വിശാഖപട്ടണം: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍നിരയെ തകര്‍ത്തതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സി കൈയടി നേടുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും അപകടകരമായ ബാറ്റിങ് ലൈനപ്പുള്ള എസ്ആര്‍എച്ച് മുന്‍നിരയെ ഡിസി തകര്‍ത്തെറിയുകയായിരുന്നു. പവര്‍പ്ലേയില്‍ അക്ഷറിന്റെ ചില ബോള്‍ഡായ തീരമാനങ്ങളും ഫീല്‍ഡിങ് ക്രമീകരണവുമാണ് ഡിസിയെ ഇതിനു സഹായിച്ചത്.
അഞ്ചാം ഓവറാവുമ്പോഴേക്കും ഹൈദരാബാദിന്റെ നാലു മുന്‍നിര വിക്കറ്റുകളാണി ഡിസി പിഴുതത്. അഭിഷേക് ശര്‍മ (1), ട്രാവിസ് ഹെഡ് (22), ഇഷാന്‍ കിഷന്‍ (2), നിതീഷ് കുമാര്‍ റെഡ്ഡി (0) എന്നിവരെയാണ് ഡിസി മടക്കിയത്. എഎങ്ങനെയാണ് അക്ഷറിന്റെ ക്യാപ്റ്റന്‍സി ഡിസിയെ ഇതിനു സഹായിച്ചതെന്നു നോക്കാം.

ന്യൂബോള്‍ ആക്രമണം
മിച്ചെല്‍ സ്റ്റാര്‍ക്കും മുകേഷ് കുമാറും ചേര്‍ന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ന്യൂബോള്‍ കൈാര്യം ചെയ്തത്. ട്രാവിസ് ഹെഡ് പതിവു പോലെ ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകളില്‍ അദ്ദേഹം ബൗണ്ടറി കണ്ടെത്തി. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ അഭിഷേക് ശര്‍മ റണ്ണൗട്ടായി.
ഹെഡിന്റെ ഒരു മോശം കോളാണ് ഇതിനു വഴിയൊരുക്കിയത്. അനാവശ്യ സിംഗിളായി ഓടവെ അഭിഷേകിനെ വിപ്രജ് നിഗം നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. 11 റണ്‍സാണ് ഈ ഓവറില്‍ വന്നത്. മുകേഷിന്റെ അടുത്ത ഓവറില്‍ എസ്ആര്‍എച്ച് ഒമ്പതു റണ്‍സെടുത്തു. എന്നാല്‍ സ്റ്റാര്‍ക്കിന്റെ അടുത്ത ഓവറില്‍ എസ്ആര്‍എച്ചിന് ഇരട്ട പ്രഹരം നേരിട്ടു.
ഇഷാന്‍ കിഷനെ (2) ഓവറിലെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് മടക്കി. ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഒരു ഫീല്‍ഡറെ നിര്‍ത്താനുള്ള അക്ഷര്‍ പട്ടേലിന്റെ നീക്കമാണ് വിക്കറ്റിനു വഴിയൊരുക്കിയത്. ഈ ഏരിയയില്‍ ഇഷാന്റെ കരുത്ത് മനസ്സിലാക്കിയ അക്ഷര്‍ ഇവിടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ നിര്‍ത്തുകയായിരുന്നു.
ഈ തീരുമാനം തെറ്റിയില്ല. കൃത്യമായി സ്റ്റബ്‌സിന്റെ കൈകളിലേക്കു ബോള്‍ സമ്മാനിച്ച് ഇഷാന്‍ ക്രീസ് വിട്ടു. നിതീഷ് റെഡ്ഡിയാണ് തുടര്‍ന്നു ബാറ്റിങിനെത്തിയത്. ആദ്യ രണ്ടു ബോളിലും റണ്ണെടുക്കാന്‍ സാധിക്കാതെ വന്നതോടെ അടുത്ത ബോളില്‍ താരം വമ്പന്‍ ഷോട്ടിനു തുനിഞ്ഞു. പക്ഷെ മിഡ് ഓണ്‍ ഏരിയയില്‍ മുകളിലേക്കുയര്‍ന്ന ബോള്‍ അക്ഷര്‍ തന്നെ പിടികൂടി. ഈ ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമേ എസ്ആര്‍എച്ചിനു ലഭിച്ചുള്ളൂ. രണ്ടു വിക്കറ്റും കൈവിട്ടു.

മുകേഷ് എറിഞ്ഞ നാലാമത്തെ ഓവറില്‍ എട്ടു റണ്‍സാണ് ഹൈദരാബാദ് നേടിയത്. അഞ്ചാമത്തെ ഓവറില്‍ അക്ഷര്‍ സ്വയം ബൗള്‍ ചെയ്യാനെത്തുമെന്നോ, അല്ലെങ്കില്‍ പുതിയൊരാളെ ബൗളിങില്‍ പരീക്ഷിക്കമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം സര്‍പ്രൈസ് നീക്കമാണ് നടത്തിയത്. സ്റ്റാര്‍ക്കിനു തുടര്‍ച്ചയായ മൂന്നാമത്തെ ഓവറും അദ്ദേഹ നല്‍കി.
അക്ഷറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കാണ് ട്രാവിസ് ഹെഡിന്റെ വിലപ്പെട്ട വിക്കറ്റ് ഡിസിക്കു സമ്മാനിച്ചത്. അഞ്ചാമത്തെ ഓവറിലെ ആദ്യ ബോളില്‍ തന്നെ ഹെഡ് മടങ്ങി. ഷോര്‍ട്ട് ബോളിനെതിരേ ബാക്ക്‌വേര്‍ഡ് പോയിന്റിനു മുകളിലൂടെ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ഹെഡിന്റെ ഗ്ലൗസില്‍ എഡ്ജായ ബോള്‍ വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുല്‍ അനായാസം പിടികൂടുകയായിരുന്നു. ഇതോടെ എസ്ആര്‍എച്ച് ടീം നാലു വിക്കറ്റിനു 37 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു.