മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് പ്രഭ്‌സിംറാന്‍ സിങ്ങും പ്രിയന്‍ഷ് ആര്യയും നല്‍കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പഞ്ഞിക്കിട്ട പഞ്ചാബിന്റെ ബാറ്റിങ് നിര ഒന്നാം വിക്കറ്റില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ടാണ് കെകെആറിനെതിരേ സൃഷ്ടിച്ചത്.
തല്ലിത്തകര്‍ത്ത പ്രിയന്‍ഷ് ആര്യയും പ്രഭ്‌സിംറാന്‍ സിങ്ങും വെടിക്കെട്ട് പുറത്തെടുത്തതോടെ പഞ്ചാബ് വലിയ സ്‌കോറിലേക്കുയരുമെന്ന് പ്രതീക്ഷിച്ചു. വൈഭവ് അറോറയേയും ആന്‍ റിച്ച് നോക്കിയേയും തല്ലിത്തകര്‍ത്ത് മുന്നേറവെ ഹര്‍ഷിത് റാണ പഞ്ചാബിനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. പഞ്ചാബിന്റെ സൂപ്പര്‍ നിരയെ നാലാം ഓവറില്‍ ഹര്‍ഷിത് റാണ പൂട്ടി വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ആദ്യ പന്തില്‍ സിക്‌സര്‍ വഴങ്ങിയിട്ടും വിട്ടുകൊടുത്തില്ല
വൈഭവ് അറോറ എറിഞ്ഞ മൂന്നാം ഓവറില്‍ 20 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറുമാണ് പ്രഭ്‌സിംറാന്‍ നേടിയത്. ഈ വെടിക്കെട്ടിന്റെ ആത്മവിശ്വാസത്തിലാണ് നാലാം ഓവറില്‍ ഹര്‍ഷിത് റാണയെ നേരിട്ടത്. പ്രിയന്‍ഷ് ആര്യയായിരുന്നു ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ ഹര്‍ഷിത് റാണയെ പ്രിയന്‍ഷ് സിക്‌സര്‍ പറത്തി. ഹര്‍ഷിതിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന സിക്‌സറാണിതെന്ന് കരുതിയെങ്കിലും തൊട്ടടുത്ത പന്തില്‍ താരം ഇതിന് മറുപടി നല്‍കി.
11 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറുമുള്‍പ്പെടെ 22 റണ്‍സെടുത്ത പ്രിയന്‍ഷിനെ രമണ്‍ദീപ് സിങ്ങിന്റെ കൈയിലെത്തിക്കുകയായിരുന്നു ഹര്‍ഷിത്. മൂന്നാം നമ്പറില്‍ മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇറങ്ങിയത്. ഓഫ്‌സൈഡ് പന്തില്‍ ഹര്‍ഷിതിനെ സിക്‌സര്‍ പറത്താനുള്ള ശ്രേയസിന്റെ ശ്രമം പാളി. മിന്നും ക്യാച്ചുമായി രമണ്‍ദീപ് സിങ് തിളങ്ങിയപ്പോള്‍ ഐപിഎല്ലിലെ ഏഴാം ഡെക്കോടെ ശ്രേയസ് അയ്യര്‍ക്ക് കൂടാരം കയറേണ്ടി വന്നു. ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഈ ഓവറില്‍ രണ്ട് വിക്കറ്റാണ് ഹര്‍ഷിത് നേടിയത്.

ഇന്‍ഗ്ലിസിനെ കൊണ്ടുവന്ന നീക്കം പാളി
മാര്‍ക്കസ് സ്റ്റോയിണിസ് മിന്നും ഫോമില്‍ കളിക്കുന്ന താരമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുഹമ്മദ് ഷമിയുടെ ഒരോവറില്‍ നാല് സിക്‌സറടക്കം താരം നേടിയിരുന്നു. എന്നാല്‍ സ്‌റ്റോയിണിസിനെ പുറത്തിരുത്തി ജോഷ് ഇന്‍ഗ്ലിസിനെ കളിപ്പിക്കാനാണ് പഞ്ചാബ് തീരുമാനിച്ചത്. ഈ തീരുമാനം മണ്ടത്തരമായി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്‍ഗ്ലിസ് ക്ലീന്‍ബൗള്‍ഡായി. ആറ് പന്ത് നേരിട്ട് രണ്ട് റണ്‍സാണ് താരം നേടിയത്.
അവസാന ഓവറില്‍ ഹര്‍ഷിതിനെ വീണ്ടും പന്തേല്‍പ്പിച്ചപ്പോള്‍ താരം വീണ്ടും കരുത്തുകാട്ടി. രണ്ട് സിക്‌സര്‍ പറത്തി പ്രഭ്‌സിംറാന്‍ ഹര്‍ഷിതിനെ വിറപ്പിക്കാന്‍ നോക്കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ പ്രഭ്‌സിംറാനെ ഹര്‍ഷിത് പുറത്താക്കി. ഇതോടെ നാല് വിക്കറ്റിന് 54 എന്ന നിലയിലാണ് പഞ്ചാബ് പവര്‍പ്ലേ അവസാനിപ്പിച്ചത്. പഞ്ചാബ് താരങ്ങള്‍ വലിയ ഷോട്ടുകളോടെ തുടങ്ങുന്നുണ്ടെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
രഹാനെയുടെ ക്യാപ്റ്റന്‍സി സൂപ്പര്‍
കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെ അനുഭവസമ്പന്നനായ നായകനാണ്. ഇത് മത്സരത്തില്‍ കൃത്യമായി പ്രതിഫലിപ്പിക്കാനും താരത്തിനായി. രഹാനെ വരുത്തിയ ബൗളിങ് വ്യത്യാസങ്ങളും ഫീല്‍ഡിങ് വിന്യാസവും കൃത്യമായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയെ ഉപയോഗിച്ചതും നോക്കിയേയെ മാറ്റി ഹര്‍ഷിതിനെ കൊണ്ടുവന്നതുമെല്ലാം മികച്ച തീരുമാനമായിരുന്നുവെന്ന് പറയാം. നായകനെന്ന നിലയില്‍ എതിരാളികളുടെ കരുത്തിനനുസരിച്ച് തന്ത്രം മെനയാന്‍ രഹാനെക്ക് സാധിക്കുന്നുണ്ട്.