ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 14ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണ്. ആര്‍സിബിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് മുഹമ്മദ് സിറാജിന്റെ ആര്‍സിബിക്കെതിരായ പ്രകടനമായിരുന്നു. വിരാട് കോലിയും സിറാജും നേര്‍ക്കുനേര്‍ എത്തുന്നത് കാണാനായിരുന്നു കൂടുതല്‍ ആരാധകരും കാത്തിരുന്നത്. ആര്‍സിബിയിലൂടെ വളര്‍ന്ന താരമാണ് സിറാജ്.
ടെന്നിസ് ബോള്‍ താരമായിരുന്ന സിറാജിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തിയത് ആര്‍സിബിയാണ്. ഇതിന് പിന്നില്‍ നായകനെന്ന നിലയില്‍ വിരാട് കോലി നല്‍കിയ പിന്തുണയും വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ കോലിക്കെതിരേ സിറാജ് പന്തെറിയുമ്പോള്‍ അത് വൈകാരിക നിമിഷം കൂടിയായിരുന്നു. കോലിക്കെതിരേ സിറാജ് എറിഞ്ഞ ആദ്യ പന്ത് കോലി ബൗണ്ടറി പായിച്ചതോടെ ആരാധകരും ആവേശത്തിലായി.
എന്നാല്‍ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടാനുള്ള അവസരം സിറാജിന് ലഭിച്ചതാണ്. എന്നാല്‍ ജോസ് ബട്‌ലറിന്റെ വലിയ പിഴവാണ് തന്നെ വളര്‍ത്തിയ ടീമിനെതിരേ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടുകയെന്ന സിറാജിന്റെ സ്വപ്‌നം തകര്‍ത്തുകളഞ്ഞത്.
അനായാസ ക്യാച്ച് ബട്‌ലര്‍ കൈവിട്ടു
ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരമാണ് സിറാജ് സൃഷ്ടിച്ചത്. അല്‍പ്പം ഷോര്‍ട്ട് ആയിട്ടുള്ള പന്തില്‍ ക്രീസില്‍ നിന്ന് കയറി കളിച്ച സാള്‍ട്ടിന്റെ തന്ത്രം പിഴച്ചു. എഡ്ജായ പന്ത് അനായാസം ബട്‌ലറിന്റെ കൈയിലേക്ക്. വളരെ എളുപ്പത്തില്‍ കൈയിലൊതുക്കാവുന്ന ക്യാച്ചായിരുന്നു ഇത്. എന്നാല്‍ ബട്‌ലര്‍ ഈ പന്ത് കൈയിലൊതുക്കിയില്ല. ഇതോടെ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടാനുള്ള അവസരം സിറാജിന് നഷ്ടമാവുകയായിരുന്നു.
സിറാജും നായകന്‍ ശുബ്മാന്‍ ഗില്ലുമെല്ലാം വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ തുടങ്ങിയ ശേഷമാണ് പന്ത് കൃത്യമായി കൈയിലൊതുക്കിയില്ലെന്ന വസ്തുത മനസിലാക്കുന്നത്. ബട്‌ലര്‍ വളരെ എളുപ്പത്തില്‍ കൈയിലൊതുക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ബട്‌ലര്‍ ചിരിച്ചുകൊണ്ട് തന്റെ പിഴവിനെ ഉള്‍ക്കൊള്ളുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു. സിറാജിന് ബംഗളൂരുവിനെ പിച്ചിനെ നന്നായി അറിയാം. ആര്‍സിബിയുടെ പ്രധാന താരങ്ങളേയും അടുത്തറിയാം. ഇത് മുതലാക്കിയാണ് താരം പന്തെറിഞ്ഞതെന്ന് പറയാം.

സാള്‍ട്ടിനെ ബൗള്‍ഡാക്കി മാസ് തിരിച്ചുവരവ്
ആദ്യ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയെങ്കിലും സാള്‍ട്ടിനെ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ പുറത്താക്കി സിറാജ് പ്രതികാരം വീട്ടി. സിറാജിനെ വമ്പന്‍ സിക്‌സര്‍ പറത്തിയ സാള്‍ട്ടിനെ തൊട്ടുപിന്നാലെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ആര്‍സിബിയുടെ അന്തകനായി സിറാജ് മാറിയെന്ന് പറയാം. മൂന്ന് ഓവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്. ബംഗളൂരുവിലെ പിച്ചില്‍ ഇതൊട്ടും എളുപ്പമല്ലെന്ന് തന്നെ പറയാം. ബംഗളൂരുവിലെ പിച്ചിലെ തന്റെ അനുഭവസമ്പത്ത് മുതലാക്കി പന്തെറിയാന്‍ സിറാജിന് സാധിച്ചു.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സിറാജ് അവസാന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. വിരാട് കോലിയുടെ വെടിക്കെട്ട് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല. ഏഴ് റണ്‍സെടുത്ത കോലിയെ അര്‍ഷാദ് ഖാനാണ് പുറത്താക്കിയത്. ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ട് കളിച്ച കോലിയെ പ്രസിദ്ധ് കൃഷ്ണ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഇതോടെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റിന് 38 റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് നേടാനായത്.
ദേവ്ദത്തിനെ ക്ലീന്‍ബൗള്‍ഡാക്കി സിറാജ്
ആദ്യ ഓവറില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയെങ്കിലും തന്റെ രണ്ടാം ഓവറില്‍ സിറാജ് കരുത്തുകാട്ടി. ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് സിറാജ് ആര്‍സിബിക്കെതിരായ തന്റെ ആദ്യ വിക്കറ്റ് നേടിയത്. നാല് റണ്‍സെടുത്ത സിറാജിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സിറാജ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. എന്തായാലും ആര്‍സിബിയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. ആര്‍സിബി ഇത്തവണ സിറാജിനെ കൈവിട്ട് കളഞ്ഞതിന് പ്രതികാരം വീട്ടാന്‍ സിറാജിന് സാധിച്ചുവെന്ന് തന്നെ പറയാം.