മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ബൗളര്‍മാരുടെ തീപാറും പോരാട്ടം കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് മുട്ടുകുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകത്തില്‍ 16 റണ്‍സിന്റെ ആവേശ ജയമാണ് പഞ്ചാബ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സെടുത്തപ്പോള്‍ കെകെആര്‍ ജയം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ പിന്നീട് കണ്ടത് പഞ്ചാബിന്റെ അത്ഭുത ബൗളിങ് പ്രകടനമാണ്.
കെകെആറിനെ 15.1 ഓവറില്‍ 95 റണ്‍സിനാണ് പഞ്ചാബ് ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. എട്ടാം നമ്പറില്‍വരെ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ടീമാണ് കെകെആര്‍. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് പഞ്ചാബ് ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് അഭിമാനിക്കാവുന്ന ജയമാണിത്. അവസാന സീസണില്‍ കെകെആറിനെ കിരീടം ചൂടിച്ചിട്ടും ടീം ശ്രേയസ് അയ്യരെ നിലനിര്‍ത്തിയില്ല.
ഇപ്പോള്‍ കെകെആറിനെ നാണംകെടുത്തി മധുര പ്രതികാരണം വിട്ടാന്‍ നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്കായി. മത്സരത്തില്‍ പഞ്ചാബിന്റെ ജയത്തിലേക്ക് നയിച്ച പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെക്ക് പറ്റിയ വലിയൊരു പിഴവാണ് പഞ്ചാബിനെ വിജയത്തിലേക്കെത്താന്‍ സഹായിച്ചത്. ഇത് എന്താണെന്ന് പരിശോധിക്കാം.
റിവ്യൂ എടുക്കാന്‍ രഹാനെ തയ്യാറായില്ല
112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ കെകെആറിന് ഏഴ് റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. സുനില്‍ നരെയ്‌നും ക്വിന്റന്‍ ഡീകോക്കും കൂടാരം കയറിയെങ്കിലും അജിന്‍ക്യ രഹാനെയും അന്‍കൃഷ് രഘുവന്‍ഷിയും ചേര്‍ന്ന് ടീമിനെ പതിയെ മുന്നോട്ട് കൊണ്ടുപോയി. പവര്‍പ്ലേയില്‍ 55 റണ്‍സെടുത്ത കെകെആര്‍ സ്‌കോര്‍ബോര്‍ഡിനെ 62 റണ്‍സിലേക്കുമെത്തിക്കാന്‍ രഹാനെക്കും അന്‍കൃഷിനുമായി. എന്നാല്‍ 17 റണ്‍സെടുത്ത് നില്‍ക്കവെ രഹാനെയെ യുസ് വേന്ദ്ര ചഹാല്‍ പുറത്താക്കി.
പഞ്ചാബ് ജയിച്ച് കയറിയത് ഈ വിക്കറ്റിന് ശേഷമാണെന്ന് പറയാം. രഹാനെ-അന്‍കൃഷ് കൂട്ടുകെട്ട് കെകെആറിനെ ജയിപ്പിക്കുമെന്ന് കരുതിയിടത്തുനിന്നാണ് രഹാനെയുടെ വിക്കറ്റ് കളി മാറ്റിയത്. എല്‍ബിയായാണ് രഹാനെ മടങ്ങിയത്. സത്യത്തില്‍ ഇത് വിക്കറ്റല്ലായിരുന്നു. റിപ്ലേയില്‍ പന്ത് പുറത്തേക്ക് പോകുന്നത് വ്യക്തമായിരുന്നു. എന്നാല്‍ റിവ്യൂ ചെയ്യാന്‍ തയ്യാറാവാതിരുന്ന രഹാനെയുടെ മണ്ടന്‍ തീരുമാനം ടീമിന്റെ തോല്‍വിക്ക് കാരണമാവുകയായിരുന്നു.
രഹാനെ റിവ്യു എടുക്കാന്‍ താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന് അന്‍കൃഷ് രഘുവന്‍ഷി ഇത് വിക്കറ്റാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ രഹാനെ റിവ്യൂ ചെയ്യാന്‍ തയ്യാറാകാതെ മടങ്ങുകയായിരുന്നു. ഈ വിക്കറ്റ് റിവ്യൂവിലൂടെ നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ കെകെആറിന് വിജയ സാധ്യത ഏറെയായിരുന്നു. മത്സരശേഷം തനിക്ക് പറ്റിയ പിഴവ് രഹാനെ തുറന്ന് സമ്മതിക്കുകയും ചെയ്തു.

ശ്രേയസിന്റെ ക്യാപ്റ്റന്‍സി കിടിലന്‍
കെകെആറിന്റെ ഓരോ ദൗര്‍ബല്യത്തേയും കൃത്യമായി മുതലാക്കാന്‍ നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്കായി. കൃത്യ സമയത്ത് കൃത്യമായ ബൗളര്‍മാരെ കൊണ്ടുവരാന്‍ ശ്രേയസിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. യുസ് വേന്ദ്ര ചഹാലിനെ നിര്‍ണ്ണായക സമയത്ത് കൊണ്ടുവന്നപ്പോള്‍ നാല് വിക്കറ്റോടെ മാച്ച് വിന്നറായി മാറാന്‍ ചഹാലിന് സാധിച്ചു. എടുത്തു പറയേണ്ടത് മാര്‍ക്കോ യാന്‍സനെ ഉപയോഗിച്ച രീതിയാണ്. എല്ലാവരും ഗ്ലെന്‍ മാക്‌സ് വെല്ലിനെ പ്രതീക്ഷിച്ചിരിക്കവെ 13ാം ഓവറില്‍ മാര്‍ക്കോ യാന്‍സനെ കൊണ്ടുവന്ന ശ്രേയസിന്റെ തീരുമാനം തെറ്റിയില്ല.
യാന്‍സന്റെ സ്വാഭാവിക ബൗണ്‍സ് പിച്ചില്‍ നന്നായി ഗുണം ചെയ്തിരുന്നു. ഇത് മുതലാക്കി ഹര്‍ഷിതിനെ ക്ലീന്‍ബൗള്‍ഡാക്കാന്‍ യാന്‍സനാണ്. ആന്‍ഡ്രേ റസല്‍ അവസാന വിക്കറ്റ് വരെ ഭീഷണി ഉയര്‍ത്തി ക്രീസിലുണ്ടായിരുന്നു. യാന്‍സന്റെ ബൗളിങ്ങിനെ വിശ്വസിച്ച ശ്രേയസിന് തെറ്റിയില്ല. ആന്‍ഡ്രേ റസലിനെ 16ാം ഓവറിന്റെ ആദ്യ പന്തില്‍ പുറത്താക്കി യാന്‍സന്‍ പഞ്ചാബിന് ത്രില്ലിങ് ജയം നേടിക്കൊടുക്കുകയായിരുന്നു. ശ്രേയസിന് കെകെആറിനോട് മധുരമായി പ്രതികാരം വീട്ടാനുമായി.