കൊല്‍ക്കത്ത: ഏകപക്ഷീയമായ വിജയവുമായി ഐപിഎല്ലിന്റെ 18ാം സീസണിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ആദ്യ മല്‍സരം കൂടിയാണിത്. കഴിഞ്ഞ എഡിഷനിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 80 റണ്‍സിനാണ് കെകെഅര്‍ വാരിക്കളഞ്ഞത്.
ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു കെകെആര്‍ നല്‍കിയത്. പക്ഷെ പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മിക്കു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ 16.4 ഓവറില്‍ വെറും 120ന് അവര്‍ കൂടാരം കയറുകയും ചെയ്തു.
അജിങ്ക്യ രഹാനെയുടെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് ഈ മല്‍സത്തില്‍ കെകെറിന്റെ കൂറ്റന്‍ വിജയത്തിനു പിന്നിലെന്നു നിസംശയം പറയാം. അത്ര മികച്ച രീതിയിലാണ് ഈ കളിയില്‍ തന്റെ ബൗളര്‍മാരെ അദ്ദേഹം ഉപയോഗിച്ചതെന്നു കാണാം. യഥാര്‍ഥത്തില്‍ 11 ഓവറില്‍ തന്നെ മല്‍സരഫലം കുറിക്കപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

കിടു ക്യാപ്റ്റന്‍സി
ഈ മല്‍സത്തില്‍ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയെ അതി ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കെകെആര്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കാരണം കഴിഞ്ഞ മൂന്നു കളിയില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ അവസാന സ്ഥാനത്തായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം തട്ടകത്തിലെ ഈ കളിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും രഹാനെയും കെകെആറും ആഗ്രഹിച്ചിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്ത ശേഷം 200 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കളിയില്‍ കെകെആര്‍ ഡ്രൈവിങ് സീറ്റിലായിരുന്നു. പിന്നാലെ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സി മാസ്റ്റര്‍സ്‌ട്രോക്ക് കൂടി വന്നതോടെ എസ്ആര്‍എച്ച് തരിപ്പണമാവുകയും ചെയ്തു. അഞ്ചു ബൗളര്‍മാരെയാണ് ആദ്യ 10 ഓവറിനിടെ അദ്ദേഹം പരീക്ഷിച്ചത്. ഇവെരെല്ലാം ക്യാപ്റ്റന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ഇംപാക്ട് സബായി ഇറങ്ങിയ വൈഭവ് അറോറയും ഹര്‍ഷിത് റാണയുമാണ് കെകെആറിനു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. ഇവവരില്‍ വൈഭവിനു പവര്‍പ്ലേയില്‍ മൂന്നോവര്‍ നല്‍കിയ രഹാനെ പക്ഷെ ഹര്‍ഷിത്തിനു രണ്ടോവര്‍ മാത്രമേ കൊടുത്തുള്ളൂ. ശേഷിച്ച ഒരോവര്‍ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കും നല്‍കി.
ആദ്യ ഓവറിലെ രണ്ടാത്തെ ബോളില്‍ തന്നെ ട്രാവിസ് ഹെഡിനെ (4) മടക്കിയ വൈഭവ് ടീമിനു ആഗ്രഹിച്ചു പോലെയൊരു തുടക്കം തന്നെ നല്‍കി. അടുത്ത ഓവറിലെ അവസാന ബോളില്‍ അഭിഷേക് ശര്‍മയും (2) പുറത്തായതോടെ കെകെആര്‍ ശരിക്കും പരുങ്ങലിലായി.
പക്ഷെ ഞെട്ടല്‍ തീര്‍ന്നില്ല. അടുത്ത ഓവറിലെ ആദ്യ ബോളില്‍ ഇഷാന്‍ കിഷനെയും (2) വൈഭവ് തിരിച്ചതോടെ എസ്ആര്‍എച്ച് മൂന്നിന് ഒമ്പതിലേക്കും തകര്‍ന്നു. ഈ ഓവര്‍ മെയ്ഡനുമായപ്പോള്‍ ഹര്‍ഷിത്തിന്റെ അടുത്ത ഓവറില്‍ അഞ്ചു റണ്‍സും വന്നു. പക്ഷെ അഞ്ചാം ഓവറില്‍ വൈഭവ് രണ്ടു ഫോറും ഒരു സിക്‌സുമടക്കം 15 റണ്‍സ് വഴങ്ങി.

പിന്നാലെയാണ് വരുണിനെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രഹാനെ പരീക്ഷിച്ചത്. ഈ ഓവറില്‍ നാലു റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളൂ. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ ആന്ദ്രെ റസ്സലിനെയാണ് രഹാനെ പരീക്ഷിച്ചത്. ആദ്യ ബോളില്‍ സിക്‌സും പിന്നാലെ ഫോറും വഴങ്ങിയെങ്കിലും നാലാമത്തെ ബോളില്‍ നിതീഷ് റെഡ്ഡിയെ (19) റസ്സല്‍ മടക്കുകയും ചെയ്തു. അടുത്ത ഓവില്‍ വരുണിനു പകരം സുവല്‍ നരെയ്ന്‍ പന്തെറിയാനെത്തി.
പിന്നീട് വരുണിനെും നരെയ്‌നെയും രണ്ടു എന്‍ഡിലും കൊണ്ടുവന്ന് എസ്ആര്‍എച്ചിനെ ശരിക്കും വരിഞ്ഞുകെട്ടി. റണ്‍റേറ്റിലെ സമ്മര്‍ദ്ദം കാരണം എസ്ആര്‍എച്ച് താരങ്ങള്‍ റിസ്‌കുകളെടുത്തതോടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.
10ാം ഓവറില്‍ കമിന്ദു മെന്‍ഡിസിനെ (27) നരെയ്ന്‍ മടക്കി. അടുത്ത ഓവറില്‍ അനികേത് വര്‍മയെ (6) വരുണും പുറത്താക്കിയതോടെ 11ാം ഓവറില്‍ എസ്ആര്‍എച്ച് ആറിനു 75ലേക്കും തകര്‍ന്നടിഞ്ഞു. കെകെആര്‍ എത്ര ഓവറില്‍ ജയിക്കുമെന്നു മാത്രമേ പിന്നീട് അറിയാനുണ്ടായിരുന്നുള്ളൂ.