ലഖ്‌നൗ: ഐപിഎല്ലിലെ 26ാമത്തെ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ തകര്‍പ്പന്‍ തുടക്കമാണ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ചാംപ്യന്‍മാരുമായ ഗുജറാത്ത് ടൈറ്റന്‍സിനു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി വലിയ ടോട്ടലിലേക്കു മുന്നേറുകയാണ്. വിക്കറ്റ് നഷ്ടമില്ലാതെ അവരുടെ ടീം ടോട്ടല്‍ 100 റണ്‍സ് പിന്നിട്ടു കഴിഞ്ഞു.
എല്‍എസ്ജി നായകന്‍ റിഷഭ് പന്തിന്റെ വലിയൊരു പിഴവും ജിടിയെ സഹായിച്ചിട്ടുള്ളതായി കാണാം. ബൗളിങ് റൊട്ടേഷനുകളില്‍ പതിവു പോലെ കളിയിലും അദ്ദേഹം വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. റിഷഭിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഏറ്റവും വലിയ പിഴവ് എന്താണെന്നു നോക്കാം.

റിഷഭിന്റെ പിഴവ്
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മിന്നുന്ന ഫോമിലുള്ള സായ് സുദര്‍ശനും ചേര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി വീണ്ടും ഓപ്പണിങില്‍ ഇറങ്ങിയത്. ശ്രദ്ധയോടെ തുടങ്ങിയ ശേഷം ഇരുവരും സ്‌കോറിങിന്റെ വേഗത ഉയര്‍ത്തുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂറും ആകാശ്ദീപും ചേര്‍ന്നാണ് ജിടിക്കു വേണ്ടി ന്യൂബോള്‍ എറിയാനെത്തിയത്. ആദ്യ മൂന്നോവറില്‍ 26 റണ്‍സാണ് ഇവര്‍ വിട്ടുകൊടുത്ത്. നാലാം ഓവറില്‍ തന്നെ എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് സ്പിന്നറെ കൊണ്ടു വന്നു.
ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ ദിഗ്വേഷ് റാട്ടിയാണ് നാലം ഓവര്‍ എറിഞ്ഞത്. അവസാന ബോളില്‍ സുദര്‍ശന്‍ ബൗണ്ടറിയടിച്ചെങ്കിലും ഓവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തുള്ളൂ. അദ്ദേഹത്തെ നേരിടാന്‍ ജിടി ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ റാട്ടിക്കു വീണ്ടും ഓവറുകള്‍ നല്‍കേണ്ടതും പ്രധാനമായിരുന്നു. പക്ഷെ റിഷഭ് ഇതു ചെയ്തില്ല.
അഞ്ചാം ഓവര്‍ എറിഞ്ഞ ആകാശ്ദീപ് ഒമ്പതു റണ്‍സ് വിട്ടുകൊടുത്തു. അടുത്ത ഓവറില്‍ റാട്ടി വീണ്ടും പന്തെറിയുമെന്നു പ്രതീക്ഷിച്ചെങ്കിലും റിഷഭിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. പേസര്‍ ആവേശ് ഖാനെ കൊണ്ടാണ് അദ്ദേഹം പന്തെറിയിച്ചത്. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ആവേശിനായില്ല. 10 റണ്‍സ് ഈ ഓവറില്‍ താരം വിട്ടുകൊടുത്തു. പവര്‍പ്ലേയ്ക്കു ശേഷം തന്റെ മറ്റൊരു സ്പിന്നറായ രവി ബിഷ്‌നോയിയെയാണ് റിഷഭ് പരീക്ഷിച്ചത്. രണ്ടു ഫോറുകളടക്കം 12 റണ്‍സ് ജിടി ഈ ഓവറില്‍ വാരിക്കൂട്ടി.

എന്നിട്ടും റാട്ടിയെ രണ്ടാം സ്‌പെല്ലിനെ വിളിക്കാതെ പാര്‍ട്ട് ടൈം ബൗളറായ എയ്ഡന്‍ മാര്‍ക്രമിനെ വച്ച് റിഷഭ് ചൂതാട്ടം നടത്തുകയായിരുന്നു. ഇതു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഒരു ഫോറും സിക്‌സറുമടക്കം 15 റണ്‍സ് ജിടി വാരിക്കൂട്ടുകയും ചെയ്തു. റാട്ടിയെ ബൗളിങിനു കൊണ്ടുവരാതെ മറ്റുള്ളവരെ വച്ച് റിഷഭി നടത്തിയ പരീക്ഷണം കാരണം മൂന്നോറില്‍ 37 റണ്‍സാണ് ജിടി അടിച്ചെടുത്തത്.
ഒമ്പതാം ഓവറില്‍ റാട്ടിയെ തിരികെ കൊണ്ടുവരുമ്പോഴേക്കും ജിടിയുടെ ടോട്ടല്‍ 81 റണ്‍സിലെത്തിയിരുന്നു. കുറേക്കൂടി നേരത്തേ അദ്ദേഹത്തെ പരീക്ഷിച്ചിരുന്നെങ്കില്‍ എല്‍എസ്ജിക്കു നേരത്തേ തന്നെ ബ്രേക്ക്ത്രൂ ലഭിക്കേണ്ടതായിരുന്നു.