ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ടീം നേരിട്ടിരിക്കുന്നത്. അവസാന സീസണിലെ റണ്ണറപ്പുകളായ ഹൈദരാബാദ് ഇത്തവണ തട്ടകത്തിലടക്കം നാണംകെട്ടിരിക്കുകയാണ്. ഗുജറാത്തിനോട് ഏഴ് വിക്കറ്റിനോടാണ് ഹൈദരാബാദ് തോറ്റത്. 20 പന്ത് ബാക്കിയാക്കി അനായാസം ഗുജറാത്ത് ജയിച്ച് കയറുകയായിരുന്നു. ഇപ്പോഴിതാ ഹൈദരാബാദ് ഗുജറാത്തിനോട് തോറ്റതോടെ നായകന്‍ പാറ്റ് കമ്മിന്‍സിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍.
കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി ദുരന്തം
ഗുജറാത്ത് ടൈറ്റന്‍സിനെ അനായാസം വിജയത്തിലേക്കെത്തിക്കാന്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പിഴവ് സഹായിച്ചുവെന്ന് തന്നെ പറയാം. ബൗളിങ്ങില്‍ മികച്ച തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. സായ് സുദര്‍ശനേയും ജോസ് ബട്‌ലറേയും പുറത്താക്കി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഹൈദരാബാദിനായി. എന്നാല്‍ ആറാം ഓവറില്‍ സിമര്‍ജീത് സിങ്ങിനെ പന്തേല്‍പ്പിച്ച കമ്മിന്‍സിന്റെ തീരുമാനം പാളി. വാഷിങ്ടണ്‍ സുന്ദര്‍ സിമര്‍ജീത്തിന്റെ ഓവറില്‍ 20 റണ്‍സാണ് അടിച്ചെടുത്തത്.
ഇവിടെയാണ് ഹൈദരാബാദ് കളി കൈവിട്ടത്. ആറാം ഓവറില്‍ നേടിയെടുത്ത ആധിപത്യം ഗുജറാത്ത് കൈവിട്ടില്ല. പരീക്ഷണം നടത്താന്‍ കമ്മിന്‍സ് ധൈര്യം കാട്ടാത്തത് തിരിച്ചടിയായി. അഭിഷേക് ശര്‍മയെ നേരത്തെ ഉപയോഗിച്ച് നോക്കാന്‍ തയ്യാറായില്ല. നിതീഷ് കുമാര്‍ റെഡ്ഡി മീഡിയം പേസറാണ്. താരത്തിന് ഒരവസരം നല്‍കി നോക്കാമായിരുന്നു. മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും നേടിക്കൊടുത്ത മികച്ച തുടക്കം മുതലാക്കി മുന്നോട്ട് പോകാന്‍ ഹൈദരാബാദ് ബൗളര്‍മാരില്‍ ആരുമില്ലാതെയായിപ്പോയി. ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കുന്നതില്‍ കമ്മിന്‍സിന് പറ്റിയ പിഴവ് ഗുജറാത്തിന് കരുത്തായെന്ന് തന്നെ പറയാം.
കളി മാറ്റിയത് വാഷിങ്ടണ്‍ സുന്ദര്‍
ഗുജറാത്ത് ടൈറ്റന്‍സിന് പതിവ് പോലെ മികച്ചൊരു തുടക്കമല്ല ലഭിച്ചത്. തുടക്കത്തിലേ തന്നെ രണ്ട് പ്രധാന വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. കഴിഞ്ഞ മൂന്ന് മത്സരത്തിലും മിന്നിച്ച സായ് സുദര്‍ശന് അഞ്ച് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുഹമ്മദ് ഷമിയാണ് സുദര്‍ശനെ പുറത്താക്കിയത്. ഇതിന് പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലറും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ജോസ് ബട്‌ലര്‍ ഡെക്കിനാണ് പുറത്തായത്.
പാറ്റ് കമ്മിന്‍സിന്റെ ഇന്‍സ്വിങ്ങറില്‍ എഡ്ജായ ബട്‌ലര്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന് ക്യാച്ച് നല്‍കുകയായിരുന്നു.

16 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഗുജറാത്ത് തകര്‍ന്ന അവസ്ഥയിലാണ് സര്‍പ്രൈസായി വാഷിങ്ടണ്‍ സുന്ദര്‍ ക്രീസിലേക്കെത്തിയത്. ആദ്യ മൂന്ന് മത്സരത്തിലും കളിപ്പിക്കാതിരുന്ന സുന്ദറിനെ നാലാം നമ്പറിലാണ് ഗുജറാത്ത് കളിപ്പിച്ചത്. ഈ തീരുമാനമാണ് ഗുജറാത്തിന്റെ തലവര മാറ്റിയത്. ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ മികച്ച തീരുമാനമാണിതെന്ന് പറയാം. മത്സരത്തിലേക്ക് ഗുജറാത്തിനെ തിരികെ കൊണ്ടുവന്നത് സുന്ദറാണ്.
ആറാം ഓവറില്‍ 20 റണ്‍സടിച്ച സുന്ദര്‍ തീര്‍ത്തും അപ്രതീക്ഷിതമായ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിങ്ങിനെത്താതിരുന്ന സുന്ദര്‍ ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ നട്ടെല്ലായി മാറി. 29 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 49 റണ്‍സുമായാണ് സുന്ദര്‍ പുറത്തായത്.
ശുബ്മാന്‍ ഗില്ലും മിന്നിച്ചു
ആദ്യ മത്സരങ്ങളിലൊന്നും വലിയൊരു പ്രകടനം നടത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഹൈദരാബാദിനെതിരേ നിര്‍ണ്ണായക സമയത്ത് അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കൈയടി നേടാന്‍ ഗില്ലിനായി. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് മികവ് കാട്ടാന്‍ ഗില്ലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം സുന്ദറിന് സമ്മര്‍ദ്ദമുണ്ടാവാതെ ഒരുവശത്ത് മികച്ച പ്രകടനത്തോടെ കൈയടി നേടി. നായകന്റെ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചതെന്ന് പറയാം.
പിന്നാലെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും മികവ് കാട്ടിയതോടെ അനായാസം വിജയത്തിലേക്കെത്താന്‍ ഗുജറാത്തിനായി. സായ് സുദര്‍ശനും ജോസ് ബട്‌ലറും തുടക്കത്തിലേ പുറത്തായിട്ടും അനായാസ ജയം നേടിയെടുക്കാന്‍ ഗുജറാത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ഹൈദരാബാദിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.