IPL 2025: കോലിക്ക് പോലും നേടാനായില്ല, ആര്‍സിബിയെ ജയിപ്പിച്ച രജത് മാജിക്; ക്യാപ്റ്റന്‍ കിടു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചിരിക്കുകയാണ് ആര്‍സിബി. 50 റണ്‍സിനാണ് രജത് പാട്ടീധാറും സംഘവും വിജയം നേടിയെടുത്തത്. ചെപ്പോക്കില്‍ സിഎസ്‌കെയ്‌ക്കെതിരേ എതിരാളികള്‍ നേടുന്ന റണ്‍സ് അടിസ്ഥാനത്തിലെ വലിയ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് എട്ട് വിക്കറ്റിന് 146 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
സിഎസ്‌കെയെ ഇത് രണ്ടാം തവണ ചെപ്പോക്കില്‍ ആര്‍സിബി തോല്‍പ്പിക്കുന്നത്. ഇത്തവണത്തെ ആര്‍സിബിയുടെ ജയത്തില്‍ നായകന്‍ രജത് പാട്ടീധാര്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. നായകനെന്ന നിലയില്‍ രജത് വരുത്തിയ ഗംഭീര നീക്കങ്ങളാണ് സിഎസ്‌കെയെ പൂട്ടിയത്. തുടക്കം മുതല്‍ സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡൊരുക്കാനും രജത്തിന് സാധിച്ചു. ആദ്യത്തെ രണ്ട് മത്സരത്തിലും ആര്‍സിബിയെ ജയിപ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താനും ആര്‍സിബിക്ക് സാധിച്ചിരിക്കുകയാണ്.
ബൗളിങ് ചെയ്ഞ്ചുകളെല്ലാം കിടിലന്‍
സിഎസ്‌കെയെ ആര്‍സിബി ചെപ്പോക്കില്‍ തകര്‍ത്ത് തലയുയര്‍ത്തുമ്പോള്‍ കൈയടിക്കേണ്ടത് നായകന്‍ രജത് പാട്ടീധാറിനാണ്. കൃത്യമായ ബൗളിങ് ചെയ്ഞ്ചുകളും പദ്ധതികളുമായി രജത് നടത്തിയ നീക്കങ്ങളാണ് സിഎസ്‌കെയെ പൂട്ടിയത്. സ്പിന്നര്‍മാരേയും പേസര്‍മാരേയും കൃത്യമായി രജത് ഉപയോഗിച്ചു. പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനേയും ജോഷ് ഹെയ്‌സല്‍വുഡിനേയും പവര്‍പ്ലേയില്‍ നന്നായി ഉപയോഗപ്പെടുത്താന്‍ രജത്തിനായി.
ഇതോടെ മൂന്ന് വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ത്തന്നെ സിഎസ്‌കെയ്ക്ക് നഷ്ടമായി. യഷ് ദയാലിനെ മധ്യ ഓവറുകളിലേക്ക് മാറ്റി വെച്ച രജത്തിന്റെ തന്ത്രം ഫലിച്ചു. സ്പിന്നര്‍ സുയാഷ് ശര്‍മയെ ഇംപാക്ട് പ്ലയറായി ഇറക്കിയതും യഷ് ദയാലിനൊപ്പം ഉപയോഗിച്ചതും മികച്ച നീക്കമായി. രചിന്‍ രവീന്ദ്രയേയും ശിവം ദുബെയേയും പുറത്താക്കി സിഎസ്‌കെയുടെ അവസാന പ്രതീക്ഷകള്‍ അവസാനിപ്പിച്ചത് ദയാലാണ്. പേസറെ കൃത്യമായി ഉപയോഗിച്ച രജത്തിന്റെ തന്ത്രം ഫലം കാണുകയായിരുന്നുവെന്ന് പറയാം.

ബാറ്റിങ്ങിലും തിളങ്ങി രജത്
ആര്‍സിബിയുടെ വിജയത്തില്‍ രജത് പാട്ടീധാര്‍ വലിയ കൈയടികള്‍ അര്‍ഹിക്കുന്നു. ടീം പതറിയ സമയത്ത് 32 പന്തില്‍ നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് രജത് നേടിയത്. ടീമിന് അടിത്തറ പാകിയാണ് രജത് പുറത്തായത്. 2024 മുതലുള്ള കണക്ക് പ്രകാരം ഐപിഎല്ലില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടിയ താരമാണ് രജത് പാട്ടീധാര്‍. 15 ഇന്നിങ്‌സില്‍ നിന്ന് ഇത് ആറാം തവണയാണ് റുതുരാജ് ഈ നേട്ടത്തിലെത്തുന്നത്. വിരാട് കോലി ഏഴ് തവണ ഈ നേട്ടത്തിലെത്തി തലപ്പത്താണുള്ളത്.
റുതുരാജ് ഗെയ്ക് വാദ്, ട്രാവിസ് ഹെഡ്, സഞ്ജു സാംസണ്‍ എന്നിവരും ആറ് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി തിളങ്ങിയ രജത്തിനെ ഇത്തവണ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. വലിയ ആക്രമണത്സോകതയില്ലെങ്കിലും ടീമിനെ ജയിപ്പിക്കാനുള്ള തന്ത്രം രജത്തിനറിയാം. കെകെആറിനെതിരേ ടീമിനെ ജയിപ്പിച്ച് തുടക്കം ഗംഭീരമാക്കിയ രജത് ഇപ്പോള്‍ ചെപ്പോക്കിലും ടീമിനെ ജയിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
ആര്‍സിബിയില്‍ വലിയ പ്രതീക്ഷ
പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താത്ത ടീമാണ് ആര്‍സിബി. എല്ലാ തവണയും ബാറ്റിങ്ങിലോ ബൗളിങ്ങിലോ ടീം ദുര്‍ബലമായിരിക്കും. എന്നാല്‍ ഇടവേളക്ക് ശേഷം സംതുലിതമായ ആര്‍സിബി ടീമാണ് ഇപ്പോഴുള്ളത്. ഇത്തവണ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമെന്ന് വലിയ പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് ടീം തുടങ്ങിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ രജത്തിന് സാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ ആര്‍സിബി കപ്പിലേക്കെത്തുമെന്ന പ്രതീക്ഷയും വാനോളമുയര്‍ന്നിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications