മുംബൈ: ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു നേരിട്ടിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ ഏഴോവറില്‍ തന്നെ പകുതി പേരെയും നഷ്ടമായി വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്.
ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് കെകആറിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കാന്‍ മുംബൈയെ സഹായിച്ചത്. തന്ത്രപരമായ ബൗളിങ് റൊട്ടേഷനുകളിലൂടെയും ഫീല്‍ഡിങ് ക്രമീകരണത്തിലൂടെയും ഹാര്‍ദിക് മുംബൈയ്ക്കു മേധാവിത്വം സമ്മാനിക്കുകയായിരുന്നു.

കിടിലന്‍ പ്രകടനം
റണ്ണൊഴുകാറുള്ള മുംബൈയിലെ വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും കൃത്യമായ പ്ലാനിങോടെയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെത്തിയത്. അതു പ്രകാരം ബൗളര്‍മാരും പെര്‍ഫോം ചെയ്തതോടെ മുംബൈയ്ക്കു കാര്യങ്ങള്‍ എളിപ്പമായി മാറി.
ന്യൂബോളിലെ കിങായ ട്രെന്റ് ബോള്‍ട്ടിനായിരുന്നു ആദ്യത്തെ ഓവര്‍. നാലാമത്തെ ബോളില്‍ തന്നെ സുനില്‍ നരെയ്‌നെ (0) പുറത്താക്കി സ്വപ്‌നതുല്യമായ തുടക്കമാണ് മുംബൈയ്ക്കു ബോള്‍ട്ട് നല്‍കിയത്. ഈ ഓവറില്‍ വന്നത് വെറുമൊരു റണ്‍സ് മാത്രം. ദീപക് ചാഹറിനായിരുന്നു രണ്ടാമത്തെ ഓവര്‍. രണ്ടാമത്തെ ബോളില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ (1) മടക്കി അദ്ദേഹം കെകെആറിനെ ഞെട്ടിച്ചു.
ഇതിനു ശേഷം മൂന്നു ഫോറുകള്‍ ചാഹര്‍ വഴങ്ങിയതോടെ കെകെആറിനു 14 റണ്‍സ് ലഭിക്കുകയും ചെയ്തു. ഈ ഓവറില്‍ ഒരു സിക്‌സറക്കം 10 റണ്‍സാണ് കെകെആര്‍ നേടിയത്.
നാലാം ഓവറില്‍ ചഹറായിരുന്നു ബൗള്‍ ചെയ്യേണ്ടിയിരുന്നത്. നേരത്തേ തന്റെ ആദ്യ ഓവറില്‍ വിക്കറ്റെടുത്തിട്ടും ഹാര്‍ദിക് പാണ്ഡ്യ അദ്ദേഹത്തെ മാറ്റി.
പകരം അരങ്ങേറ്റക്കാരനായ പേസര്‍ അശ്വനി കുമാറിനു ഓവര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. ആദ്യ ബോളില്‍ തന്നെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ (11) അശ്വനി മടക്കുകയും ചെ്‌യ്തു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഫുള്ളര്‍ ലെങ്ത്ത് ബോളാണ് താരമെറിഞ്ഞത്.
രഹാനെ വമ്പന്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും ആഗ്രഹിച്ചതു പോലെ കണക്ടായില്ല. ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റില്‍ ആദ്യം കൈകളില്‍ നിന്നും വഴുതിപ്പോയെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ തിലക് വര്‍മ ഇതു കൈപ്പിടിയിലൊതുക്കി. ഈ ഓവറില്‍ വെങ്കടേഷ് അയ്യരും പുറത്താവേണ്ടതായിരുന്നു. പക്ഷെ ദുഷ്‌കരമായ ക്യാച്ച് മിച്ചെല്‍ സാന്റ്‌നര്‍ നഷ്ടപ്പെടുത്തി. ഈ ഓവറില്‍ എട്ടു റണ്‍സാണ് കെകെആറിനു ലഭിച്ചത്.

അഞ്ചാം ഓവറില്‍ ബോള്‍ട്ട് വെറും മൂന്നു ററണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ചഹറിനെ തിരികെ വിളിച്ച ഹാര്‍ദിക്കിന്റെ തന്ത്രവും വിജയം കണ്ടു. അപകടകാരിയായ വെങ്കടേഷ് അയ്യരുടെ (3) വിക്കറ്റുമായാണ് താരം ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. നാലാമത്തെ ബോളില്‍ വെങ്കടേഷിനെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണ്‍ പിടികൂടുകയായിരുന്നു. ഇതോടെ പവര്‍പ്ലേയില്‍ കെകെആര്‍ നാലിനു 41 റണ്‍സിലേക്കു തകര്‍ന്നു.
സാധാരണയായി പവര്‍പ്ലേയില്‍ പന്തെറിയാന്‍ എത്താറുള്ള ഹാര്‍ദിക് ഈ കളിയില്‍ ഇതിനു ശ്രമിച്ചില്ല. പകരം പവര്‍പ്ലേയ്ക്കു ശേഷമുള്ള ആദ്യ ഓവറില്‍ ബൗള്‍ ചെയ്യുകയായിരുന്നു. ഈ നീക്കവും വിക്കറ്റ് കൊണ്ടു വന്നു. കെകെആര്‍ നിരയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ആംഗ്രിഷ് രഘുവംശിയെ (16 ബോളില്‍ 26) അവസാന ബോളില്‍ ഹാര്‍ദിക് മടക്കി. ഇതോടെ അഞ്ചിനു 45ലേക്കു കെകെആര്‍ കൂപ്പുകുത്തി.