില്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. റിയാന്‍ റിക്കില്‍ട്ടനും രോഹിത് ശര്‍മയും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. മിന്നും ഫോമിലായിരുന്ന രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പരിക്കിന്റെ നീള ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ മായങ്ക് യാദവാണ് രോഹിത്തിനെ പുറത്താക്കിയത്.
മായങ്ക് മികച്ച പേസാക്രമണമാണ് നടത്തിയത്. തുടര്‍ച്ചയായി 141 വേഗം കുറിക്കാന്‍ മായങ്കിന് സാധിച്ചു. മൂന്നാം ഓവറില്‍ രോഹിത് ശര്‍മ സ്‌ട്രൈക്കില്‍ നില്‍ക്കവെ മായങ്ക് യാദവാണ് പന്തെറിയാനെത്തിയത്. ആദ്യ പന്ത് വൈഡാണ് മായങ്ക് എറിഞ്ഞത്. ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയ രോഹിത് രണ്ടാം പന്തും അതിര്‍ത്തി കടത്തി. അതിവേഗ ഷോര്‍ട്ട് ബോളുകളിലൂടെ രോഹിത്തിനെ പൂട്ടാനാണ് മായങ്ക് ശ്രമിച്ചത്. എന്നാല്‍ ഈ തന്ത്രം ഫലം കണ്ടില്ല.
ഇതോടെ മായങ്ക് യാദവ് മാസ്റ്റര്‍ പ്ലാന്‍ പുറത്തെടുക്കുകയായിരുന്നു. ഓഫ്‌സൈഡില്‍ സ്ലോ ബോളുകളിലൂടെ രോഹിത്തിനെ പൂട്ടാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഫലം കാണുകയായിരുന്നു. അപ്രതീക്ഷിതമായി വേഗം കുറഞ്ഞെത്തിയ പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച രോഹിത് പ്രിന്‍സ് യാദവിന്റെ ക്യാച്ചിലാണ് മടങ്ങിയത്.
റിഷഭിന്റെ തന്ത്രമാണ് ഫലം കണ്ടത്
രോഹിത് ശര്‍മ ക്രീസിലെത്തിയ ശേഷമുള്ള രണ്ട് പന്തുകളും സിക്‌സര്‍ പായിച്ചതോടെ മായങ്കിന് സ്ലോ ബോള്‍ എറിയാന്‍ നിര്‍ദേശം നല്‍കിയത് നായകന്‍ റിഷഭ് പന്താണ്. വിക്കറ്റിന് പിന്നില്‍ നിന്ന് റിഷഭ് പന്ത് കൃത്യമായ സന്ദേശം നല്‍കിയത് അതുപോലെ നടപ്പിലാക്കാന്‍ മായങ്ക് യാദവിനായി. ഓഫ് സൈഡില്‍ വെഡ് സ്ലോ ബോളുകളാണ് മായങ്ക് എറിഞ്ഞത്. സ്ലോ ബോളെറിഞ്ഞ രണ്ട് പന്തുകളും രോഹിത് ഡോട്ട് ബോളാക്കി. ഇതോടെ മൂന്നാം പന്തിലും ഇതേ തന്ത്രം തുടര്‍ന്നു.
റിഷഭിന്റെ നിര്‍ദേശം അനുസരിച്ച് വൈഡ് സ്ലോ ബോള്‍ എറിഞ്ഞപ്പോള്‍ പന്തിന് വേഗം ഉണ്ടാവുമെന്ന് കരുതി കട്ട് ഷോട്ട് കളിക്കാനാണ് രോഹിത് ശ്രമിച്ചത്. എന്നാല്‍ കൃത്യമായ സ്ഥലത്ത് ഫീല്‍ഡറെ വിന്യസിച്ച റിഷഭ് പന്തിന് പിഴച്ചില്ല. പ്രിന്‍സിന്റെ കൈയിലേക്ക് കൃത്യമായി രോഹിത് ക്യാച്ച് നല്‍കുകയായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭ് മിന്നിക്കുന്നില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ താരത്തിന്റെ നീക്കങ്ങളെല്ലാം വീണ്ടും ഫലം കാണുന്നതാണ് മത്സരത്തില്‍ കണ്ടത്.
ക്യാപ്റ്റന്റെ ദീര്‍ഘ വീക്ഷണമാണ് രോഹിത്തിന്റെ വിക്കറ്റിലേക്കെത്തിച്ചത്. ഹാട്രിക് അര്‍ധ സെഞ്ച്വറിയെന്ന രോഹിത് ശര്‍മയുടെ മോഹമാണ് അവസാനിച്ചത്. കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ഫിഫ്റ്റിയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനായിരുന്നു. എന്നാല്‍ ലഖ്‌നൗവിനെതിരേ രണ്ട് സിക്‌സര്‍ പറത്തിയിട്ടും വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കാതെ പോയതാണ് നിരാശപ്പെടുത്തുന്നത്.

രോഹിത്തിനായി ആര്‍പ്പുവിളിച്ച് ആരാധകര്‍
മുംബൈയുടെ മത്സരം കാണാന്‍ അംബാനി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരെല്ലാം രോഹിത് ശര്‍മയുടെ വെടിക്കെട്ട് കാണാനാണ് കാത്തിരുന്നത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ രണ്ട് സിക്‌സര്‍ പറത്തിയതോടെ ഗ്യാലറിയില്‍ രോഹിത്തിനായുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ വലിയ സ്‌കോറിലേക്ക് ഉയരാനാവാതെ രോഹിത്തിന് മടങ്ങേണ്ടി വന്നു. മടങ്ങിവരവില്‍ മായങ്ക് യാദവ് മികവ് കാട്ടിയത് ഇന്ത്യന്‍ ടീമിനും പ്രതീക്ഷ നല്‍കുന്നതാണ്.
സ്ഥിരതയോടെ ഇത്രയും വേഗത്തില്‍ പന്തെറിയുന്ന ഇന്ത്യന്‍ പേസര്‍മാര്‍ കുറവാണ്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസണിലൂടെത്തന്നെ മായങ്കിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. മടങ്ങിവരവില്‍ ഇക്കോണമി അല്‍പ്പം മോശമായെങ്കിലും മികച്ച വേഗം കണ്ടെത്താന്‍ ഇപ്പോഴും താരത്തിന് സാധിക്കുന്നുണ്ട്. ഇതേ വേഗം നിലനിര്‍ത്തിയാല്‍ അടുത്ത ടി20 ലോകകപ്പില്‍ മായങ്കിന് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കാം.