മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ മുംബൈക്ക് മുന്നില്‍ റണ്‍മല തീര്‍ത്തിരിക്കുകയാണ് ആര്‍സിബി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി 222 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈക്ക് നല്‍കിയത്. പേരുകേട്ട മുംബൈയുടെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്താന്‍ ആര്‍സിബിക്ക് സാധിച്ചു. വിരാട് കോലിയും (67) രജത് പാട്ടീധാറും (64) ജിതേഷ് ശര്‍മയുമെല്ലാം (40*) ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്.
മറുപടിക്കിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. രോഹിത് ശര്‍മ കടന്നാക്രമിച്ചാണ് തുടങ്ങിയത്. എന്നാല്‍ വലിയ സ്‌കോറിലേക്ക് എത്താനായില്ല. 9 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത രോഹിത്തിനെ യഷ് ദയാല്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. രോഹിത് മടങ്ങിയ ശേഷം റിയാന്‍ റിക്കില്‍ട്ടനാണ് ആക്രമണത്തിന്റെ ചുമതലയിലേക്കെത്തിയത്. 10 പന്തില്‍ നാല് ഫോറടക്കം 17 റണ്‍സെടുത്ത റിയാന്‍ റിക്കില്‍ട്ടനെ ജോഷ് ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. റിക്കില്‍ട്ടണിന്റെ വിക്കറ്റ് നേടിയത് ഹെയ്‌സല്‍വുഡാണെങ്കിലും ഇതിന്റെ കൈയടി അര്‍ഹിക്കുന്നത് ജിതേഷ് ശര്‍മയാണ്. ഇതിന്റെ കാരണം എന്താണെന്ന് പരിശോധിക്കാം.
റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് ജിതേഷ്
ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്ത് റിക്കില്‍ട്ടണിന്റെ പാഡില്‍ തട്ടി. ആര്‍സിബി താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ ഇത് ഔട്ട് നല്‍കിയില്ല. ഇതോടെ റിവ്യൂവിലേക്ക് നീങ്ങാനുള്ള സമയമായി. എന്നാല്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡും സഹതാരങ്ങളും ഇത് വിക്കറ്റാണെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു. പന്തിന്റെ ബൗണ്‍സും ലെഗ് സൈഡിലേക്കുള്ള സാധ്യതയും പരിഗണിച്ച് റിവ്യൂ എടുക്കേണ്ടെന്നായിരുന്നു ആര്‍സിബി ടീമിന്റെ ആദ്യ തീരുമാനം.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ഇതിന് അനുവദിച്ചില്ല. വിക്കറ്റാണെന്ന ഉറച്ച നിലപാടിലായിരുന്നു ജിതേഷ് ഉണ്ടായിരുന്നത്. ജിതേഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആര്‍സിബി റിവ്യൂവെടുത്തത്. എന്നാല്‍ ജിതേഷിന്റെ തീരുമാനം പിഴച്ചില്ല. റിവ്യൂവില്‍ പന്ത് സ്റ്റംപിലേക്കാണെന്ന് വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ വിക്കറ്റ് അനുവദിച്ചു. ജിതേഷ് ശര്‍മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിവ്യൂ എടുത്തതെങ്കിലും ഇത് ആര്‍സിബിക്ക് ഗുണകരമായി മാറുകയായിരുന്നു.
സൂര്യകുമാറിനെതിരായ റിവ്യൂ പാളി
ഏഴാം ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിന് തൊട്ടടുത്തുകൂടി പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയില്‍. ഇതും റിവ്യൂ ചെയ്യണമെന്നാണ് ജിതേഷ് ആവശ്യപ്പെട്ടത്. ആദ്യം നായകന്‍ രജത് പാട്ടീധാര്‍ റിവ്യൂവിന് മടിച്ചെങ്കിലും അവസാന നിമിഷം റിവ്യൂ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ഈ റിവ്യൂ തീരുമാനം പാളി. ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ റിവ്യൂ പാഴാവുകയും ചെയ്തു.
എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ജിതേഷ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങില്‍ വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത്. 19 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സോടെ ജിതേഷ് പുറത്താവാതെ നിന്നു. ആര്‍സിബിയെ 200 കടത്തുന്നതില്‍ ജിതേഷ് ശര്‍മയുടെ പ്രകടനം നിര്‍ണ്ണായകമായി.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയും കാക്കുന്ന പ്രകടനമാണ് ജിതേഷ് കാഴ്ചവെക്കുന്നത്. സഞ്ജു സാംസണിനടക്കം കടുത്ത ഭീഷണി ഉയര്‍ത്താന്‍ ജിതേഷിന് സാധിക്കുന്നു. മുംബൈയുടെ തട്ടകത്തില്‍ റെക്കോഡ് സ്‌കോര്‍ തന്നെയാണ് ആര്‍സിബി നേടിയെടുത്തത്. 222 റണ്‍സ് മറികടന്ന് ജയിക്കാനാവാത്ത പക്ഷം നാല് തോല്‍വികളോടെ മുംബൈയുടെ നില കൂടുതല്‍ ദയനീയമാവും.