ഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലിന്റെ മോശം ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷവിമര്‍ശനം. കെകെആര്‍ ബാറ്റിങ് നിരയെ പവര്‍പ്ലേയില്‍ സഹായിക്കുന്ന തരത്തിലുള്ള ബൗളിങ് റൊട്ടേഷനുകളാണ് അദ്ദേഹം നടത്തിയത്. ഇതോടെ പവര്‍പ്ലേയില്‍ മികച്ച ടോട്ടല്‍ കെകആര്‍ അടിച്ചെടുക്കുകയും ചെയ്തു.
ഹോംഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം അക്ഷര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുന്നതിനൊപ്പം പ്ലേഓഫ് യോഗ്യതയ്ക്കു ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിസി ഇറങ്ങിയത്. എന്നാല്‍ കെകെആറിനു പ്ലേഓഫില്‍ ഇടം നേടാന്‍ ഈ മല്‍സരമുള്‍പ്പെടെ ശേഷിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ചേ തീരൂ.

അക്ഷറിന്റെ ക്യാപ്റ്റന്‍സി
ഈ മല്‍സരത്തില്‍ പവര്‍പ്ലേയില്‍ ഒരു സ്പിന്നറെ പോലും പരീക്ഷിക്കാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ തയ്യാറായില്ല. പകരം പേസര്‍മാരെക്കൊണ്ടാണ് ആറോവറുകളും ബൗള്‍ ചെയ്യിച്ചത്. ഇതു കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ് മുന്‍നിരയെ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. സാധാരണ അക്ഷര്‍ തന്നെ പവര്‍പ്ലേയില്‍ പന്തെറിയാറുണ്ട്. കൂടാതെ വിപ്രാജ് നിഗമിനും ഒരോവറെങ്കിലും നല്‍കാറുണ്ട്.
പവര്‍പ്ലേയില്‍ അക്ഷറിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി കാരണം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 79 റണ്‍സെന്ന വലിയ സ്‌കോര്‍ കെകെആര്‍ അടിച്ചെടുക്കുകയും ചെയ്തു. മിച്ചെല്‍ സ്റ്റാര്‍ക്കും ദുഷ്മന്ത ചമീരയുയും ചേര്‍ന്നാണ് ഡിസിക്കായി ന്യൂബോള്‍ കൈകാര്യം ചെയ്തത്. കെകെആറിനായി ഓപ്പണ്‍ ചെയ്തത് വമ്പനടിക്കാരായ റഹ്മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നുമായിരുന്നു. സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ഫോറടക്കം എട്ടു റണ്‍സ് കെകെആര്‍ നേടി.
എന്നാല്‍ ചമീരയുടെ രണ്ടാം ഓവറില്‍ റണ്‍മഴയാണ് കണ്ടത്. രണ്ടു വീതം ഫോറും സിക്‌സറുമടക്കം 25 റണ്‍സ് കെകെആര്‍ ഓപ്പണര്‍മാര്‍ വാരിക്കൂട്ടി. ഫോറും സിക്‌സറുകളും മാത്രമല്ല, വൈഡിനത്തില്‍ രണ്ടു റണ്‍സ് കൂടി ചമീര സംഭാവന നല്‍കുകയും ചെയ്തു. മൂന്നാം ഓവറില്‍ സ്റ്റാര്‍ക്കിനെയും കെകെആര്‍ പഞ്ഞിക്കിട്ടു. 15 റണ്‍സ് ഈ ഓവറില്‍ അവര്‍ നേടി. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. എന്നാല്‍ അവസാന ബോളില്‍ ഗുര്‍ബാസിനെ (26) പുറത്താക്കാന്‍ സ്റ്റാര്‍ക്കിനു സാധിച്ചു.
ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് തുടര്‍ന്നു ക്രീസിലെത്തിയത്. സ്പിന്നര്‍മാര്‍ക്കെതിരേ നേരത്തേ അല്‍പ്പം ബുദ്ധിമുട്ടിയ ബാറ്ററാണ് അദ്ദേഹം. നാലാം ഓവറില്‍ അക്ഷറോ, വിപ്രജോ പന്തെറിയാന്‍ വരുമെന്നു കരുതിയെങ്കിലും മൂന്നാമത്തൈ പേസറായ മുകേഷ് കുമാറിനാണ് നറുക്കുവീണത്. ഒരു ഫോറടക്കം ആറു റണ്‍സ് ലഭിച്ചു.
നേരത്തേ തന്റെ രണ്ടോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത സ്റ്റാര്‍ക്കിനു പവര്‍പ്ലേയില്‍ തന്നെ സ്റ്റാര്‍ക്ക് മൂന്നാം ഓവറും നല്‍കി. ഓരോ ഫോറും സിക്‌സറുമടക്കം 14 റണ്‍സ് കെകെആര്‍ ടീം ടോട്ടലിലേക്കു ചേര്‍ക്കുകയും ചെയ്തു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മുകേഷാണ് പന്തെറിഞ്ഞത്. രണ്ടു ഫോറുകളടക്കം 11 റണ്‍സും അദ്ദേഹം വഴങ്ങി. ഇതോടെ കെകെഅര്‍ ആറോവറില്‍ ഒരു വിക്കറ്റിനു 79 റണ്‍സെന്ന ശക്തമായ നിലയിലെത്തുകയും ചെയ്തു.
ഇന്നത്തെ കളിയിലെ 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അശുതോഷ് ശര്‍മ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, റോവ്‌മെന്‍ പവെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്.