ഡല്‍ഹി: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുലിന്റെ സാന്നിധ്യം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. റിവ്യു എടുക്കുന്ന കാര്യത്തില്‍ തന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കില്ലെന്നു ഈ മല്‍സരത്തില്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
രാഹുലിന്റെ സഹായം കാരണം മുംബൈയുടെ സൂപ്പര്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വമ്പന്‍ വിക്കറ്റ് ഡിസി സ്വന്തമാക്കുകയും ചെയ്തു. ഡിസിക്കു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂ രാഹുല്‍ എങ്ങനെയാണ് നേടിക്കൊടുത്തതെന്നു നോക്കാം.

ഡിസിക്കു ആദ്യത്തെ ബ്രേക്ക്ത്രൂ
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ശേഷം മികച്ച തുടക്കമാണ് രോഹിത് ശര്‍മ- റയാന്‍ റിക്കെല്‍റ്റണ്‍ ജോടി മുംബൈ ഇന്ത്യന്‍സിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഈ ജോടി 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ഇതുവരെ കളിച്ച നാലിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫോമായിട്ടില്ലാത്ത രോഹിത് ഈ കളിയില്‍ ശ്രദ്ധയോടെയാണ് തുടങ്ങിയത്. അനാവശ്യ റിസ്‌കുകള്‍ക്കൊന്നും അദ്ദേഹം മുതിര്‍ന്നില്ല. 12 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 18 റണ്‍സുമായി മുന്നേറവെയാണ് യുവ സ്പിന്നര്‍ വിപ്രാജ് നിഗം അഞ്ചാം ഓവറിലെ അവസാന ബോളില്‍ ഡിസിക്കു ബ്രേക്ക്ത്രൂ നല്‍കിയത്.
അവസാന ഓവറില്‍ ഒരു ഗുഡ് ലെങ്ത് ബോളാണ് വിപ്രാജ് പരീക്ഷിച്ചത്. സ്വീപ്പ് ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ബോള്‍ നേരെ പാഡിസാണ് പതിച്ചത്. പിന്നാലെ വിപ്രാജിന്റെയും വിക്കറ്റിനു പിനന്നില്‍ രാഹുലിന്റെയും ശക്തമായ എല്‍എബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ അതു തള്ളി.
ഇതോടെ ബൗളര്‍ക്കു അരികിലേക്കു വന്ന അക്ഷര്‍ റിവ്യു എടുക്കണോ, വേണ്ടയോ എന്നു സംശയിച്ചു നിന്നു. കരിയറിലെ ആദ്യ ഐപിഎല്‍ മാത്രം കളിക്കുന്ന വിപ്രാജിനെ മാത്രം വിശ്വസിച്ച് റിവ്യു എടുത്താല്‍ പണി കിട്ടിയേക്കും. ഇതാണ് അക്ഷറിനെ ആശയക്കുഴപ്പത്തിലാക്കിയത്.
എന്നാല്‍ റിവ്യു എടുക്കാമെന്നു അക്ഷറിനോടു രാഹുല്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ അക്ഷര്‍ റിവ്യു എടുക്കുകയും ചെയ്തു. ഈ തീരുമാനം പിഴച്ചില്ല. ബോള്‍ വിക്കറ്റുകള്‍ തന്നെയാണ് പതിക്കുകയെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ട്് വിധിക്കുകയായിരുന്നു.
ഇന്നത്തെ കളിയിലെ 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പോറെല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്‌നേഷ് പുത്തൂര്‍.