ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ വീണ്ടും കൈയടി നേടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
ഉജ്ജ്വലമായി ബൗള്‍ ചെയ്ത സിഎസ്‌കെ ബൗളര്‍മാര്‍ എല്‍എസ്ജിയെ ഏഴു വിക്കറ്റിനു 166 റണ്‍സില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ധോണിയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് ലഖ്‌നൗവിനെ 170ല്‍ താഴെ റണ്‍സിനു എറിഞ്ഞൊതുക്കാന്‍ ചെന്നൈയെ സഹായിച്ചത്. എങ്ങനെയാണ് ധോണിയുടെ ബൗളിങ് റൊട്ടേഷനും ഫീല്‍ഡ് ക്രമീകരണവും എല്‍എസ്ജിയെ തകര്‍ത്തതെന്നു നോക്കാം.

മധ്യ ഓവറുകളില്‍ എല്‍എസ്ജി പതറി
എകാന സ്റ്റേഡിയത്തിലെ പിച്ചില്‍ പേസര്‍മാരേക്കാള്‍ സ്ലോ ബൗളര്‍മാര്‍ക്കാണ് ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയെന്നു വ്യക്തമായതോടെ തന്റെ സ്പിന്നര്‍മാരെ വളരെ മികച്ച രീതിയില്‍ എംഎസ് ധോണി ഈ കളിയില്‍ ഉപയോഗിച്ചു. പ്രത്യേകിച്ചും 13നും 17നും ഓവറുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി എടുത്തു പറയേണ്ടതാണ്. ഈ അഞ്ചോവറില്‍ വെറും 26 റണ്‍സ് മാത്രമേ എല്‍എസ്ജിക്കു നേടാന്‍ കഴിഞ്ഞുള്ളൂ. ഒരു വിക്കറ്റ് മാത്രമാണ് ഇതിനിടെ നഷ്ടമായതെങ്കിലും റണ്ണെടുക്കാവാതെ അവര്‍ ശരിക്കും വലഞ്ഞു.
12ാം ഓവറില്‍ ഇംഗ്ലീഷ് പേസര്‍ ജാമി ഒവേര്‍ട്ടനാണ് ബൗള്‍ ചെയ്തത്. രണ്ടു സിക്‌സറുകളടക്കം 14 റണ്‍സും താരം വാരിക്കോരി നല്‍കി. മൂന്നു വിക്കറ്റിനു 95 റണ്‍സെന്ന നിലയിലാണ് ലഖ്‌നൗ 12ാം ഓവര്‍ അവസാനിപ്പിച്ചത്. 29 റണ്‍സോടെ ക്യാപ്റ്റന്‍ റിഷഭ് പന്തും 20 റണ്‍സുമായി ആയുഷ് ബദോനിയുമായിരുന്നു ക്രീസില്‍.
ഏഴു വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ ശേഷിച്ച എട്ടോവറില്‍ 80-90 റണ്‍സെങ്കിലും എല്‍എസ്ജി അടിച്ചെടുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ 13ാം ഓവറില്‍ തന്റെ കുന്തമുനയായ മതീശ പതിരാനയെ കൊണ്ടുവന്ന് ധോണി ആദ്യത്തെ മാറ്റം നടത്തി. ഈ ഓവറില്‍ എട്ടു റണ്‍സ് മാത്രമേ ലങ്കന്‍ പേസര്‍ വഴങ്ങിയുള്ളൂ.
രണ്ടോവറില്‍ എട്ടു റണ്‍സ് വഴങ്ങിയ നൂര്‍ അഹമ്മദിനെ അടുത്ത സ്‌പെല്ലിനായി ധോണി തിരിച്ചുവിളിക്കുമെന്നു കരുതിയെങ്കിലും രവീന്ദ്ര ജഡേജയെയാണ് മൂന്നാം ഓവറിനായി ധോണി കൊണ്ടുവന്നത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. നാലാമത്തെ ബോളില്‍ അപകടകാരിയായ ആയുഷ് ബദോനിയെ (22) ജഡ്ഡു മടക്കുകയായിരുന്നു. ധോണിയുടെ മിന്നല്‍ സ്റ്റംപിങാണ് ബദോനിയെ വീഴ്ത്തിത്. ഈ ഓവറില്‍ ലഖ്‌നൗവിനു ലഭിച്ചത് നാലു റണ്‍സ് മാത്രം.

15ാം ഓവറില്‍ നൂറിനെ തിരികെ കൊണ്ടുവന്ന ധോണി എല്‍എസ്ജിയെ ശരിക്കും പൂട്ടി. ഈ ഓവറില്‍ ലഖ്‌നൗവിനു ലഭിച്ച് രണ്ടു സിംഗിളുകള്‍ മാത്രം. ശേഷിച്ച നാലും ഡോട്ട് ബോളുകളാവുകയും ചെയ്തു. 16ാം ഓവര്‍ പതിരാനയ്ക്കായിരുന്നു.
ജഡ്ഡുവിന്റെ ക്വാട്ട പൂര്‍ത്തിയാക്കിയാതെയാണ് ധോണി ഇത്തരമൊരു നീക്കം നടത്തിയത്. ഒരു സിക്‌സര്‍ വഴങ്ങിയെങ്കിലും ഒമ്പതു റണ്‍സ് മാത്രമേ പതിരാന വഴങ്ങിയുള്ളൂ. 17ാം ഓവറില്‍ നൂറിനെ പരീക്ഷിക്കാനുള്ള ധോണിയുടെ നീക്കവും വിജയം കണ്ടു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വെറും മൂന്നു റണ്‍സ് മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍ വഴങ്ങിയത്. ഇതാടെ 12ാം ഓവറില്‍ മൂന്നു വിക്കറ്റിനു 95 റണ്‍സിലുണ്ടായിരുന്ന എല്‍എസ്ജി 17ാം ഓവറില്‍ നാലിന് 121ലേക്കു ഒതുക്കപ്പെടുകയും ചെയ്്തു.