ഐപിഎല്ലിന്റെ 18ാം സീസണല്‍ ആരാധകരെ വീണ്ടും വീണ്ടും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ജയിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ചില മല്‍സരങ്ങളില്‍പ്പോലും അവര്‍ക്കു തോല്‍വി സമ്മതിക്കേണ്ടി വന്നു. ഏറ്റവും അവസാനം ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനോടു 12 റണ്‍സിനു ഹാര്‍ദിക് പാണ്ഡ്യയും സംഘവും കീഴടങ്ങുകയായിരുന്നു.
നിലവില്‍ രണ്ടു പോയിന്റ് മാത്രമുള്ള മുംബൈ ലീഗില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. അഞ്ചു മല്‍സരങ്ങൡ അവര്‍ക്കു വിജയിക്കാനായത് ഒന്നില്‍ മാത്രം. ശേഷിച്ച നാലിലും ടീം തോല്‍വിയിലേക്കു വീഴുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ എട്ടു വിക്കറ്റിന്റെ വിജയം മാത്രമാണ് മുംബൈയ്ക്കു ആശ്വസിക്കാനുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ആര്‍സിബി എന്നീ നാലു ടീമുകളോടു അവര്‍ കീഴടങ്ങുകയും ചെയ്തു. ഇതില്‍ എല്‍എസ്ജി, ആര്‍സിബി എന്നിവര്‍ക്കെതിരായ അവസാന രണ്ടു കളിയില്‍ വിജയപ്രതീക്ഷ നല്‍കിയ ശേഷമാണ് മുംബൈ കീഴടങ്ങിയത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഈ സീസണിലും അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുംബൈ ശ്രമിക്കുമെന്നുറപ്പാണ്.
പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്ലേഓഫിലെത്താന്‍ ശേഷിച്ച മല്‍സരങ്ങളില്‍ ഇനി അവര്‍ക്കു എന്താണ് വേണ്ടതെന്നു പരിശോധിക്കാം.
എത്ര കളി ജയിക്കണം?
ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 14 മല്‍സരങ്ങള്‍ വീതമാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ കളിച്ചു കഴിഞ്ഞു. ജയിക്കാനായത് ഒന്നില്‍ മാത്രമാണ്. -0.010 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. മുന്‍ സീസണുകള്‍ നോക്കിയാല്‍ സാധാരണയായി 16 പോയിന്റെങ്കിലും നേടുന്ന ടീമിനു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം.
എന്നാല്‍ ചില സീസണുകളില്‍ 14 പോയിന്റ് നേടിയ ചില ടീമുകളും പ്ലേഓഫില്‍ കടന്നിട്ടണ്ട്. എങ്കിലും 16 പോയിന്റ് തന്നെയാണ് പ്ലേഓഫിനു സേഫെന്നു പറയാം. അങ്ങനെ നോക്കിയാല്‍ ഈ നമ്പറിലെത്താന്‍ മുംബൈയ്ക്കു ഇനി 14 പോയിന്റ് കൂടി വേണം. ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളാണ് മുംബൈയ്ക്കു ബാക്കിയുള്ളത്. ഇതില്‍ ഏഴെണ്ണം വിജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു 14 പോയിന്റ് നേടാന്‍ സാധിക്കുകയുള്ളൂ.
9ല്‍ ഏഴിലും ജയിക്കുകയെന്നത് മുംബൈക്കു ഏറെ കടുപ്പം തന്നെയായിരിക്കും. പക്ഷെ അതു അസാധ്യമല്ല. നേരത്തേ ചില ഗംഭീര തിരിച്ചുവരവുകള്‍ നടത്തി ടൂര്‍ണമെന്റിലേക്കു ശക്തമായി മടങ്ങിവന്ന ചരിത്രവും മുംബൈയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അവരെ പൂര്‍ണമായി എഴുതിത്തള്ളാനും സാധിക്കില്ല.

ഈ സീസണില്‍ മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുമായി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മുംബൈ ഉറപ്പായും ജയിക്കണം. അതോടൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ കരുത്തരായ എതിരാളികള്‍ക്കെതിരേയും ജയത്തിനു വേണ്ടി തന്നെ മുംബൈ ശ്രമിക്കേണ്ടതുണ്ട്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കൂടി ഇപ്പോള്‍ മടങ്ങിയെത്തിയതിനാല്‍ മുംബൈ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള കളികള്‍ ജയിക്കുക അസാധ്യവുമല്ല. ഇനിയുള്ള മല്‍സരങ്ങൡ ജയിക്കുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ മുംബൈ ശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ നെറ്റ് റണ്‍റേറ്റ് അവര്‍ക്കു തിരിച്ചടിയാവുമെന്നുറപ്പാണ്.
ഇനിയുള്ള എതിരാളികള്‍
മുംബൈ ഇന്ത്യന്‍സിന്റെ ഇനിയുള്ള ഒമ്പതു മല്‍സരങ്ങളിലേക്കു വന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഏപ്രില്‍ 13), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (17), ചെന്നൈ സൂപ്പര്‍ കിങ്‌സ് (20) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (23), ലഖ്‌നൗ സൂപ്പര്‍ ജയന്റസ് (27), രാജസ്ഥാന്‍ റോയല്‍സ് (മേയ് 1), ഗുജറാത്ത് ടൈറ്റന്‍സ് (6), പഞ്ചാബ് കിങ്‌സ് (11), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (15) എന്നിവരാണ് എതിരാളികള്‍.