ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. ലഖ്‌നൗവിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. ആറ് മത്സരത്തില്‍ നാലിലും ജയിച്ച ലഖ്‌നൗ നിലവില്‍ നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. രണ്ട് ടീമിനും ഇന്നത്തെ ജയം അനിവാര്യമാണെന്ന് പറയാം.
ഹാട്രിക് ജയം നേടിയാണ് റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വരവ്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ലഖ്‌നൗവിന് സാധിക്കുന്നുണ്ട്. ഇത്തവണ ശരാശരി ബൗളിങ് നിര മാത്രമാണ് ലഖ്‌നൗവിന്റേത്. എന്നിട്ടും ടീമിന് ജയിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. സിഎസ്‌കെ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ വമ്പന്‍ ജയം പ്രതീക്ഷിച്ചാവും ഇന്ന് ലഖ്‌നൗ ഇറങ്ങുക. ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്ന് ലഖ്‌നൗവിന് ഒന്നാമതെത്താനും ഇന്ന് അവസരമുണ്ട്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ 10 പോയിന്റിലേക്കെത്താം
നിലവില്‍ ആറ് മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ എട്ട് പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഇന്ന് സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ 10 പോയിന്റിലേക്കെത്താന്‍ ലഖ്‌നൗവിന് സാധിക്കും. ഈ സീസണില്‍ ആദ്യമായി 10 പോയിന്റ് നേടുന്ന ടീമായി മാറാനും ലഖ്‌നൗവിന് സാധിക്കും. നിലവില്‍ ആറ് മത്സരത്തില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് തലപ്പത്തുള്ളത്. ലഖ്‌നൗവിന് ഇന്ന് സിഎസ്‌കെയെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താന്‍ സാധിക്കും.
റിഷഭ് പന്തിന്റെ ലഖ്‌നൗവിന് സിഎസ്‌കെയെ തോല്‍പ്പിക്കുകയെന്നത് വലിയ പ്രയാസമാവില്ല. റുതുരാജ് ഗെയ്ക് വാദ് പരിക്കേറ്റ് പുറത്തായതോടെ എംഎസ് ധോണിക്ക് കീഴിലാണ് സിഎസ്‌കെ കളിക്കുന്നത്. ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന സിഎസ്‌കെയെ അനായാസമായിത്തന്നെ ലഖ്‌നൗ തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ശക്തമായൊരു തിരിച്ചുവരവ് നിലവിലെ ടീമിനെ ഉപയോഗിച്ച് സിഎസ്‌കെയ്ക്ക് അസാധ്യമാണെന്ന് തന്നെ പറയാം. ടെസ്റ്റ് നിലവാരമുള്ള താരങ്ങളെ ഉപയോഗിച്ച് ജയിക്കാന്‍ സിഎസ്‌കെയെ ഭാഗ്യം അത്ഭുതകരമായി പിന്തുണക്കേണ്ടിയിരിക്കുന്നു.

റിഷഭിന്റെ ഫോമാണ് ലഖ്‌നൗവിന്റെ പ്രശ്‌നം
മിച്ചല്‍ മാര്‍ഷ് ഇന്നും ലഖ്‌നൗ നിരയില്‍ ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ റിഷഭ് പന്ത് ഓപ്പണര്‍ റോളില്‍ തുടരാനാണ് സാധ്യത. ഇത്തവണ ലഖ്‌നൗ മികവ് കാട്ടുമ്പോഴും ടീമിനെ പിന്നോട്ടടിക്കുന്നത് റിഷഭ് പന്തിന്റെ മോശം ഫോമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ പ്രതീക്ഷക്കൊത്ത റണ്‍സ് നേടാനോ ലഖ്‌നൗ നായകന് സാധിക്കുന്നില്ല. 27 കോടി പ്രതിഫലത്തിലാണ് റിഷഭിനെ ലഖ്‌നൗ ടീമിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈ പ്രതിഫലത്തോട് നീതികാട്ടുന്ന പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കാത്തത് ടീമിന് വലിയ നിരാശയായി മാറുന്നു.
നിക്കോളാസ് പുരാന്റെ പ്രകടനമാണ് ലഖ്‌നൗവിന്റെ കരുത്ത്. താരം സ്ഥിരതയോടെ മികവ് കാട്ടുന്നുണ്ട്. സിഎസ്‌കെയ്‌ക്കെതിരേയും ഇതേ മികവ് കാട്ടാന്‍ പുരാന് സാധിക്കേണ്ടതായുണ്ട്. ശാര്‍ദ്ദുല്‍ ഠാക്കൂറും ആവേശ് ഖാനും നയിക്കുന്ന ലഖ്‌നൗ പേസ് നിരയില്‍ ആകാശ് ദീപുമുണ്ട്. ഇവരെല്ലാം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ അവസാന ഓവറുകളിലും ന്യൂബോളിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നുണ്ട്. ഇത് ലഖ്‌നൗവിന്റെ കരുത്തുയര്‍ത്തുന്ന കാര്യമാണ്. എന്തായാലും സിഎസ്‌കെയ്‌ക്കെതിരേ മുന്‍തൂക്കം ലഖ്‌നൗവിനാണെന്ന് പറയാം.
സിഎസ്‌കെ ഇനിയൊരു മത്സരം കൂടി തോറ്റാല്‍ ആരാധകര്‍ ടീമിനെതിരേ കൂടുതല്‍ ശക്തമായി രംഗത്തെത്തും. ധോണി വിരമിക്കണമെന്ന ആവശ്യം ഇതിനോടകം ആരാധകര്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് ഈ മത്സരം എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്.