ഐപിഎല്ലിലെ തിരിച്ചുവരവിന്റെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെയാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഈ സീസണില്‍ ഒരു സമയത്തു തപ്പിത്തടഞ്ഞ ഹാര്‍ദിക് പാണ്ഡ്യയുടെ ടീം പ്ലേഓഫില്‍ കടക്കുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്കു വലിയ ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ 10ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ ടീമാണ് മുംബൈ. ഇത്തവണയും സമാനമായൊരു ദുരന്തം മുംബൈയ്ക്കുണ്ടാവുമോയെന്നാണ് ആരാധകര്‍ ഭയന്നത്.
എന്നാല്‍ വെറും 15 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ തലവര തന്നെ മാറ്റി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് മുംബൈ. ഈ മാസം 12നു പോയിന്റ്് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തായിരുന്നു മുംബൈ. എന്നാല്‍ ഇഇന്ന് (27) അവര്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായി മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ എങ്ങനെയാണ് മുംബൈ ഇത്തരമൊരു തിരിച്ചുവരവ് നടത്തിയതെന്നു നോക്കാം.

മുംബൈയുടെ പ്രചോദനം
ഈ സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സിനു വിജയിക്കാനായത് വെറും ഒരു കളി മാത്രം. ശേഷിച്ച നാലിലും അവര്‍ തോല്‍വി രുചിക്കുകയായിരുന്നു. ഇതില്‍ തന്നെ നാല്, അഞ്ച് മല്‍സരങ്ങളില്‍ ജയത്തിനു തൊട്ടരികെ വരെയത്തിയ ശേഷമാണ് മുംബൈ ജയം കൈവിട്ടത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളോടു റണ്‍ചേസില്‍ 12 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്.
ഇതോടെ നിര്‍ഭാഗ്യവും മുംബൈയെ വിടാതെ പിന്തുടരുകയാണെന്നു ആരാധകരും ഭയന്നു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനും രണ്ടാമങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു 36 റണ്‍സിനുമാണ് മുംബൈ കീഴടങ്ങിയത്. മൂന്നാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് മുംബൈ അക്കൗണ്ട് തുറന്നു.
പക്ഷെ അടുത്ത രണ്ടു കളിയില്‍ എല്‍എസ്ജി, ആര്‍സിബി എന്നിവരോടു അവര്‍ വീണ്ടും തോല്‍വികളിലേക്കു വീണു. ഏപ്രില്‍ 12ലെ പോയിന്റ് പട്ടിത പ്രകാരം ഒമ്പതാം സ്ഥാനത്തായിരുന്നു മുംബൈ. അതിനു ശേഷമാണ് അവര്‍ സട കുടഞ്ഞെഴുന്നേറ്റത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവരുടെ ഗ്രൗണ്ടില്‍ മുംബൈ 12 റണ്‍സിന്റെ ത്രില്ലിങ് വിജയം സ്വന്തമാക്കുകയായിരുന്നു.
മുംബൈ യഥാര്‍ഥത്തില്‍ തോല്‍ക്കുമെന്നു കരുതിയ മല്‍സരമാണിത്. 206 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഡിസിക്കു മുംബൈ നല്‍കിയത്. മറുപടിയില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ കടന്നാക്രമണം മുംബൈയെ വിറപ്പിച്ചു. ജസ്പ്രീത് ബുംറയടക്കം മുംബൈയുടെ ലോകോത്തര ബൗളിങ് നിരയെ കരുണ്‍ അടിച്ചുപറത്തി. ഇതോടെ ഡിസി അതിവേഗം വിജത്തിലേക്കു കുറിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
11 ഓവറില്‍ തന്നെ ഡിസി 134 റണ്‍സിലെത്തിയിരുന്നു. ഇതിനിടെ അവര്‍ക്കു നഷ്ടമായത് രണ്ടു വിക്കറ്റുകള്‍ മാത്രം. ശേഷിച്ച ഒമ്പതോവറില്‍ ഡിസിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 72 റണ്‍സ് മാത്രം. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ ഇതു അനായാസം നേടിയെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സെഞ്ച്വറിയിലേക്കു കുതിച്ച കരുണിന്റെ (89) പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. ടീം 12ാം ഓവറിലെ നാലാമത്തെ ബോളില്‍ ടീം സ്‌കോര്‍ 135ല്‍ നില്‍ക്കെയാണ് അദ്ദേഹം പുറത്തായത്.

ഇതോടെ ഡിസിയുടെ താളം തെറ്റുകയും ചെയ്തു. തുടര്‍ച്ചയായി വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായതോടെ മുംബൈ പിടിമുറുക്കി. വെറും 58 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് ഡിസി കളഞ്ഞു കുളിച്ചത്. ഇതോടെ അനായാസം ജയിക്കുമെന്നു കരുതിയ ഡിസി ഒരോവര്‍ ശേഷിക്കെ 193 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തു. കരുണിന്റെ പുറത്താവലാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. അദ്ദേഹത്തെ ബൗള്‍ഡാക്കിയ ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറാണ് കളി മാറ്റിയത്.
തോല്‍വി ഉറപ്പിച്ച ഇടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ശേഷം നേടിയ ഈ വിജയമാണ് മുംബൈയ്ക്കു പ്രചോദനമായത്. ഊ മല്‍സരശേഷം അവരുടെ ആത്മവിശ്വാസം വാനോളമുയരുകയും ചെയ്തു. അതിനു ശേഷം ഹാര്‍ദിക്കിനും സംഘത്തിനും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എതിരാളികളെ നിഷ്പ്രഭരാക്കി തുടര്‍ച്ചയായി നാലു ജയങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇതു അവരെ രണ്ടാംസ്ഥാനത്തുമെത്തിച്ചിരിക്കുന്നു.