ഡല്‍ഹി: ഐപിഎല്‍ പോയിന്റ് പട്ടികയിലെ ടോപ്പ് ഫോറിലെ ടീമുകളുടെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഡിസിയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ആറു വിക്കറ്റിവാണ് ആര്‍സിബി കശാപ്പ് ചെയ്തത്. നേരത്തേ തങ്ങള്‍ക്കെതിരേ ചിന്നസ്വാമിയില്‍ ഡിസി നേടിയ ആറു വിക്കറ്റ് ജയത്തിനു ആര്‍സിബി ഇത്തവണ പകരം വീട്ടുകയായിരുന്നു.
ഡിസി നല്‍കിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പതു ബോളും ആറു വിക്കറ്റുകളും ശേഷിക്കെ ആര്‍സിബി മറികടക്കുകയായിരുന്നു. കളിയില്‍ ഡിസിയുടെ അന്തകനായി മാറിയത് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. ഒരു വിക്കറ്റുകളായി ബൗളിങില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് പുറത്താവാതെ 73 റണ്‍സോടെ ബാറ്റിങിലും ഹീറോയാവുകയായിരുന്നു. വെറും 47 ബോൡ അഞ്ചു ഫോറും നാലു സിക്‌സറും ക്രുനാലിന്റെ ഇന്നിങ്‌സിലുണ്ട്.

യഥാര്‍ഥത്തില്‍ ഈ കളിയില്‍ ഡിസിയുടെ പ്രധാന വില്ലന്‍ പേസര്‍ മുകേഷ് കുമാറാണ്. അദ്ദേഹത്തിന്റെ ഒരു കളിയാക്കല്‍ക കാരണമാണ് ക്രുനാല്‍ ഇത്രയും മികച്ചൊരു ഇന്നിങ്‌സുമായി ഡിസിയുടെ കഥ കഴിച്ചത്. ക്രുനാലിന്റെ ബാറ്റിങിനിടെ സംഭവിച്ച ഈ കാര്യത്തെ കുറിച്ചറിയാം.
ക്രുനാലിന്റെ പരിഹാസം
163 റണ്‍സ് ചേസ് ചെയ്യവെ നാലാം വിക്കറ്റില്‍ വിരാട് കോലി - ക്രുനാല്‍ പാണ്ഡ്യ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരവിധി നിര്‍ണയിച്ചത്. വളരെ ശ്രദ്ധയോടെ, സ്ലോ ഇന്നിങ്‌സാണ് മധ്യ ഓവറുകളില്‍ കോലിയും ക്രുനാലും കളിച്ചത്. 12 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ആര്‍സിബി മൂന്നു വിക്കറ്റിനു 78 റണ്‍സെന്ന നിലയിലായിരുന്നു.
32 ബോളില്‍ നിന്നും 35 റണ്‍സുമായി വിരാട് കോലിയും 27 ബോളില്‍ 25 റണ്‍സോടെ ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു അപ്പോള്‍ ക്രീസില്‍. 13ാം ഓവറില്‍ പേസര്‍ മുകേഷ് കുമാറിനെ രണ്ടാം സ്‌പെല്ലിനായി ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ കൊണ്ടുവന്നു. 13ാം ഓവറിലെ ആദ്യ ബോളില്‍ കോലി സിംഗിളെടുത്തു.
അടുത്ത ബോള്‍ നേരിട്ടത് ക്രുനാലാണ്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഒരു സ്‌കൂപ്പ് ഷോട്ടിനാണ് അദ്ദേഹം തുനിഞ്ഞത്. പക്ഷെ ആ ശ്രമം ദയനീയമായി പരാജപ്പെടുകയും ബോള്‍ ബാറ്റില്‍ തട്ടി തെറിക്കുകയുമായിരുന്നു. ക്രുനാലിന്റെ ഈ ശ്രമം പാളിയതു കണ്ട മുകേഷ് പരിഹാസരൂപേണ ചിരിക്കുകയും ചെയ്തു. പക്ഷെ തന്റെ കളിയാക്കല്‍ ക്രുനാലിനെ ഇങ്ങനെ മാറ്റുമെന്നു ഡിസി കരുതിക്കാണില്ല.

അതുവരെ ടെസ്റ്റ് ശൈലിയില്‍ സ്ലോ ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്ന ക്രുനാല്‍ പെട്ടെന്നു ടി20 മോഡിലേക്കു ഗിയര്‍ മാറ്റുകയായിരുന്നു ഇതിനു അദ്ദേഹത്തിന പ്രചോദനമായത് മുകേഷിന്റെ ഭാഗത്തു നിന്നുണ്ടായ കളിയാക്കല്‍ തന്നെയായിരുന്നു.
അടുത്ത രണ്ടു ബോളിലും മുകേഷിനെതിരേ സിക്‌സര്‍ പറത്തിയാണ് ബാറ്റ് കൊണ്ട് ക്രുനാല്‍ പ്രതികരിച്ചത്. ഈ ഓവറില്‍ 15 റണ്‍സും ആര്‍സിബി വാരിക്കൂട്ടി. മുകേഷിനെതിരേ ആഞ്ഞടിച്ച അദ്ദേഹം പിന്നീട് മറ്റു ബൗളര്‍മാരെയും കടന്നാക്രമിക്കാന്‍ തുടങ്ങി.
കുല്‍ദീപ് യാദവിന്റെ അടുത്ത ഓവറിലും ക്രുനാലിന്റെ മറ്റൊരു സിക്‌സര്‍ കണ്ടു. 17ാം ഓവറില്‍ മുകേഷ് വീണ്ടും ബൗളിങിനെത്തിയപ്പോഴും അദ്ദേഹം വെറുതെ വിട്ടില്ല. നാലാമത്തെയും അഞ്ചാമത്തെയും ബോളുകളില്‍ ക്രുനാല്‍ ബൗണ്ടറി പായിക്കുകയായിരുന്നു. ഈ ഓവറില്‍ 12 റണ്‍സും ആര്‍സിബിയുടെ അക്കൗണ്ടിലേക്കും വന്നു. അപ്പോഴേക്കും ആര്‍സിബി വിജയവും ഉറപ്പാക്കി കഴിഞ്ഞിരുന്നു.