ബംഗളൂരു: ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ താരങ്ങളുടെ നിരയാണ് ആര്‍സിബി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ആര്‍സിബിക്കൊപ്പം വിരാട് കോലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്സ്, കെ എല്‍ രാഹുല്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കിരീട ഭാഗ്യം ആര്‍സിബിക്ക് ഉണ്ടായിട്ടില്ല. ആര്‍സിബിക്ക് ഇത്തവണത്തെ മെഗാ ലേലത്തില്‍ അടിമുടി അഴിച്ചുപണിയാണ് ലക്ഷ്യംവെക്കുന്നത്.
നായകസ്ഥാനത്ത് നിന്ന് ഫഫ് ഡുപ്ലെസിസിനെയടക്കം പുറത്താക്കി വലിയ മാറ്റത്തിനാണ് ആര്‍സിബി ഒരുങ്ങുന്നത്. അടുത്ത സീസണിലെങ്കിലും ആര്‍സിബിക്ക് കന്നി കിരീടം നേടേണ്ടതായുണ്ട്. ആര്‍സിബിയുടെ വനിതാ ടീം വനിതാ പ്രീമിയര്‍ ലീഗില്‍ കപ്പും നേടിയതോടെ ആര്‍സിബിക്ക് മുകളിലുള്ള സമ്മര്‍ദ്ദം ഇരട്ടിയായിരിക്കുകയാണ്. അടുത്ത സീസണില്‍ എന്ത് വിലകൊടുത്തും ആര്‍സിബിക്ക് കപ്പ് നേടണം. ആര്‍സിബിക്ക് കിരീട നേട്ടത്തിലേക്കെത്താന്‍ എന്താണ് ചെയ്യാന്‍ സാധിക്കുക?
ടീമില്‍ മാറ്റം വരുത്തേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം ബൗളിങ് നിര അഴിച്ചുപണിയണം. പേസ് നിരയില്‍ മുഹമ്മദ് സിറാജാണ് ആര്‍സിബിയുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ടി20യില്‍ നിരാശപ്പെടുത്തുന്ന റെക്കോഡുള്ള താരമാണ് സിറാജ്. തല്ലുകൊള്ളിയായ സിറാജിനെ മുന്നില്‍ നിര്‍ത്തിയുള്ള ആര്‍സിബിയുടെ ബൗളിങ് പദ്ധതി പൊളിച്ചെഴുതണം. ട്രന്റ് ബോള്‍ട്ട്, ജോഫ്രാ ആര്‍ച്ചര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, തുടങ്ങിയ പേസര്‍മാരെല്ലാം മെഗാ ലേലത്തിലേക്കെത്തിപ്പെടുമെന്നാണ് വിവരം.
ഇവരെ ഒപ്പം കൂട്ടാന്‍ ആര്‍സിബിക്ക് സാധിക്കണം. ടി20യില്‍ മികച്ച റെക്കോഡുള്ള ഒന്നോ രണ്ടോ പേസര്‍മാരെങ്കിലും ആര്‍സിബിക്കൊപ്പം വേണം. അല്ലാത്ത പക്ഷം ബാറ്റ്സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയാലും ടീമിന് ജയിക്കാന്‍ സാധിക്കാതെ വരും. സ്പെഷ്യലിസ്റ്റ് സ്പിന്നറേയും ആര്‍സിബിക്ക് ആവശ്യമാണ്. യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞ ആര്‍സിബിക്ക് ആ റോളില്‍ ഉത്തമ പകരക്കാരനെ കണ്ടെത്താനായില്ല. ശക്തമായ ബൗളിങ് നിര സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് സാധിക്കണം.

രണ്ടാമത്തെ കാര്യം വൈകാരികമായി താരങ്ങളെ പരിഗണിക്കാതെ ഫോം വിലയിരുത്തി താരങ്ങളെ കളിപ്പിക്കണം. ഗ്ലെന്‍ മാക്സ് വെല്ലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ടി20യില്‍ ഓസ്ട്രേലിയക്കായി കസറുന്നുണ്ടെങ്കിലും മാക്സ് വെല്ലിന്റെ ഐപിഎല്ലിലെ കണക്കുകള്‍ മോശമാണ്. തന്റേതായ ദിവസം കസറാന്‍ കഴിവ് മാക്സ് വെല്ലിനുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്ന വിശ്വസ്തനായ ബാറ്റ്സ്മാനാണ് മാക്സ് വെല്ലെന്ന് പറയാനാവില്ല.
എന്നാല്‍ ആര്‍സിബി മാക്സ് വെല്ലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നു. ഫോം വിലയിരുത്താതെ വൈകാരികമായി താരങ്ങള്‍ക്ക് അവസരം നല്‍കുന്നത് ആര്‍സിബി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മറ്റൊരു കാര്യം സംതുലിതമായിരിക്കണം ടീം. ബാറ്റിങ് നിരയില്‍ അനാവശ്യമായി നിരവധി താരങ്ങളെ കുത്തിക്കയറ്റാതെ വിശ്വസ്തരായ മൂന്നോ നാലോ താരങ്ങളെ കൊണ്ടുവരണം. കാമറൂണ്‍ ഗ്രീന്‍ വിശ്വസ്തനായ ഓള്‍റൗണ്ടറായി ആര്‍സിബിയില്‍ തുടര്‍ന്നേക്കും.
ഗ്രീനോടൊപ്പം റിങ്കു സിങ്, റാഷിദ് ഖാന്‍ തുടങ്ങിയ കൂടുമാറ്റം കാത്തിരിക്കുന്ന ചില മാച്ച് വിന്നര്‍മാരായ താരങ്ങളെക്കൂടി ആര്‍സിബിക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. നിലവില്‍ ടോപ് ഓഡര്‍ തകര്‍ന്നാല്‍ ആര്‍സിബി കൂട്ടത്തകര്‍ച്ച നേരിടുന്നതാണ് കാണാനാവുന്നത്. ഈ അവസ്ഥക്ക് മാറ്റം വരണം. മറ്റൊരു പ്രധാന കാര്യം മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്ന നായകനെ ആര്‍സിബിക്ക് അത്യാവശ്യമാണ്. നിലവിലെ ആര്‍സിബിയുടെ നായകനായുള്ള ഫഫ് ഡുപ്ലെസിസ് വലിയ ആക്രമണോത്സകതയുള്ളയാളല്ല.
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഹാര്‍ദിക്കിനെ ആര്‍സിബിക്ക് നായകനാക്കാം. രോഹിത് ശര്‍മ മുംബൈ വിടുകയാണെങ്കില്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കാം. രോഹിത്, കോലി ഓപ്പണിങ് കൂട്ടുകെട്ട് എല്ലാ എതിരാളികളേയും വിറപ്പിക്കുന്നതായിരിക്കുമെന്നുറപ്പാണ്. എന്തായാലും മികച്ചൊരു നായകനെ ആര്‍സിബിക്ക് ആവശ്യമാണ്.