IPL 2025: ശ്രേയസ് അല്ല, പഞ്ചാബിനെ രക്ഷിച്ചത് പോണ്ടിങ്! ആ തന്ത്രം ഫലം കണ്ടു; കിടിലന്‍ നീക്കം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആവേശകരമായ മത്സരത്തില്‍ 11 റണ്‍സിനാണ് പഞ്ചാബ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് അഞ്ച് വിക്കറ്റിന് 232 റണ്‍സാണ് നേടാനായത്. അവസാന ഓവര്‍വരെ പൊരുതിയ ശേഷമാണ് ഗുജറാത്ത് കീഴടങ്ങിയത്.
പഞ്ചാബിന്റെ വിജയത്തില്‍ നായകന്‍ ശ്രേയസ് അയ്യരുടെ പ്രകടനം നിര്‍ണ്ണായകമായി. 42 പന്ത് നേരിട്ട് അഞ്ച് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 97 റണ്‍സാണ് ശ്രേയസ് നേടിയത്. പ്രിയന്‍ഷ് ആര്യ 23 പന്തില്‍ 47 റണ്‍സടിച്ചപ്പോള്‍ ശശാങ്ക് സിങ് 16 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമടക്കം 44 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. അര്‍ഷ്ദീപ് സിങ് അവസാന ഓവറില്‍ കിടിലന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചതും മാര്‍ക്കോ യാന്‍സന്‍ ജോസ് ബട്‌ലറെ പുറത്താക്കിയതും പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.
എന്നാല്‍ പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചതിന് പിന്നില്‍ ഏറ്റവും കൈയടി ഇംപാക്ട് പ്ലയറായെത്തിയ വിജയകുമാര്‍ വൈശാഖാണ് അര്‍ഹിക്കുന്നത്. വിക്കറ്റ് നേടിയില്ലെങ്കിലും മൂന്ന് ഓവറുകളില്‍ 28 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഡെത്തോവറിലെ ഗുജറാത്തിന്റെ പദ്ധതി പൊളിച്ചത് വിജയകുമാറാണെന്ന് നിസംശയം പറയാം.
വിജയകുമാറിനെ കൊണ്ടുവന്നത് പോണ്ടിങ്ങിന്റെ പദ്ധതി
244 എന്ന വിജയലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ബാറ്റിങ്ങാണ് ഗുജറാത്ത് കാഴ്ചവെച്ചത്. അടിക്ക് തിരിച്ചടിയെന്ന നിലയിലാണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ കടന്നാക്രമിച്ചത്. 14 ഓവറില്‍ രണ്ട് വിക്കറ്റിന് 169 എന്ന മികച്ച നിലയിലായിരുന്നു ഗുജറാത്ത്. ആറ് ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ 75 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമായിരുന്നു ഇത്.
പിച്ചില്‍ ഈര്‍പ്പവും ഉള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസവുമായിരുന്നു. ഈ അവസരത്തിലാണ് ഇംപാക്ട് പ്ലയറായി വിജയകുമാര്‍ വൈശാഖിന്റെ വരവ്. യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായ വിജയകുമാര്‍ 15ാം ഓവറില്‍ വെറും അഞ്ച് റണ്‍സാണ് വിട്ടുകൊടുത്തത്. ജോസ് ബട്‌ലറേയും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനേയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു ഇത്. അതുവരെയുണ്ടായിരുന്ന റണ്‍റേറ്റിന്റെ പിടിച്ചുകെട്ടാന്‍ വിജയകുമാറിനായി.

17ാം ഓവര്‍ എറിയാനെത്തിയ വിജയകുമാര്‍ മൂന്ന് വൈഡ് എറിഞ്ഞെങ്കിലും ഈ ഓവറില്‍ ആകെ വിട്ടുകൊടുത്തത് അഞ്ച് റണ്‍സാണ്. ഇതോടെ 18 ഓവറില്‍ 57 എന്ന നിലയിലേക്ക് ഗുജറാത്തിന്റെ വിജയലക്ഷ്യം മാറി. 19ാം ഓവറില്‍ 18 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ 27 എന്ന വിജയലക്ഷ്യത്തിലേക്ക് ഗുജറാത്തിനെ എത്തിക്കാന്‍ വിജയകുമാറിനായി. യുവതാരമെറിഞ്ഞ മൂന്ന് ഓവറുകളാണ് ഗുജറാത്തിന്റെ എല്ലാ പദ്ധതികളും പൊളിച്ചത്.
അവസാന ഓവറില്‍ അര്‍ഷ്ദീപ് തകര്‍ത്തു
ടീമിന്റെ വിശ്വസ്തനായ ബൗളറായ അര്‍ഷ്ദീപ് സിങ് ഈ പ്രതീക്ഷ തെറ്റിച്ചില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ തെവാത്തിയ റണ്ണൗട്ടായി. രണ്ടാം പന്തില്‍ റൂതര്‍ഫോര്‍ഡ് സിക്‌സര്‍ പറത്തി ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ നാലാം പന്തില്‍ റൂതര്‍ഫോര്‍ഡിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് അര്‍ഷ്ദീപ് പഞ്ചാബിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്.
തുടക്കത്തിലേ വരുത്തിയ ഫീല്‍ഡിങ് പിഴവുകളില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച വിജയം പഞ്ചാബിന് നേടാന്‍ സാധിക്കുമായിരുന്നു. അസ്മത്തുല്ല ഒമര്‍സായിയും മാര്‍ക്കോ യാന്‍സനും നായകന്‍ ശ്രേയസ് അയ്യരുമെല്ലാം ക്യാച്ച് നഷ്ടപ്പെടുത്തി. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളെയെല്ലാം മറികടന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ നായകന്‍ ശ്രേയസ് അയ്യരുടെ നീക്കങ്ങള്‍ക്കായി. പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയില്‍ വിജയത്തുടക്കം ശ്രേയസിന് നേടാനായി.
സെഞ്ച്വറി മോഹം ഉപേക്ഷിച്ച് ടീമിന് പ്രാധാന്യം നല്‍കിയ ശ്രേയസിന്റെ നീക്കം പഞ്ചാബിന് കരുത്തായി. ശശാങ്ക് സിങ് 16 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമടക്കം പുറത്താവാതെ നേടിയ 44 റണ്‍സ് മത്സരത്തില്‍ പഞ്ചാബിന് നിര്‍ണ്ണായകമായി. സെഞ്ച്വറി നോക്കാതെ ശശാങ്കിനോട് ആക്രമിക്കാന്‍ ആവശ്യപ്പെട്ട നായകന്‍ ശ്രേയസ് അയ്യരുടെ ത്യാഗം ഫലം കണ്ടുവെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications