കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേഓഫിലേക്കു അതിവേഗം കുതിക്കുകയാണ്. കൈആറിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ 39 റണ്‍സിനു തുരത്തിയ ജിടി എട്ടു മല്‍സരങ്ങളില്‍ നിന്നും ആറാമത്തെ വിജയമാണ് വരുതിയിലാക്കിയത്. ശേഷിച്ച ആറു മല്‍സരങ്ങളില്‍ ഇനി വെറും രണ്ടെണ്ണം മാത്രം ജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫ് ഉറപ്പിക്കാം.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ 199 റണ്‍സിന്റെ വിജയലക്ഷ്യമാണ് കെകെആറിനു ജിടി നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഒരിക്കല്‍ പോലും ചിത്രത്തില്‍ ഇല്ലാതിരുന്ന കെകെആര്‍ എട്ടു വിക്കറ്റിനു 159 റണ്‍സ് മാത്രമെടുത്ത് കളി കൈവിടുകയായിരുന്നു.
യഥാര്‍ഥത്തില്‍ ഈ കളിയിലെ ടേണിങ് പോയിന്റെന്നു പറയാവുന്നത് കെകെആറിന്റെ വമ്പടിക്കാരനായ സുനില്‍ നരെയ്‌ന്റെ പുറത്താവലാണ്. ഇതിനു പിന്നിലാവട്ടെ ജിടി പേസര്‍ മുഹമ്മദ് സിറാജൊരുക്കിയ തന്ത്രവുമാണ്. ഇതു എന്താണെന്നു നോക്കാം.

സിറാജിന്റെ തന്ത്രമെന്ത്?
199 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ചേസ് ചെയ്യവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പാളി. മുഹമ്മദ് സിറാജെറിഞ്ഞ ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ വെടിക്കെട്ട് ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താതി. മുഹമ്മദ് സിറാജാണ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അപ്പോള്‍ കെകെര്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും റണ്‍സ് മാത്രം.
തുടര്‍ന്നെത്തിയ നായകന്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുമായി സുനില്‍ നരെയ്ന്‍ കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം പതിയെ പിടിമുറുക്കവെയാണ് സിറാജിന്റെ ഒരു തന്ത്രം കെകെആറിന്റെ താളം തെറ്റിക്കുന്നത്.
പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ നാലാം ഓവറിലെ നാലാമത്തയും അവസാനത്തെയും ബോളുകളില്‍ രഹാനെ ബൗണ്ടറികള്‍ പായിച്ചു. അടുത്ത ഓവര്‍ സിറാജിനായിരുന്നു. ആദ്യ ബോളില്‍ നരെയ്ന്‍ ഫോര്‍ നേടി. ഫുള്‍ ടോസ് ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ അദ്ദേഹം ബൗണ്ടറി കടത്തുകയായിരുന്നു. അടുത്ത ബോളില്‍ കിടിലനൊരു സിക്‌സര്‍. എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് ഷോട്ട് റോക്കറ്റ് കണക്കെ ചീറിപ്പാഞ്ഞത്.
ഇതോടെ അവസാനത്തെ അഞ്ചു ബോളിനിടെ കെകെആര്‍ വാരിക്കൂട്ടിയത് മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍സ്. നരെയ്‌നും രഹാനെയും പതിയെ ട്രാക്ക് മാറ്റി അഗ്രസീവ് ശൈലിയിലേക്കു മാറിയ നിമിഷമായിരുന്നു. രണ്ടു പേരും മികച്ച താളത്തില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കെ അതു ബ്രേക്ക് ചെയ്യേണ്ടത് ആവശ്യമായിരുന്നു. സിറാജ് അതു തന്നെ ചെയ്തു.
ഓവറിലെ നാലാമത്തെ ബോളിനു ശേഷം അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി പരിക്കേറ്റതു പോലെ താഴെ കിടക്കുയായിരുന്നു. ഇതോടെ കളിയില്‍ അല്‍പ്പസമയം ബ്രേക്കും വന്നു. സിറാജിനും ജിടിക്കും വേണ്ടിയിരുന്നതും ഇതു തന്നെയായിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം വളരെ കൂളായി എഴുന്നേറ്റ അദ്ദേഹം 140 പ്ലസ് വേഗതയിലുള്ള പന്താണ് എറിഞ്ഞത്. നേരത്തേ പരിക്കേറ്റു വീണതിന്റെ യാതൊരു പ്രശ്‌നങ്ങളും സിറാജിന്റെ ബൗളിങില്‍ കണ്ടതുമില്ല.

നല്ല ഒഴുക്കോടെ ബാറ്റ് ചെയ്യവെ പെട്ടെന്നു കളിയിലുണ്ടായ ബ്രേക്ക് കെകെആറിനു തിരിച്ചടിയായി. തൊട്ടടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ നരെയ്ന്‍ മടങ്ങുകയും ചെയ്തു. ഇതോടെ കെകെആറിന്റെ സ്‌കോറിങിനു വേഗതയും കുറയുകയായിരുന്നു. പിന്നീട് വന്നവരെല്ലാം റണ്ണെടുക്കാന്‍ വിഷമിക്കുകയും ഇതിനിടെ വിക്കറ്റുകളും വീണു കൊണ്ടിരിക്കുകയും ചെയ്തു.
സിറാജിന്റെ ആ തന്ത്രമാണ് കെകെആറിന്റെ താളം നഷ്ടമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പയറ്റിയതും ഇതേ അടവ് തന്നെ. അന്നു സൗത്താഫ്രിക്ക അനായാസം റണ്‍ചേസില്‍ വിജയത്തിലേക്കു കുതിക്കവെ റിഷഭ് പരിക്കേറ്റെന്നു അഭിനയിച്ച് കളിയില്‍ മനപ്പൂര്‍വ്വം ബ്രേക്ക് കൊണ്ടുവന്നിരുന്നു. കളി പുനരാരംഭിച്ച ശേഷം സൗത്താഫ്രിക്കയുടെ താളം നഷ്ടമാവുകയും ഇതു ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയുമായിരുന്നു.