കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റ് ആവേശത്തിന് മുന്നില്‍ മഴ മേഘങ്ങളടക്കം മാറി നിന്നപ്പോള്‍ കൊല്‍ക്കത്തയുടെ മണ്ണില്‍ ആര്‍സിബി വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് കെകെആറിനെ ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ടിന് 174 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 22 പന്ത് ബാക്കിയാക്കി ഏഴ് വിക്കറ്റിന്റെ ജയം നേടിയെടുക്കുകയായിരുന്നു. വിരാട് കോലി (59*), ഫില്‍ സാള്‍ട്ട് (56), രജത് പാട്ടീധാര്‍ (34) എന്നിവരുടെ പ്രകടനമാണ് ആര്‍സിബിക്ക് അനായാസ ജയം സമ്മാനിച്ചത്.
കെകെആറിന് തട്ടകത്തില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കെകെആര്‍ മധ്യനിരക്ക് സാധിക്കാത്തതാണ് തിരിച്ചടിയായി മാറിയത്. ഒരു ഘട്ടത്തില്‍ 9.6 ഓവറില്‍ രണ്ട് വിക്കറ്റിന് 107 എന്ന നിലയിലായിരുന്നു കെകെആര്‍. ഇവിടെ നിന്നാണ് 174 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയത്. കെകെആറിനെ പൂട്ടിയതിന് പിന്നില്‍ നായകനെന്ന നിലയില്‍ ആര്‍സിബിയുടെ രജത് പാട്ടീധാര്‍ നടത്തിയ മികച്ച നീക്കങ്ങള്‍ക്ക് കൈയടിക്കാതിരിക്കാനാവില്ല.
ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്ന നായകനായി ആദ്യ മത്സരത്തില്‍ത്തന്നെ മാറാന്‍ രജത്തിനായി. വിരാട് കോലി ഉപദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നെങ്കിലും രജത്തിന്റെ ചില തീരുമാനങ്ങള്‍ മത്സരത്തില്‍ വളരെ നിര്‍ണ്ണായകമായി.
പവര്‍പ്ലേയിലെ പാളിച്ചക്ക് പരിഹാരം കാണാനായി
തുടക്കത്തിലേ കെകെആറിനെ വിറപ്പിക്കാന്‍ ആര്‍സിബിക്കായി. ക്വിന്റന്‍ ഡീകോക്കിനെ വെറും നാല് റണ്‍സില്‍ പുറത്താക്കി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ആര്‍സിബിക്കായി. എന്നാല്‍ പിന്നീടങ്ങോട്ട് അജിന്‍ക്യ രഹാനെയും (56) സുനില്‍ നരെയ്‌നും (44) ചേര്‍ന്ന് റണ്‍സുയര്‍ത്തുന്നതാണ് കാണാനായത്. പവര്‍പ്ലേയില്‍ ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കുന്നതില്‍ രജത്തിന് സംഭവിച്ച പിഴവ് കെകെആര്‍ മുതലാക്കി. 10നോടടുത്ത് റണ്‍റേറ്റിലായിരുന്നു കെകെആര്‍ റണ്‍സുയര്‍ത്തിയത്.

എന്നാല്‍ പിന്നീട് മത്സരം തിരിച്ചുപിടിച്ചത് രജത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെയാണ്. സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ രജത്തിന് സാധിച്ചു. പ്രത്യേകിച്ച് ക്രുണാല്‍ പാണ്ഡ്യയുടെ ഓവര്‍. പവര്‍പ്ലേയില്‍ ക്രുണാല്‍ തല്ലുവാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബിക്ക് തിരിച്ചുവരവ് ഒരുക്കിയത് ക്രുണാല്‍ പാണ്ഡ്യയായിരുന്നു. സുയാഷ് ശര്‍മ റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ മടി കാട്ടിയില്ല. എന്നാല്‍ ആന്‍ഡ്രേ റസലിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടാന്‍ താരത്തിനായി.
രണ്ട് ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണെ പരിഗണിച്ചതും മികച്ച നീക്കമായി. പിച്ചിലെ ടേണ്‍ തിരിച്ചറിയാന്‍ രജത്തിന് സാധിച്ചു. വെറും 14 റണ്‍സാണ് രണ്ടോവറില്‍ ലിവിങ്‌സ്റ്റണ്‍ വിട്ടുകൊടുത്തത്. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ നായകനെന്ന നിലയില്‍ രജത് മികവ് കാട്ടി.
ക്യാപ്റ്റന്റെ സമ്മര്‍ദ്ദം ബാധിക്കാത്ത ബാറ്റിങ്
നായകസ്ഥാനത്തേക്ക് രജത് എത്തുമ്പോള്‍ ഏറ്റവും വലിയ ആശങ്ക താരത്തിന്റെ ബാറ്റിങ്ങിലായിരുന്നു. ആര്‍സിബി നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ബാറ്റ്‌സ്മാനാണ് രജത്. ക്യാപ്റ്റന്‍ സ്ഥാനം ബാറ്റിങ്ങിനെ ബാധിച്ചാല്‍ അത് ആര്‍സിബിക്ക് വലിയ തിരിച്ചടിയായി മാറിയേനെ. എന്നാല്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദം ബാധിക്കാത്ത നിലയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ രജത്തിന് സാധിച്ചു. 16 പന്തില്‍ 34 റണ്‍സാണ് രജത് നേടിയത്. അഞ്ച് ഫോറും 1 സിക്‌സും രജത് അടിച്ചെടുത്താണ് പുറത്തായത്.
ക്യാപ്റ്റന്‍സിയിലും തന്റെ വെടിക്കെട്ട് ശൈലിയില്‍ മാറ്റമുണ്ടാകില്ലെന്ന് തെളിയിക്കാന്‍ രജത് പാട്ടീധാറിന് സാധിച്ചു. കളത്തില്‍ മുന്നില്‍ നിന്ന് കാട്ടിക്കൊടുക്കുന്ന നായകനായി മാറാന്‍ രജത്തിന് സാധിക്കുന്നുണ്ട്. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. നിര്‍ണ്ണായക സമയത്ത് വിരാട് കോലി ചില നിര്‍ദേശങ്ങള്‍ രജത്തിന് നല്‍കുന്നുണ്ടായിരുന്നു. എന്തായാലും സമ്മര്‍ദ്ദത്തില്‍ തളരാതെ രജത്തെടുത്ത തീരുമാനങ്ങള്‍ മത്സരത്തിലേക്ക് ആര്‍സിബിയെ തിരികെ കൊണ്ടുവരാന്‍ നിര്‍ണ്ണായകമായി. രജത്തിന്റെ നായക മികവ് ആര്‍സിബിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് പറയാം.