ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിനോടകം ടീമുകളെല്ലാം ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. നായകന്മാരേയും പരിശീലകരേയുമടക്കം മാറ്റിയാണ് പല ടീമുകളും പുതിയ സീസണിനായി ഒരുങ്ങുന്നത്. മെഗാ ലേലം നടക്കാനുള്ളതിനാല്‍ എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി തന്നെ ഉണ്ടാവുമെന്നുറപ്പാണ്. പല സീനിയര്‍ താരങ്ങളുടേയും ഭാവി ഇതിനോടകം ചോദ്യമുയര്‍ത്തുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ ആരെയൊക്കെയാവും നിലനിര്‍ത്തുക.
മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിക്ക് സീറ്റുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് ധോണി. കാലിന്റെ പരിക്ക് തളര്‍ത്തിയിട്ടും കഴിഞ്ഞ രണ്ട് സീസണിലും കളിക്കാന്‍ ധോണിക്കായിരുന്നു. അടുത്ത സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവുമെന്നാണ് സൂചനകളുള്ളത്. എന്നാല്‍ ധോണിയെ അണ്‍ക്യാപ്പഡ് താരമായി നിലനിര്‍ത്താനാണ് സിഎസ്‌കെയുടെ പദ്ധതി.

അങ്ങനെ വരുമ്പോള്‍ സാമ്പത്തികമായി നാല് കോടി രൂപയാവും ധോണിക്ക് പ്രതിഫലമായി ലഭിക്കുക. നിലവില്‍ 12 കോടി രൂപയാണ് ധോണിയുടെ പ്രതിഫലം. എന്നാല്‍ അണ്‍ക്യാപ്പ്ഡ് താരമാവുമ്പോള്‍ നാല് കോടിയിലേക്ക് ധോണിയുടെ പ്രതിഫലം കുറയും. എട്ട് കോടി രൂപയോളം നഷ്ടത്തില്‍ അടുത്ത സീസണില്‍ ധോണി കളിക്കാന്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സീസണില്‍ ധോണി നായകസ്ഥാനമൊഴിഞ്ഞ് റുതുരാജ് ഗെയ്ക് വാദിന് നായകസ്ഥാനം നല്‍കിയിരുന്നു.
നായകസ്ഥാനമൊഴിഞ്ഞ് ഒരു സീസണില്‍ ധോണി തുടര്‍ന്ന് റുതുരാജിനെ മികച്ച നായകനാക്കി മാറ്റാനായിരുന്നു പദ്ധതി. എന്നാല്‍ അവസാന സീസണില്‍ നായകനെന്ന നിലയിലെ റുതുരാജിന്റെ പ്രകടനം മോശമായിരുന്നു. ബാറ്റിങ്ങിലും താരം പിന്നോട്ട് പോയി. ഈ സാഹചര്യത്തില്‍ ധോണി ഒരു സീസണില്‍ക്കൂടി സിഎസ്‌കെയ്‌ക്കൊപ്പം തുടരാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ധോണിയും അനുകൂല നിലപാടെടുത്തേക്കും.
ഫിറ്റ്‌നസ് അനുവദിച്ചാല്‍ ധോണി എന്തായാലും സിഎസ്‌കെയ്ക്കായി കളിക്കും. പരിക്ക് പ്രശ്‌നമായാല്‍ മാത്രമേ അദ്ദേഹം വിട്ടുനില്‍ക്കൂ. നാല് കോടി മാത്രം പ്രതിഫലമെന്നത് ധോണിയെ സംബന്ധിച്ച് സിഎസ്‌കെയില്‍ കളിക്കാന്‍ തടസമാവില്ല. ധോണി അടുത്ത സീസണിലും സിഎസ്‌കെയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ കളിക്കാനാണ് കൂടുതല്‍ സാധ്യത. വിരമിച്ചാലും സിഎസ്‌കെ വിട്ട് എങ്ങോട്ടും പോകില്ലെന്നത് ധോണി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്.
സിഎസ്‌കെയുടെ ഉപദേഷ്ടാവിന്റെ റോളില്‍ ധോണിയെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ധോണി എത്തണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. എന്നാല്‍ ധോണി ഇതിന് തയ്യാറാവില്ലെന്നുറപ്പാണ്. അതിന് കാരണം സിഎസ്‌കെയില്‍ തുടരാനുള്ള ധോണിയുടെ താല്‍പര്യമാണ്. എന്തായാലും വലിയ പൊളിച്ചെഴുത്ത് സിഎസ്‌കെ ടീമിലുണ്ടാവുമെന്നുറപ്പാണ്. റുതുരാജിനൊപ്പം രവീന്ദ്ര ജഡേജ, ഡെവോണ്‍ കോണ്‍വേ എന്നിവരെയാവും സിഎസ്‌കെ നിലനിര്‍ത്തുക.
മറ്റ് താരങ്ങളെയെല്ലാം കൈയൊഴിയാനാണ് സാധ്യത. സിഎസ്‌കെയുടെ ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും മെച്ചപ്പെടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ചില സൂപ്പര്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. ധോണിയുടെ ബാക്കപ്പായി റിഷഭ് പന്തിനെ കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമം നടത്തുന്നുണ്ടെന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്തായാലും ധോണി ഏതെങ്കിലും റോളില്‍ സിഎസ്‌കെയോടൊപ്പം തുടരുമെന്ന കാര്യം ഉറപ്പാണ്.
ധോണിക്കും സിഎസ്‌കെയ്ക്കും വരുന്ന സീസണ്‍ പ്രധാനപ്പെട്ടതാണ്. മുഖ്യ ശത്രുക്കളായ മുംബൈ ഇന്ത്യന്‍സും അടുത്ത സീസണില്‍ കപ്പ് ലക്ഷ്യമാക്കി വലിയ മാറ്റങ്ങളോടെയാവും ഇറങ്ങുക. നിലവില്‍ ഇരു ടീമിനും അഞ്ച് കിരീടങ്ങള്‍ വീതമാണുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ കപ്പടിച്ച് മുന്നിലെത്താന്‍ ഇരു ടീമും ശ്രമിക്കും. ധോണി തുടര്‍ന്നാല്‍ സിഎസ്‌കെയ്ക്കത് കൂടുതല്‍ കരുത്തു പകരുമെന്ന കാര്യം ഉറപ്പാണ്.