ചെന്നൈ: ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കേറിലേക്കു കുതിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡെത്ത് ഓവറുകളിലെ ഗംഭീര ബൗളിങിലൂടെ പിടിച്ചുകെട്ടിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഒരു സമയത്തു വളരെ അനായാസം 210-220 റണ്‍സെങ്കിലും വാരിക്കൂട്ടുമെന്നു കരുതപ്പെട്ടിരുന്ന ചെന്നൈയെ 190 റണ്‍സില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് ടീം പൂട്ടുകയായിരുന്നു. മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ സാധിക്കാതെ 19.2 ഓവറില്‍ ചെന്നൈ ടീം കൂടാരംകയറി.
പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് നടത്തിയ വലിയൊരു ചൂതാട്ടമാണ് ചെന്നൈയെ എറിഞ്ഞിടാന്‍ പഞ്ചാബിനെ സഹായിച്ചത്. കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ അതേ തന്ത്രം ശ്രേയസ് കോപ്പിയടിക്കുകയായിരുന്നു. ഇതു വലിയ വിജയമായി മാറുകയും ചെയ്തു.

ശ്രേയസിന്റെ ചൂതാട്ടം ഇങ്ങനെ
ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഡെത്ത് ഓവറില്‍ പരീക്ഷിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരുടെ തീരുമാനമാണ് വന്‍ വിജയമായി മാറിയത്. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഈ തരത്തില്‍ 18 മുതല്‍ 20 ഓവറുകളിലെല്ലാം ചഹലിനെ പരീക്ഷിച്ചിരുന്നു. ഒരുപാട് വിക്കറ്റുകളെടുത്ത് അദ്ദേഹം റോയല്‍സിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഇത്തവണ ശ്രേയസും ഇതു കന്നെയാണ് ചെയ്തത്.
18 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ചെന്നൈ അഞ്ചു വിക്കറ്റിനു 177 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ എംഎസ് ധോണിയും രണ്ടു റണ്‍സോടെ സ്പിന്നര്‍മാരുടെ അന്തകനായ ശിവം ദുബെയുമായിരുന്നു ക്രീസില്‍. അഞ്ചു വിക്കറ്റികള്‍ കൈശമുള്ളതിനാല്‍ ചെന്നൈ 200ന് മുകളില്‍ ഉറപ്പിച്ചിരുന്നു. 18ാം ഓവര്‍ എറിഞ്ഞത് മാര്‍ക്കോ യാന്‍സണായിരുന്നു. സാം കറെനെ (88) പുറത്താക്കിയെങ്കിലും 13 റണ്‍സ് അദ്ദേഹം വഴങ്ങി. നേരത്തേ 17ാം ഓവറില്‍ അര്‍ഷ്ദീപ് സിങാണ് ബൗള്‍ ചെയ്തത്. വെരും നാലു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ.
അതുകൊണ്ടു തന്നെ 19ാം ഓവറില്‍ അര്‍ഷ്ദീപ് തന്റെ നാലാമത്തെും അവസാനത്തെയും സ്‌പെല്‍ എറിയാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാനരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പ്രധാന സ്പിന്നറായ ചഹലിനെയാണ് ശ്രേയസ് പന്തേല്‍പ്പിച്ചത്. ധോണിക്കെതിരേയുള്ള അദ്ദേഹത്തിന്റെ മികകച്ച റെക്കോര്‍ഡും ഇതിനൊരു കാരണമായിരുന്നു. നേരത്തേ തന്റെ രണ്ടോവറില്‍ വിക്കറ്റൊന്നുമില്ലാതെ 23 റണ്‍സ് ചഹല്‍ വിട്ടുകൊടുത്തിരുന്നു. എന്നിട്ടും ചഹലില്‍ ശ്രേയസ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
വൈഡുമായാണ് ചഹല്‍ തുടങ്ങിയത്. അടുത്ത ബോളില്‍ ധോണി സിക്‌സര്‍ പറത്തി. എന്നാല്‍ തൊട്ടടുത്ത ബോളില്‍ ധോണിയെ മടക്കി ചഹലിന്റെ ഗംഭീര തിരിച്ചുവരവ്. വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ലോങ്ഓഫില്‍ ബൗണ്ടറി ലൈനിന് അരികെ നെഹാല്‍ വദേര പിടികൂടുകയായിരുന്നു. അടുത്ത ബോളില്‍ ഹ ദീപക് ഹൂഡ ഡബിളെടുത്തു. നാലാമത്തെ ബോളില്‍ ഹൂഡ ഔട്ട്. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ പ്രിയാന്‍ഷ് ആര്യയാണ് സിംപിള്‍ ക്യാച്ചിലൂടെ ഹൂഡയെ (2) മടക്കിയത്.

തുടര്‍ന്നു ഇംപാക്ട് പ്ലെയറായി അന്‍ഷുല്‍ കാംബോജിനെ ചെന്നൈ ഇറക്കി. എന്നാല്‍ ആദ്യ ബോളില്‍ തന്നെ കാംബോജ് ക്ലീന്‍ബൗള്‍ഡായി. എന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നതിനു മുമ്പ് തന്നെ താരത്തിന്റെ സ്റ്റംപുകള്‍ കടപുഴകിയിരുന്നു. ഇതോടെ ചഹല്‍ ഹാട്രിക്കിന് അരികെ. അഫ്ഗാന്‍ സ്പിന്നറായ നൂര്‍ അഹമ്മദാണ് പുതുതായി ക്രീസിലെത്തിയത്. വലിയൊരു ഷോട്ടിനാണ് നൂര്‍ തുനിഞ്ഞത്. പക്ഷെ അതു ലോങ്ഓണില്‍ നേരെ മാര്‍ക്കോ യാന്‍സണിന്റെ കൈകളിലെത്തുകയായിരുന്നു.
ഇതോടെ ചഹല്‍ തന്റെ രണ്ടാം ഐപിഎല്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി. നേരത്തേ റോയല്‍സിലായിരുന്നു അദ്ദേഹത്തിന്റെ ഹാട്രിക്ക് നേട്ടം. ചഹലിന്റെ 19ാം ഓവര്‍ കഴിയുമ്പോഴേക്കും ചെന്നൈ ബാറ്റിങ് തരിപ്പണമായിരുന്നു. അഞ്ചിനു 177 റണ്‍സെന്ന നിലയില്‍ ഓവര്‍ ആരംഭിച്ച അവര്‍ ഓവര്‍ കഴിഞ്ഞപ്പോഴേക്കും ഒമ്പതിനു 186 റണ്‍സിലേക്കും കൂപ്പുകുത്തി.
ഈ ഓവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചഹല്‍ പിഴുതത് നാലു വിക്കറ്റുകളാണ്. 20ാം ഓവറിലെ ആദ്യ ബോളില്‍ അര്‍ഷ്ദീപിനെതിരേ ദുബെ ബൗണ്ടറി പായിച്ചെങ്കിലും അടുത്ത ബോളില്‍ താരം പുറത്തായതോടെ ചെന്നൈയുടെ ഇന്നിങ്‌സ് 190 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.