മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രണ്ടാം എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈക്ക് മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് സിഎസ്‌കെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 176 റണ്‍സാണ് നേടാനായത്. ആദ്യ 11 ഓവറില്‍ 73 റണ്‍സ് മാത്രമാണ് സിഎസ്‌കെ നേടിയത്. എന്നാല്‍ പിന്നീടുള്ള ഒമ്പത് ഓവറുകളില്‍ നിന്ന് 103 റണ്‍സ് നേടി പൊരുതാവുന്ന സ്‌കോറിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്കായി.
മറുപടിക്കിറങ്ങിയ മുംബൈക്കായി റിയാന്‍ റിക്കില്‍റ്റനും രോഹിത് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറില്‍ത്തന്നെ രണ്ട് ബൗണ്ടറികള്‍ പായിച്ച് റിക്കില്‍ട്ടന്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ ആദ്യ ഓവറില്‍ത്തന്നെ മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സിഎസ്‌കെയ്ക്ക് അവസരം ലഭിച്ചിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് വിക്കറ്റ് അവസരം ലഭിച്ചത്. എന്നാല്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ വലിയ മണ്ടത്തരം മുംബൈക്ക് കരുത്താവുകയായിരുന്നു.
റിയാന്‍ റിക്കില്‍ട്ടനെ എല്‍ബിയില്‍ കുടുക്കാന്‍ ലഭിച്ച അവസരമാണ് ധോണിയുടെ പിഴവില്‍ നഷ്ടമായത്. ബൗളര്‍ ഖലീല്‍ അഹമ്മദ് കാര്യമായി അപ്പീല്‍ ചെയ്യാതിരുന്നതും മുംബൈക്ക് കരുത്തായി മാറി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തുടക്കത്തിലെ തകര്‍ത്ത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഭിച്ച അവസരം സിഎസ്‌കെ നഷ്ടമാക്കിയെന്ന് തന്നെ പറയാം.
ആദ്യ ഓവറില്‍ത്തന്നെ കൂട്ടുകെട്ട് പൊളിക്കാമായിരുന്നു
മുംബൈക്കായി വെടിക്കെട്ട് തുടക്കമാണ് റിയാന്‍ റിക്കില്‍ട്ടന്‍ കാഴ്ചവെച്ചത്. ഖലീല്‍ അഹമ്മദിനെ രണ്ട് ബൗണ്ടറിയടക്കം പായിച്ച് റിക്കില്‍ട്ടന്‍ കരുത്തുകാട്ടി. ഔട്ട് സ്വിങ്ങറിനെ റിക്കില്‍ട്ടന്‍ നന്നായി നേരിടുന്നത് മനസിലാക്കിയ ഖലീല്‍ അഞ്ചാം പന്തില്‍ മികച്ചൊരു ഇന്‍സ്വിങ്ങറാണ് എറിഞ്ഞത്. ഈ പന്ത് റിക്കില്‍ട്ടണിന്റെ പാഡില്‍ത്തട്ടി സ്ലിപ്പില്‍ വിജയ് ശങ്കറിന്റെ കൈയിലേക്കെത്തി. ചെറുതായി അപ്പീല്‍ ചെയ്ത ശേഷം ഖലീല്‍ ധോണിയെ നോക്കിയെങ്കിലും സിഎസ്‌കെ നായകന്‍ ഇത് അവഗണിച്ചു.
സ്ലിപ്പില്‍ നിന്ന വിജയ് ശങ്കര്‍ ഔട്ടാണെന്ന സംശയം ഉയര്‍ത്തിയപ്പോഴും ധോണി കാര്യമായി ഇതെടുത്തില്ല. റിവ്യൂ ചെയ്യാതെ ഈ പന്തിനെ സിഎസ്‌കെ വിട്ടുകളഞ്ഞു. എന്നാല്‍ ഇത് വിക്കറ്റായിരുന്നുവെന്ന് പിന്നീട് റിപ്ലേയില്‍ വ്യക്തമായി. പന്ത് സ്റ്റംപിലേക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ റിവ്യൂ ചെയ്യാന്‍ ധോണി തയ്യാറാവാത്തതിനാല്‍ ഈ വിക്കറ്റ് സിഎസ്‌കെയ്ക്ക് നഷ്ടമാവുകയായിരുന്നു. തുടക്കത്തിലേ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലഭിച്ച അവസരമാണ് ധോണി നഷ്ടപ്പെടുത്തിയത്.

വിജയ് ശങ്കര്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഇത് ധോണി അവഗണിച്ചു. പന്ത് ബാറ്റില്‍ ടെച്ചില്ലായിരുന്നു. എന്നാല്‍ റിവ്യൂ ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത് എല്‍ബി ലഭിക്കുമായിരുന്നു. പക്ഷെ ധോണിക്ക് പറ്റിയ വലിയ മണ്ടത്തരം മുംബൈക്ക് തകര്‍പ്പന്‍ തുടക്കം നല്‍കുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ മുംബൈക്ക് ഫിഫ്റ്റി കൂട്ടുകെട്ട്
ആദ്യ ഓവറില്‍ ലഭിച്ച ലൈഫിനെ നന്നായി മുതലാക്കി കളിക്കാന്‍ മുംബൈ ഓപ്പണര്‍മാര്‍ക്കായി. റിക്കില്‍ട്ടനെ സാക്ഷിയാക്കി രോഹിത് ശര്‍മയാണ് കടന്നാക്രമിച്ചത്. ഖലീല്‍ അഹമ്മദിനേയും ജാമി ഓവര്‍ട്ടനേയും പഞ്ഞിക്കിടാന്‍ രോഹിത്തിനായി. ആര്‍ അശ്വിനെ കരുതലോടെ കളിച്ച ഇരുവരും പേസര്‍മാരെ ലക്ഷ്യമിട്ടാണ് കടന്നാക്രമിച്ചത്. പവര്‍പ്ലേയില്‍ 62 റണ്‍സാണ് വിക്കറ്റ് പോവാതെ മുംബൈ നേടിയെടുത്തത്. ഇതിന് സഹായിച്ചത് സിഎസ്‌കെയുടെ വലിയ പിഴവാണെന്ന് തന്നെ പറയാം.
ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീണിരുന്നെങ്കില്‍ ഇത്തരമൊരു കടന്നാക്രമണത്തിന് മുംബൈ ധൈര്യം കാട്ടില്ലായിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ വീഴ്ച മുംബൈ നന്നായി മുതലാക്കി. 63 റണ്‍സിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സെടുത്ത റിക്കില്‍ട്ടനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. 10 റണ്‍സില്‍ റിക്കില്‍ട്ടനെ പുറത്താക്കാന്‍ ലഭിച്ച അവസരമാണ് സിഎസ്‌കെ നഷ്ടപ്പെടുത്തിയത്.
ബാറ്റിങ്ങിലും ഫ്‌ളോപ്പായി ധോണി
അവസാനമായി എംഎസ് ധോണി മുംബൈയിലെ വാംഖഡെയില്‍ കളിച്ചത് എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്ന തരത്തിലാണ്. ധോണിയുടെ കാലം കഴിഞ്ഞുവെന്ന് എല്ലാവരും വിലയിരുത്തിയ സമയത്ത് നാല് പന്തില്‍ 20 റണ്‍സെടുത്ത് സൂപ്പര്‍ ഫിനിഷിങ് നടത്താന്‍ ധോണിക്കായിരുന്നു. മൂന്ന് സിക്‌സാണ് അന്ന് അവസാന ഓവറില്‍ ധോണി നേടിയത്. എന്നാല്‍ ഇത്തരമൊരു വെടിക്കെട്ട് ഇത്തവണ ഉണ്ടായില്ല. ആറ് പന്ത് നേരിട്ട് നാല് റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ആറാമനായി ക്രീസിലെത്തിയ ധോണി ജസ്പ്രീത് ബുംറയെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.