ഐപിഎല്ലിന്റെ 18ാം സീസണില്‍ തുടക്കം പാളിയ ശേഷം ടൂര്‍ണമെന്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ടീമാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന മുംബൈയുടെ രീതി നേരത്തേയും ടൂര്‍ണമെന്റില്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഈ സീസണിലും അവര്‍ അതു തന്നെയാണ് ആവര്‍ത്തിച്ചത്.
ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ ഒമ്പതാം സ്ഥാനത്തേക്കു വീണ മുംബൈയ്ക്കു ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോയെന്നു പലരും സംശയിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചായ ആറു ജയങ്ങളുമായാണ് മുംബൈ ടീം ഇവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തത്. ഇനി ആറാം കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ സ്വപ്‌നം കാണുന്നില്ല. ടൂര്‍ണമെന്റ് നാളെ (ശനി) പുനരാരംഭിക്കാനിരിക്കെ മുംബൈയ്ക്കു എങ്ങനെ പ്ലേഓഫിലേക്കു യോഗ്യത നേടാമെന്നു നോക്കാം.

പോയിന്റ് പട്ടികയില്‍ എവിടെ?
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ നാലാസ്ഥാനത്തു നില്‍ക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പക്ഷെ ടോപ്പ് ഫോറില്‍ നിന്നും അവര്‍ എപ്പോള്‍ വേണമെങ്കിലും പുറത്തായേക്കാം. അതുകൊണ്ടു തന്നെ ശേഷിച്ച രണ്ടു കളിയും മുംബൈയ്ക്കു ഏറെ പ്രധാനപ്പെട്ടതാണ്.
11 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റാണ് ഇപ്പോള്‍ മുംബൈയുടെ സമ്പാദ്യം +1.156 എന്ന മികച്ച നെറ്റ് റണ്‍റേറ്റോടെയാണിത്. ഏഴു മല്‍സരങ്ങളിലാണ് ഹാര്‍ദിക് പാണ്ഡ്യക്കു സംഘത്തിനും വിജയിക്കായത്. അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങുകയും ചെയ്തു.
സീസണിലെ ആദ്യ അഞ്ചു മല്‍സരങ്ങളില്‍ നാലിലും മുംബൈ പരാജയം വഴങ്ങിയിരുന്നു. അതിനു ശേഷമാണ് തുടര്‍ച്ചയായ ആറു ജയങ്ങളുമായി മുംബൈ പടയോട്ടം നടത്തിയത്. ഒടുവില്‍ അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈയുടെ കുതിപ്പിന് ബ്രേക്കിട്ടത്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയപ്രകാരം മുംബൈ മൂന്നു വിക്കറ്റിനു കീഴടങ്ങുകയായിരുന്നു.
എങ്ങനെ പ്ലേഓഫിലെത്താം
ഈ സീസണിലെ ഐപിഎല്ലില്‍ ഇനി വെറും രണ്ടു മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സിനു എങ്ങനെ പ്ലേഓഫില്‍ എത്താമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ മാസം 21ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, 26നു പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേയാണ് മുംബൈയുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇവ രണ്ടും കടുപ്പം തന്നെയായിരിക്കും.
ഡിസിയെയും പഞ്ചാബിനെയും ശേഷിച്ച മല്‍സരങ്ങളില്‍ തോല്‍പ്പിക്കാനായാല്‍ 18 പോയിന്റുമായി മുംബൈയ്ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. എന്നാല്‍ പോയിന്റ് പട്ടികയില്‍ അവരുടെ സ്ഥാനം തീരുമാനിക്കുക ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ഗുജറത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളുടെ ഇനിയുള്ള മല്‍സരഫലമായിരിക്കും. രണ്ടു ടീമുകള്‍ക്കും പരമാവധി 22 പോയിന്റ് വരെ സീസണില്‍ നേടാന്‍ സാധിക്കും.

അതേസമയം, ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും മറ്റൊന്നില്‍ തോല്‍ക്കുകയും ചെയ്താല്‍ പ്ലേഓഫിനായി മുംബൈയ്ക്കു മറ്റു മല്‍സരഫലങ്ങളെ കൂടി ആശ്രയിക്കേണ്ടതായി വരും. 16 പോയിന്റാണ് അപ്പോള്‍ മുംബൈയുടെ പക്കലുണ്ടാവുക.
ഡിസിക്കെതിരേ മുംബൈ ജയിക്കുകയും ഡിസിയെ പഞ്ചാബും വീഴ്ത്തുകയും ചെയ്താല്‍ പരമാവധി 15 പോയിന്റാണ് ഡിസിക്കു ലഭിക്കുക. അങ്ങനെ വന്നാല്‍ 16 പോയിന്റുള്ള മുംബൈയ്ക്കു നാലാംസ്ഥാനക്കാരായി പ്ലേഓഫ് കളിക്കാം.
എന്നാല്‍ പഞ്ചാബിനെതിരേ മുംബൈ ജയിക്കുകയും ഡിസിയോടു തോല്‍ക്കുകയും ചെയ്താല്‍ കാര്യങ്ങൡ മാറ്റം വരും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പഞ്ചാബിനെതിരേ ഡിസി ജയിക്കേണ്ടത് മുംബൈയ്ക്കു ആവശ്യമാണ്. അപ്പോള്‍ ഡിസിക്കു 17ഉം മുംബൈയ്ക്കു 16ഉം പോയിന്റാവും.
നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫിലേക്കും ടിക്കറ്റ് വാങ്ങും. അതേസമയം, ശേഷിച്ച രണ്ടു കളിയിലും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും മുംബൈ പുറത്താവും. അഞ്ചാംസ്ഥാനത്തു മാത്രമേ അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.