ഐപിഎല്ലിന്റെ 18ാം സീസണില്‍ തുടക്കം പാളിയെങ്കിലും പിന്നീട് സ്വപ്‌നതുല്യമായ കുതിപ്പിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മുംബൈയ്ക്കു ഇത്തവണ ലഭിച്ചത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായാത് ഒന്നില്‍ മാത്രം. ഇതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തേക്കും മുംബൈ വീണു.
അവിടെ നിന്നാണ് മുംബൈ ഉയിര്‍ത്തെഴുന്നേറ്റത്. തുടര്‍ച്ചയായ ആറു മല്‍സരങ്ങളില്‍ ജയിച്ച് പടയോട്ടം നടത്തുകയാണ് അവര്‍. ആറാം കിരീടമെന്ന റെക്കോര്‍ഡിലേക്കു അടുക്കുകയാണ് മുംബൈ ടീം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 10ാം സ്ഥാനത്തേക്കു വീണു നാണംകെട്ട ടീമായിരുന്നു അവര്‍. ഇത്തവണ ഇത്ര ഗംഭീരമായൊരു തിരിച്ചുവരവ് നടത്താന്‍ മുംബൈയെ സഹായിച്ചത് കഴിഞ്ഞ മെഗാലേലത്തിലെ ചില മികച്ച തീരുമാനങ്ങളാണ് ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഇഷാനു പകരം റിക്കെല്‍റ്റണ്‍
ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ കഴിഞ്ഞ സീസണിനു ശേഷം കൈവിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഓപ്പണിങ് ബാറ്റര്‍ കൂടിയായ അദ്ദേഹത്തെ നിലനിര്‍ത്താതിരുന്നത് മണ്ടത്തരമാണെന്നു പലരും വിമര്‍ശിക്കുകയും ചെയ്തു. മെഗാ ലേലത്തില്‍ ഇഷാനെ തിരികെ വാങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സൗത്താഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണെയാണ് മുംബൈ വാങ്ങിയത്.
ഇഷാന്‍ 11.25 കോടിക്കാണ് ലേലത്തില്‍ വിറ്റു പോയതെങ്കില്‍ റിക്കെല്‍റ്റണിനായി മുംബൈ മുടക്കിയത് ഒരു കോടി രൂപ മാത്രം. ഇഷാനു പകരം ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ലാത്ത റിക്കെല്‍റ്റണെ വാങ്ങാനുള്ള മുംബൈയുടെ തീരുമാനം തന്നെയാണ് ശരിയെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഓപ്പണിങ് ബാറ്ററായി അദ്ദേഹം മാറിക്കഴിഞ്ഞു.
11 മല്‍സരങ്ങൡ നിന്നും 33.40 ശരാശരിയില്‍ 153.92 സ്‌ട്രൈക്ക്‌റേറ്റില്‍ 334 റണ്‍സ് റിക്കെല്‍റ്റണ്‍ നേടിയിട്ടുണ്ട്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഇഷാന് ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 26.14 എന്ന മോശം ശരാശരിയില്‍ 153.78 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 183 റണ്‍സ് മാത്രമാണ്.
ബോള്‍ട്ടിന്റെ രണ്ടാംവരവ്
ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ രണ്ടാംവരവാണ് മുംബൈ ഇന്ത്യന്‍സ് കരുത്താര്‍ജിക്കാനുള്ള രണ്ടാമത്തെ കാരണം. 2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അദ്ദേഹം.

റോയല്‍സലിനായി പല ഗംഭീര പ്രകടനങ്ങളുംനടത്തിയിട്ടും കഴിഞ്ഞ സീസണിനു ശേഷം ബോള്‍ട്ടിനെ നിലനിര്‍ത്തിയില്ല. ഇതോടെയാണ് തങ്ങളുടെ മുന്‍ പ്രീമിയം ഫാസ്റ്റ് ബൗളറെ മെഗാ ലേലത്തില്‍ മുംബൈ തിരികെ വാങ്ങിയത്. 12.5 കോടിയെന്ന വലിയ തുകയാണ് ഇതിനു വേണ്ടി അവര്‍ മുടക്കിയത്.
കഴിഞ്ഞ മൂന്നു സീസണുകളിലും അവരുടെ പേസ് നിര അത്ര ശക്തമായിരുന്നില്ല. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം പരിചയ സമ്പന്നനായ ബോള്‍ട്ട് കൂടി ചേര്‍ന്നതോടെ മുംബൈ ബൗളിങ് വേറെ ലെവലായി മാറി. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനമാണ് കിവി പേസര്‍ കാഴ്ചവയ്ക്കുന്നത്.
ചൗളയ്ക്കു പകരം കരണ്‍
കഴിഞ്ഞ കുറച്ചു സീസണുകളായി മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയായിരുന്നു. പക്ഷെ ശരാശരി പ്രകടനം മാത്രമാണ് വെറ്ററന്‍ താരം കാഴ്ചവച്ചത്. ഇതോടെ ഈ സീസണില്‍ ചൗളയെ കൈവിട്ട മുംബൈ പകരം ലേലത്തില്‍ മറ്റൊരു ഇന്ത്യന്‍ വെറ്ററനായ കരണ്‍ ശര്‍മയെ വാങ്ങുകയായിരുന്നു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു.
മൂന്നിങ്‌സുകളില്‍ മാത്രമേ കരണ്‍ ഇതിനകം കളിച്ചിട്ടുള്ളൂ. എന്നാല്‍ 10 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ ആറു വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. തന്റെ അനുഭവസമ്പത്ത്് നന്നായി മുതലെടുത്താണ്‍ കരണ്‍ പന്തെറിയുന്നത്. ഇതു മുംബൈയെ നിര്‍ണായക ഘട്ടങ്ങളില്‍ ഏറെ സഹായിക്കുകും ചെയ്യുന്നു.