വിശാഖപട്ടണം: ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യത്തെ ത്രില്ലര്‍ പോരാട്ടത്തിനു കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്. അവസാന ഓവറില്‍, അവസാന വിക്കറ്റിലേക്കു നീണ്ട ത്രസിപ്പിക്കുന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് വീരോചിത വിജയം സ്വന്തമാക്കിയത്.
റിഷഭ് പന്തിനു കീഴില്‍ ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ് ജയത്തിനകരികെ നിന്നും തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. 210 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ചേസ് ചെയ്യവെ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റിന് ഏഴിലേക്കും അഞ്ചിന് 65 റണ്‍സിലേക്കു വീണ ശേഷമായിരുന്നു ഡിസിയുടെ വീരോചിത തിരിച്ചുവരവ്.
അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ജയം നേടിയെടുക്കാന്‍ അവരെ സഹായിച്ചത് ഫിനിഷിങില്‍ ഒരിക്കല്‍ക്കൂടി കസറിയ അശുതോഷ് ശര്‍മയാണ്. നേരത്തേ പഞ്ചാബ് കിങ്‌സില്‍ ഈ റോളില്‍ മിന്നിച്ച അദ്ദേഹം ഡിസിക്കൊപ്പം ആദ്യ കളിയില്‍ തന്നെ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 31 ബോളില്‍ പുറത്താവാതെ 66 റണ്‍സാണ് അശുതേഷ് അടിച്ചെടുത്തത്. സ്ലോ തുടക്കത്തിനു ശേഷം അദ്ദേഹം ബാറ്റിങില്‍ ഗിയര്‍ മാറ്റിയത് എങ്ങനെയെന്നറിയാം.

ഗിയര്‍ മാറ്റിയ അശുതോഷ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ റണ്‍ചേസില്‍ ഏഴാമത്തെ ഓവറില്‍ തന്നെ ഏഴാമനായ അശുതോഷ് ശര്‍മയ്ക്കു ബാറ്റിങിനു ക്രീസില്‍ എത്തേണ്ടതായി വന്നിരുന്നു. രവി ബിഷ്‌നോയ് എറിഞ്ഞ ഏഴാം ഓവറിലെ നാലാമത്തെ ബോളില്‍ ഫാഫ് ഡുപ്ലെസി (18 ബോളില്‍ 29) മടങ്ങിയ ശേഷാണ് അദ്ദേഹത്തിന്റെ വരവ്. 210 റണ്‍സ് ചേസ് ചെയ്യവെ ഡിസി അപ്പോള്‍ അഞ്ചിന് 65 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായിരുന്നു.
ഓവറുകള്‍ ഒരുപാട് ബാക്കിയുള്ളതിനാല്‍ തന്നെ അശുതോഷ് തുടക്കത്തില്‍ തന്നെ വലിയ റിസ്‌കുകളെടുക്കാനൊന്നും തുനിഞ്ഞില്ല. പകരം മല്‍സരം പരമാവധി ഡീപ്പിലേക്കു കൊണ്ടുപോവുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. ആദ്യത്തെ 20 ബോളുകളില്‍ വെറും 20 റണ്‍സ് മാത്രമേ അശുതോഷ് സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. ഇതിലുള്‍പ്പെട്ടത് ഒരേയൊരു ഫോര്‍ മാത്രമായിരുന്നു. ബാക്കിയെല്ലാം സിംഗിളും ഡബിളുമായി താരം ഓടിയെടുത്തതാണ്.
16ാം ഓവര്‍ മുതല്‍ കളി മാറി
15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഡിസി ആറു വിക്കറ്റിന് 148 റണ്‍സ്. 20 ബോളില്‍ 20 റണ്‍സോടെ അശുതോഷും 11 ബോളില്‍ 30 റണ്‍സുമായി വിപ്രജ് നിഗവുമാണ് ക്രീസില്‍. നാലു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന അഞ്ചോവറില്‍ ഡിസിക്കു ജയിക്കാന്‍ വേണ്ടത് 62 റണ്‍സ്. പ്രിയന്‍സ് യാദവെറിഞ്ഞ 16ാം ഓവറിലാണ് അശുതോഷ് ബാറ്റിങില്‍ ടോപ്പ് ഗിയറലിലേക്കു കയറിയത്.
ഈ ഓവറില്‍ ഡിസി വാരിക്കൂട്ടിയത് 20 റണ്‍സാണ്. ഇതില്‍ 11 റണ്‍സ് അശുതോഷിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഓവറിലെ ആ്ദ്യത്തെ ബോളില്‍ തന്നെ സിക്‌സറുമായാണ് താരം തുടങ്ങിയത്. അടുത്ത ബോളില്‍ ബൗണ്ടറി പായിച്ച അശുതോഷ് മൂന്നാമത്തെ ബോളില്‍ സിംഗിളുമെടുത്തു. തുടര്‍ന്നുള്ള മൂന്നു ബോളില്‍ രണ്ടിലും വിപ്രജ് ഫോറടിക്കുകയും ചെയ്തു.
ഈ ജോടി ഡിസിയെ ജയത്തിലേക്കു നയിക്കവെയാണ് അടുത്ത ഓവറിലെ ആദ്യത്തെ ബോളില്‍ വിപ്രജ് (15 ബോളില്‍ 39) പുറത്താവുന്നത്. ദിഗ്വേഷ് രതിയെറിഞ്ഞ ഈ ഓവറില്‍ ലഭിച്ചത് മൂന്നു റണ്‍സ് മാത്രം. അടുത്ത ഓവറിലെ ആദ്യ ബോളില്‍ എട്ടാം വിക്കറ്റും വീണു. രണ്ടു റണ്‍സെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കിനെ രവി ബിഷ്‌നോയ് മടക്കി.

പക്ഷെ അശുതോഷ് പതറിയില്ല. ഓവറിലെ അവസാന മൂന്നു ബോളില്‍ അദ്ദേഹം അടിച്ചെടുത്തത്. 16 റണ്‍സ്. രണ്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. അടുത്ത ഓവറിലെ ആദ്യ ബോളില്‍ കുല്‍ദീപ് യാദവ് ഫോറടിച്ചെങ്കിലും തൊട്ടടുത്ത ബോളില്‍ റണ്ണൗട്ട്. ഡിസി 9ന് 192.
ഇനി ടീം ജയിക്കില്ലെന്നു എല്ലാവരും ഉറപ്പിച്ച നിമിഷമായിരുന്നു അത്. പക്ഷെ അശുതോഷ് അപ്പോഴും വിജയപ്രതീക്ഷയിലായിരുന്നു. പ്രിന്‍സ് യാദവെറിഞ്ഞ 19ം ഓവറിലെ അവസാന രണ്ടു ബോളില്‍ ഓരോ സിക്‌സറും ഫോറും താരം പായിച്ചു.
അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍െക്ക ഡിസിക്കു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. ആദ്യ ബോളില്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ട മോഹിത് ശര്‍മ അടുത്ത ബോളില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് അശുതോഷിനു കൈമാറി. തൊട്ടടുത്ത ബോള്‍ സിക്‌സറിലേക്കു പായിച്ച് അദ്ദേഹം ഡിസിയെ ത്രില്ലിങ് വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ 20 ബോളില്‍ 20 റണ്‍സ് മാത്രമെടുത്ത താരം പിന്നീടുള്ള 11 ബോളില്‍ വാരിക്കൂട്ടിയത് 46 റണ്‍സാണ്.