ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ 13 പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ ഡല്‍ഹിക്കായി. മുന്‍ ലഖ്‌നൗ നായകനും സീനിയര്‍ താരവുമായ കെ എല്‍ രാഹുല്‍ ഡല്‍ഹിക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. 42 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 57 റണ്‍സോടെ രാഹുല്‍ പുറത്താവാതെ നിന്നു.
രാഹുലിനെ സംബന്ധിച്ച് ഇത് മധുര പ്രതികാരം കൂടിയാണ്. മോശം പ്രകടനം നടത്തുന്ന താരമെന്നും വ്യക്തിഗത നേട്ടം നോക്കുന്ന താരമെന്നും മുദ്രകുത്തി പുറത്താക്കിയ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കെയോട് ഗംഭീര പ്രകടനം കൊണ്ട് പകവീട്ടാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. മത്സരത്തിന് ശേഷം കളത്തിലെത്തിയ ഗോയങ്കെ മറ്റ് താരങ്ങളോട് സംസാരിച്ചെങ്കിലും രാഹുലിനെ കാര്യമായി മൈന്റ് ചെയ്തില്ല. മത്സര ശേഷം കൈകൊടുത്തെങ്കിലും അധികം സംസാരിക്കാന്‍ ഗോയങ്കെ തയ്യാറായില്ല. എന്തായാലും രാഹുലിന്റെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയുള്ള ആഘോഷവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ബാറ്റുയര്‍ത്തിയത് ഗോയങ്കെക്ക് നേരെ
മൂന്ന് വര്‍ഷം ലഖ്‌നൗവിന്റെ ഭാഗമായിരുന്ന താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ ലഖ്‌നൗവിനെ സാഹചര്യം മറ്റാരെക്കാളും നന്നായി രാഹുലിന് അറിയാം. ഇത് മുതലാക്കിയാണ് താരം കളിച്ചതെന്ന് പറയാം. ലഖ്‌നൗവിനെതിരേ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ പതിവിലും വ്യത്യസ്തമായാണ് ആഘോഷം നടത്തിയത്. ഗ്യാലറിയുടെ ഒരു ഭാഗത്തേക്ക് ബാറ്റുയര്‍ത്തിയാണ് രാഹുല്‍ ആഘോഷം നടത്തിയത്. ഇത് ഗോയങ്കെ ഇരിക്കുന്ന ഭാഗത്തേക്കാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വാര്‍ത്ഥനായ താരമാണെന്ന് വിശേഷിപ്പിച്ച് ഒഴിവാക്കിയ ഗോയങ്കെയ്ക്ക് മുന്നില്‍ മാച്ച് വിന്നിങ് പ്രകടനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. രാഹുലിനെ തഴഞ്ഞ് പകരം 27 കോടിക്ക് ടീമിലെത്തിച്ച റിഷഭ് പന്ത് 13 ശരാശരിയിലാണ് കളിക്കുന്നത്. എന്തായാലും ഗോയങ്കെയുടെ അഹങ്കാരത്തിന് രാഹുല്‍ ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍.
റിഷഭിന്റെ നീക്കം ഒത്തുകളി സംശയമുയര്‍ത്തുന്നു
ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകനായിരുന്ന റിഷഭ് പന്ത് തികച്ചും അപ്രതീക്ഷിതമായാണ് ടീം വിട്ടത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്ക് ഐപിഎല്ലിലെ റെക്കോഡ് പ്രതിഫലമായ 27 കോടിക്കാണ് റിഷഭ് ലഖ്‌നൗവിലെത്തിയത്. ഐപിഎല്ലില്‍ മോശമല്ലാത്ത റെക്കോഡുള്ള റിഷഭില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 14ല്‍ താഴെ ശരാശരിയിലും 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലുമാണ് റിഷഭ് പന്ത് കളിച്ചത്. ഡല്‍ഹിക്കെതിരേ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് താരം മടങ്ങിയത്.
ഇപ്പോഴിതാ റിഷഭിന്റെ മത്സരത്തിലെ നീക്കങ്ങള്‍ക്കെതിരേ ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റിഷഭ് ഒത്തുകളിച്ചുവെന്ന ആരോപണമാണ് ആരാധകര്‍ നടത്തുന്നത്. ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്ത് ചൂണ്ടിക്കാട്ടിയും ബാറ്റിങ് പ്രകടനം ചൂണ്ടിക്കാട്ടിയുമാണ് ആരാധകര്‍ സംശയമുയര്‍ത്തുന്നത്.

ഡല്‍ഹിക്കെതിരേ രണ്ട് കളിയും ഡക്ക്
റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടെങ്കിലും ഇപ്പോഴും കൂറ് ഡല്‍ഹിയോടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ രണ്ട് തവണയും ലഖ്‌നൗ ഡല്‍ഹിയോട് തോറ്റു. ഈ രണ്ട് മത്സരത്തിലും റിഷഭ് ഡക്കിനാണ് പുറത്തായത്. മോശം ഫോമിലാണെങ്കിലും ഡല്‍ഹിയോട് രണ്ട് തവണ ഡക്കായത് സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച ഫോമില്‍ പോയിരുന്ന ലഖ്‌നൗവിന്റെ താളം തെറ്റിച്ചത് അബ്ദുല്‍ സമദ് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ മുതലാണ്.
നാലാം നമ്പറില്‍ എന്തുകൊണ്ടാണ് റിഷഭ് ബാറ്റ് ചെയ്യാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വലിയ പ്രതിഫലത്തില്‍ ടീമിലേക്കെത്തിയ റിഷഭ് മോശം ഫോമിന്റെ പേരില്‍ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുന്നത് ശരിയല്ല. ഫോം കണ്ടെത്തി തിരിച്ചുവരാന്‍ ശ്രമിക്കേണ്ട സാഹചര്യത്തില്‍ പിന്നോട്ടിറങ്ങി ടീമിനെ തോല്‍പ്പിക്കാനാണ് റിഷഭ് ശ്രമിച്ചത്. ഡല്‍ഹിക്കെതിരേ രണ്ട് മത്സരത്തിലും താല്‍പര്യമില്ലാത്തതുപോലെയാണ് റിഷഭ് ബാറ്റ് ചെയ്തത്. മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയത് സംശയിക്കേണ്ട കാര്യമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ശാര്‍ദ്ദുലിനെയും പ്രിന്‍സിനേയും നന്നായി ഉപയോഗിച്ചില്ല
ലഖ്‌നൗവിലെ പിച്ചില്‍ സ്ലോ ബോളുകള്‍ ഫലം കാണുന്നുണ്ടായിരുന്നു. സ്ലോ ഷോര്‍ട്ട് ബോളുകള്‍ വിക്കറ്റ് നേട്ടത്തിലേക്കെത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റിഷഭ് ശാര്‍ദ്ദുല്‍ ഠാക്കൂറിനെ വേണ്ടപോലെ ഉപയോഗിച്ചില്ല. ആദ്യ ഓവറില്‍ 14 റണ്‍സാണ് ശാര്‍ദ്ദുല്‍ വഴങ്ങിയത്. രവി ബിഷ്‌നോയ് നന്നായി തല്ലുകൊണ്ടപ്പോഴും ശാര്‍ദ്ദുലിനെ പരീക്ഷിക്കാതെ റിഷഭ് ഡല്‍ഹിയെ സഹായിച്ചുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എയ്ഡന്‍ മാര്‍ക്രത്തെ ഉപയോഗിച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയത് മികച്ച നീക്കമായി.
എന്നാല്‍ പേസര്‍മാരെ വേണ്ടവിധം ഉപയോഗിക്കാന്‍ ലഖ്‌നൗ നായകന്‍ തയ്യാറായില്ല. പ്രിന്‍സ് യാദവ് ആദ്യ രണ്ടോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. യുവ പേസറെ കെ എല്‍ രാഹുലിനെതിരേ കൂടുതല്‍ ഉപയോഗിക്കണമായിരുന്നു. ആവേശ് ഖാനെ മധ്യ ഓവറുകളില്‍ കൂടുതലായി ഉപയോഗിച്ചതിന് പകരം പ്രിന്‍സിനെ ഈ സമയത്ത് ഉപയോഗിക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. അക്ഷര്‍ പട്ടേല്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. പ്രിന്‍സിനെ നേരിട്ട് വലിയ പരിചയമില്ലാത്തതിനാല്‍ യുവ പേസറെ ഉപയോഗിച്ച് രാഹുല്‍-അക്ഷര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ തയ്യാറാവണമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.