ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയങ്കരനാണ് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛനുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും ക്രിക്കറ്ററെന്ന നിലയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അര്‍ജുന്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനൊപ്പം അടുത്ത സീസണിലും താരത്തെ നമുക്കു കാണാം. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കൊപ്പം കാര്യമായ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സച്ചിന്റെ ഉപദേശ പ്രകാരം അര്‍ജുന്‍ ഗോവയിലേക്കു തട്ടകം മാറിയിരുന്നു.
ഈ കൂടുമാറ്റം താരത്തിന്റെ കരിയറിനും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ബാറ്റിങിനൊപ്പം ബൗളിങിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഗോവയ്ക്കായി അര്‍ജുന്‍ കാഴ്ച വച്ചു കഴിഞ്ഞു. അര്‍ജുനെപ്പോലെ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം തന്നെ തുടങ്ങിയിട്ടുള്ള താരമാണ് സച്ചിന്‍. ഇരുവര്‍ക്കും മുംബൈ ടീമില്‍ ലഭിച്ചിട്ടുള്ള പ്രതിഫലത്തിലെ വ്യത്യാസം എത്രയാണെന്നു നമുക്കു നോക്കാം.

2008ല്‍ അരങ്ങേറി
2008ലെ പ്രഥമ ഐപിഎല്ലിലൂടെയാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറിയത്. അന്നു ടീമിന്റെ ഐക്കണ്‍ താരവും കൂടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കന്നി സീസണ്‍ മുതല്‍ 2013 വരെ അദ്ദേഹം മുംബൈയ്ക്കായി കളിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ സച്ചിന്റെ ഏക ഫ്രാഞ്ചൈസിയും മുംബൈ തന്നെയാണ്. മുംബൈയ്ക്കായി കളിച്ച സീസണുകളിലെല്ലാം ഉയര്‍ന്ന ശമ്പളം തന്നെയാണ് സച്ചിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാവട്ടെ രണ്ടു ലേലത്തില്‍ മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത് അടിസ്ഥാന വിലയ്ക്കായിരുന്നു.
സച്ചിന്റെ ആദ്യ ശമ്പളം
ഐപിഎല്ലിന്റെ കന്നി സീസണില്‍ 4.48 കോടി രൂപയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറിനു മുംബൈ ഇന്ത്യന്‍സ് നല്‍കിയ ശമ്പളം. ഐപിഎല്‍ നിയമപ്രകാരം ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി വാങ്ങിയ ഏറ്റവും വിലയേറിയ താരത്തേക്കാള്‍ 15 ശതമാനം അധികം ഐക്കണ്‍ താരത്തിനു പ്രതിഫലമായി നല്‍കണമായിരുന്നു അന്നത്തെ നിയമം. ഇതു കാരണമാണ് അഞ്ചു കോടിയോളം രൂപ സച്ചിന് പ്രതിഫലമായി തുടക്കത്തില്‍ തന്നെ ലഭിച്ചത്.
2008ല്‍ മാത്രമല്ല 2009, 2010 സീസണുകളിലും മുംബൈയില്‍ അദ്ദേഹത്തിന്റെ ശമ്പളം ഇതേ തുക തന്നെയായിരുന്നു. 2010ല്‍ സച്ചിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ആദ്യമായി ഫൈനലില്‍ കളിക്കുകയും ചെയ്തു. പക്ഷെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു കലാശപ്പോരില്‍ മുംബൈ കീഴടങ്ങുകയായിരുന്നു.
2011ലെ മെഗാ ലേലത്തിനു മുമ്പ് 8.28 കോടി രൂപയ്ക്കാണ് സച്ചിനെ മുംബൈ നിലനിര്‍ത്തിയത്. 2013ല്‍ വിരമിക്കുന്നതു വരെ ഇതേ പ്രതിഫലം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. 2013ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് മുംബൈ ആദ്യ ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയത്. സീസണിനു ശേഷം സച്ചിന്‍ രാജകീയമായി തന്നെ വിരമിക്കുകയും ചെയ്തു.

അര്‍ജുന്റെ ശമ്പളമെത്ര?
സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈ ഇന്ത്യന്‍സിലെ ശമ്പളത്തിന്റെ കാര്യത്തില്‍ അര്‍ജുന്‍ ഏഴയലത്തു പോലും വലില്ലെന്നതാണ് കൗതുകകരമായ കാര്യം. ഔദ്യോഗികമായി മുംബൈയുടെ താരമാവുന്നതിനു മുമ്പ് തന്നെ അവരുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു അര്‍ജുന്‍. ഒടുവില്‍ 2021ലെ ലേലത്തിലാണ് അദ്ദേഹം ഒഫീഷ്യലായി മുംബൈ താരമായി മാറിയത്.
ലേലത്തില്‍ 20 ലക്ഷം രൂപ മാത്രമായിരുന്നു അര്‍ജുന്റെ അടിസ്ഥാന വില. അന്നു ഗുജറാത്ത് ടൈറ്റന്‍സും താരത്തിനായി താല്‍പ്പര്യം കാണിക്കുകയും ചെയ്തു. ഒടുവില്‍ 30 ലക്ഷത്തിന് അര്‍ജുനെ മുംബൈ കൈക്കലാക്കുകയായിരുന്നു. 2022ലും 2023ലും ഇതേ തുകയ്ക്കു താരത്തെ മുംബൈ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണിനു ശേഷം അര്‍ജുനെ മുംബൈ കൈവിടുകയും ചെയ്തു.
മെഗാ ലേലത്തിനു മുമ്പ് താരങ്ങളുടെ അടിസ്ഥാന വില 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി ബിസിസിഐ ഉയര്‍ത്തിയിരുന്നു. ഈ തുകയ്ക്കാണ് അര്‍ജുനും രജിസ്റ്റര്‍ ചെയ്തത്. ലേലത്തില്‍ ആദ്യം താരത്തിന്റെ പേര് വിളിക്കപ്പെട്ടപ്പോള്‍ മുംബൈയടക്കം ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം കാണിച്ചില്ല. എന്നാല്‍ ആക്‌സിലറേറ്റഡ് ലേലത്തില്‍ വീണ്ടും അര്‍ജുന്‍ വന്നപ്പോള്‍ 30 ലക്ഷത്തിനു മുംബൈ സ്വന്തമാക്കുകയും ചെയ്തു.
2023ലാണ് മുബൈയ്‌ക്കൊപ്പം അര്‍ജുന്‍ അരങ്ങേറിയത്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ തവണയാവട്ടെ ഒരു കളിയില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചുള്ളൂ. ഇതില്‍ വിക്കറ്റൊന്നും നേടാനുമായില്ല.