അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ തട്ടകത്തില്‍ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് മികച്ച തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. പവര്‍പ്ലേയില്‍ 66 റണ്‍സാണ് ഗുജറാത്ത് നേടിയത്. ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ശുബ്മാന്‍ ഗില്‍ മടങ്ങിയത്.
27 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. മൂന്നാമനായി എത്തിയ ജോസ് ബട്‌ലര്‍ 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 39 റണ്‍സും നേടിയാണ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനും ബട്‌ലറും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. ഗുജറാത്തിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിഴവും സഹായമായിട്ടുണ്ട്.
പവര്‍പ്ലേയിലടക്കം മുംബൈ നായകന്റെ മോശം തീരുമാനമാണ് കാണാനായത്. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ഹാര്‍ദിക്കിന് പിഴച്ചുവെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യ കാട്ടിയ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പവര്‍പ്ലേയില്‍ പന്തെറിയാനെത്തിയില്ല
പവര്‍പ്ലേയില്‍ പന്തെറിഞ്ഞ് ഭേദപ്പെട്ട റെക്കോഡുള്ള ബൗളറാണ് ഹാര്‍ദിക് പാണ്ഡ്യ. അഹമ്മദാബാദിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ട്രന്റ് ബോള്‍ട്ടിനും ദീപക് ചഹാറിനും പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയേണ്ടിയിരുന്നു. എന്നാല്‍ ഹാര്‍ദിക് മധ്യ ഓവറിലേക്ക് തന്റെ ബൗളിങ് മാറ്റുകയായിരുന്നു. ഇത് ഗുജറാത്തിനെ സഹായിച്ചു. മധ്യ ഓവറുകളില്‍ പന്തെറിഞ്ഞ് മികച്ച ബൗളിങ് പ്രകടനം നടത്താന്‍ ഹാര്‍ദിക്കിനായി.
ശുബ്മാന്‍ ഗില്ലിനേയും ഷാരൂഖ് ഖാനേയും പുറത്താക്കിയ ഹാര്‍ദിക് നാല് ഓവറില്‍ വെറും 29 റണ്‍സാണ് വിട്ടുകൊടുത്തത്. പവര്‍പ്ലേയില്‍ ഹാര്‍ദിക് പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്നെങ്കില്‍ നേരത്തെ തന്നെ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഈ സാധ്യത ഹാര്‍ദിക് ഉപയോഗിച്ചില്ല. ഇന്ത്യന്‍ ടീമിലടക്കം ന്യൂബോളില്‍ ഹാര്‍ദിക് മികവ് കാട്ടുന്നതാണ്. എന്നിട്ടും ഗുജറാത്തിനെതിരേ പവര്‍പ്ലേയില്‍ ഹാര്‍ദിക് പന്തെറിയാന്‍ തയ്യാറായില്ല.
സത്യനാരായണന്‍ രാജുവിനെ നന്നായി ഉപയോഗിച്ചില്ല
ഗുജറാത്തിനെതിരേ യുവ ബൗളറായ സത്യനാരായണന്‍ രാജുവിനെ മുംബൈ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തെ ഉപയോഗിച്ചതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിഴവ് സംഭവിച്ചുവെന്ന് തന്നെ പറയാം. മധ്യ ഓവറിലും ഡെത്തോവറിലുമാണ് താരത്തെ ഹാര്‍ദിക് ഉപയോഗിച്ചത്. അനുഭവസമ്പന്നനല്ലാത്ത പേസര്‍ നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഗുജറാത്ത് താരങ്ങള്‍ക്ക് നേരിട്ട് അധികം പരിചയമില്ലാത്ത ബൗളറാണ് സത്യനാരായണന്‍. അതുകൊണ്ടുതന്നെ താരത്തെ ന്യൂബോളില്‍ ഉപയോഗിക്കുന്നത് മുംബൈക്ക് ഗുണകരമായി മാറാന്‍ സാധ്യതയുണ്ടായിരുന്നു.

നിലയുറപ്പിച്ച ബാറ്റ്‌സ്മാന്‍മാരിലേക്ക് യുവ പേസറെ ഇട്ടുകൊടുത്തത് ഹാര്‍ദിക് കാട്ടിയ മണ്ടത്തരമാണ്. സത്യനാരായണന്‍ മീഡിയം പേസറാണെന്നിരിക്കെ ഡെത്തോവറില്‍ നന്നായി തല്ലുവാങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് താരത്തെ ഉപയോഗിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കാതെ പോയി. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ പുറത്തിരുത്തിയത് മധ്യ ഓവറുകളില്‍ പ്രതിഫലിച്ചു. ചൈനാമാന്‍ സ്പിന്നറുടെ അഭാവം മുംബൈ നിരയില്‍ നിറഞ്ഞ് നിന്നു.
മുജീബുര്‍ റഹ്‌മാന്റെ പ്രകടനം മോശം
വിഘ്‌നേഷ് പുത്തുരിനെ പുറത്തിരുത്തി മുജീബുര്‍ റഹ്‌മാനെ കൊണ്ടുവന്നത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനമായിരുന്നു. എന്നാല്‍ ഈ തീരുമാനം പാളിയെന്ന് തന്നെ പറയാം. ജോസ് ബട്‌ലറുടെ വിക്കറ്റ് നേടാന്‍ മുജീബിന് സാധിച്ചെങ്കിലും നന്നായി തല്ലുവാങ്ങി. ട്രന്റ് ബോള്‍ട്ടിനും ദീപക് ചഹാറിനും പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനാവാത്തതും മുംബൈയെ പ്രതികൂലമായി ബാധിച്ചു. മുംബൈയുടെ പ്രധാന പേസര്‍മാര്‍ നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത. തന്റെ അവസാന ഓവറില്‍ ബോള്‍ട്ട് സായ് സുദര്‍ശനെ മടക്കിയത് മുംബൈക്ക് ആശ്വാസമായെങ്കിലും പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനാവാത്തത് നിരാശയായി.