മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കിടിലന്‍ ക്യാപ്റ്റന്‍സി കൈയടി നേടുകയാണ്. റണ്‍ചേസിനിടെ അദ്ദേഹത്തിന്റെ സര്‍പ്രൈസ് നീക്കത്തില്‍ എല്‍എസ്ജി ശരിക്കും ഞെട്ടുക തന്നെ ചെയ്തു. ഒറ്റ ഓവറില്‍ തന്നെ റിഷഭ് പന്തിന്റെ എല്‍എസ്ജിക്കു ഇരട്ട പ്രഹരമാണ് മുംബൈ നല്‍കിയത്.
ഹോംഗ്രൗണ്ടായ വാംഖഡെയില്‍ 216 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു മുംബൈ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിയത്.

കിടിലന്‍ ക്യാപ്റ്റന്‍സി
216 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു രണ്ടാമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഒമ്പത് റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമിനെ മൂന്നാമത്തെ ഓവറില്‍ തന്നെ ജസ്പ്രീത് ബുംറ മടക്കുകയായിരുന്നു. നമാന്‍ ധിറാണ് ക്യാച്ചെടുത്തത്. തുടര്‍ന്ന് മിച്ചെല്‍ മാര്‍ഷിനു നിക്കോളാസ് പൂരന്‍ കൂട്ടായി വന്നതോടെ എല്‍സ്ജി കളിയിലേക്കു തിരികെ വന്നു.
42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ദീപക് ചാഹര്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാനത്തെ ഓവറില്‍ മൂന്നു സിക്‌സറുകളടക്കം 20 റണ്‍സാണ് എല്‍എസ്്ജി വാരിക്കൂട്ടിയത്. ആവോവറില്‍ ഒരു വിക്കറ്റിനു 60 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അവര്‍. ഈ ഓവറിനു പിന്നാലെയായിരുന്നു ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മാസ്റ്റര്‍സ്‌ട്രോക്ക്.
തന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കരണ്‍ ശര്‍മയ്ക്കു പകരം പാര്‍ട്ട്‌ടൈം ബൗളറും ഇംഗ്ലീഷ് ഓള്‍റൗണ്ടറുമായ വില്‍ ജാക്‌സിനെയാണ് ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. ഈ നീക്കം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറുകയും ചെയ്തു. വമ്പടിക്കാരനായ പൂരനെ ആദ്യത്തെ ബോളില്‍ തന്നെ ജാക്‌സ് മടക്കുകയും ചെയ്തു. 15 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 27 റണ്‍സാണ് അദ്ദേഹം നേടിയത്. ഓഫ്സ്റ്റംപ് ഏരിയയിലാണ് ജാക്‌സ് ബോള്‍ പരീക്ഷിച്ചത്.
ബൗളറുടെ തലയ്ക്കു മുകളിലൂടെ വമ്പന്‍ ഷോട്ടിനു പൂരന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ലോങ് ഓഫില്‍ ബൗണ്ടറി ഏരിയയില്‍ തന്റെ ഇടതു ഭാഗത്തേക്കു ഓടി സൂര്യകുമാര്‍ യാദവ് ഈ ക്യാച്ച് പൂര്‍ത്തിയാക്കി. ഇതു കണ്ട് സ്തബ്ധനായാണ് പൂരന്‍ ക്രീസ് വിട്ടത്.

നാലാമനായി ക്രീസിലെത്തിയത് എല്‍എസ്ജി നായകന്‍ റിഷഭ് പന്തായിരുന്നു. ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് അദ്ദേഹം തുടങ്ങിടത്. പക്ഷെ അതൊരു ലക്കി ഫോറായിരുന്നു. കട്ട് ചെയ്യാന്‍ ശ്രമിക്കവെ റിഷഭിന്റെബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ക്കു പിന്നിലൂടെ ബൗണ്ടറി കടക്കുകയായിരുന്നു. ഈ ഫോറിനു അടുത്ത ബോളില്‍ തന്നെ വിക്കറ്റെടുത്താണ് ജാക്‌സ് തിരിച്ചടിച്ചത്.
റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള റിഷഭിന്റെ നീക്കം പാളുകയായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് ഷോര്‍ട്ട് തേര്‍ഡ് മാന്‍ ഏരിയയില്‍ നേരെ കരണ്‍ ശര്‍മയുടെ കൈകളിലേക്കാണ് വന്നത്. രണ്ടു ബോളില്‍ നാലു റണ്‍സുമായി റിഷഭ് മടങ്ങികയും ചെയ്തു.
ഓവറിലെ തുടര്‍ന്നുള്ള മൂന്നു ബോളുകളില്‍ ഓരോ സിംഗിള്‍ മാത്രമേ ജാക്‌സ് വഴങ്ങിയുള്ളൂ. ഇതോടെ ഒന്നിനു 60ല്‍ നിന്നും ഓവര്‍ കഴിഞ്ഞപ്പോള്‍ എല്‍എസ്ജി മൂന്നിന് 67 റണ്‍സിലേക്കു വീഴുകയും ചെയ്തു. റണ്‍ചേസില്‍ എല്‍എസ്ജിയുടെ താളം തെറ്റിച്ചത് ഈ ഇരട്ട പ്രഹരം തന്നെയാണെന്നു പറയാം.