ടീം ഇന്ത്യക്കായി ഓപ്പണറുടെ റോളില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ കത്തിക്കയറുമ്പോള്‍ ഇതിന്റെ ക്രെഡിറ്റ് ലഭിച്ചു കൊണ്ടിരിക്കുന്നത് നിലവിലെ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമാണ്. കാരണം അത്ര മാത്രം വലിയ മാറ്റമാണ് ഓപ്പണിങിലേക്കു വന്നതിനു ശേഷം അദ്ദേഹത്തിനു സംഭവിച്ചിരിക്കുന്നത്. മൂന്നു കിടിലന്‍ സെഞ്ച്വറികളോടെ ഓപ്പണിങില്‍ തന്റെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് സഞ്ജു.
എന്നാല്‍ ഓപ്പണിങില്‍ സഞ്ജുവിന്റെ മിടുക്ക് ആദ്യം തിരിച്ചറിയുകയും ഈ റോള്‍ അദ്ദേഹത്തിനു നല്‍കണമെന്നു ആവശ്യപ്പെടുകയും ചെയ്തത് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററായിട്ടുള്ള അമ്പാട്ടി റായുഡുവാണ്. കഴിഞ്ഞ ഐപിഎല്‍ സീസണിനിടെയായിരുന്നു ഇതു സംഭവിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ഈ നിര്‍ദേശം റോയല്‍സ് ഗൗരവമായി എടത്തതുമില്ല. ഇതു കാരണം അവര്‍ക്കു മുട്ടന്‍ പണിയും കിട്ടിയിരുന്നു.

റോയല്‍സ് ഓപ്പണിങ്
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ ജോസ് ബട്‌ലറും യുവതാരം യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണില്‍ ഒാപ്പണ്‍ ചെയ്തു കൊണ്ടിരുന്നത്. ഈ ജോടി ശ്രദ്ധേയമായ പ്രകടനങ്ങളുമായി ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും ബട്‌ലറുടെ സേവനം റോയല്‍സിനു ലഭിച്ചില്ല.
ദേശീയ ടീമിനൊപ്പം കളിക്കുന്നതിനായി സീസണിന്റെ രണ്ടാംപകുതിയുടെ അവസാനത്തോടെ അദ്ദേഹത്തിനു റോയല്‍സ് വിടേണ്ടി വന്നു. മേയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെപ്പോക്കില്‍ നടന്ന മല്‍സരത്തിനു ശേഷമാണ് ബട്‌ലര്‍ ഇന്ത്യയില്‍ നിന്നു മടങ്ങിയത്. ഇതോടെ പ്ലേഓഫിലക്കം നാലു മല്‍സരങ്ങളില്‍ പുതിയ ഓപ്പണിങ് ജോടിയെ റോയല്‍സിനു തിരയേണ്ടിയും വന്നു.
ബട്‌ലര്‍ക്കു പകരം ആരെ ഓപ്പണറാക്കുമെന്നതായിരുന്നു റോയല്‍സിനെ ഏറ്റവുമധികം കുഴപ്പിച്ച ചോദ്യം. ഈ റോളിലേക്കു അവര്‍ ഒടുവില്‍ പരീക്ഷിച്ചത് ഇംഗ്ലണ്ട് താരമായ ടോം കോഹ്ലര്‍ കാഡ്‌മോറിനെയായിരുന്നു. ബട്‌ലറുടെ അഭാവം മറ്റൊരു ഇംഗ്ലണ്ട് താരമായ അദ്ദേഹം നികത്തുമെന്നു റോയല്‍സ് കണക്കുകൂട്ടുകയും ചെയ്തു. പക്ഷെ കാഡ്‌മോറിനെ വച്ചുള്ള റോയല്‍സിന്റെ പരീക്ഷണം ദയനീമായി പാളുകയായിരുന്നു.
റായുഡു പറഞ്ഞതെന്ത്?
ജോസ് ബട്‌ലര്‍ ടീം വിട്ടതിനു ശേഷം പകരം ആരെ ഓപ്പണറാക്കുമെന്നു രാജസ്ഥാന്‍ റോയല്‍സ് തല പുകയ്ക്കവെയാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ ഈ റോള്‍ ഏറ്റെടുക്കണമെന്ന സര്‍പ്രൈസ് നിര്‍ദേശം അമ്പാട്ടി റായുഡു വച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മറ്റൊരു മുന്‍ ഇന്ത്യന്‍ താരമായ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനൊപ്പം സംസാരിക്കുകയായിരുന്നു റായുഡു.
യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായി കളിപ്പിക്കണം. കാരണം അദ്ദേഹം ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം നമ്പറില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓപ്പണറായി കളിക്കുകയാണെങ്കില്‍ ഇന്നിങ്‌സ് നിയന്ത്രിക്കാന്‍ സഞ്ജുവിനു സാധിക്കും.

കൂടാതെ 20 ഓവര്‍ മുഴുവന്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുമുള്ള ശേഷിയുണ്ട്. ഇതു റോയല്‍സിനെ വളരെ മികച്ച ഒരു നിലയിലെത്തിക്കുകയും പ്ലേഓഫിലേക്കു പോകവെ ടീമിനു ഗുണം ചെയ്യുമെന്നുമായിരുന്നു റായുഡു ചൂണ്ടിക്കാണിച്ചത്.
പക്ഷെ റായുഡുവിന്റെ അഭിപ്രായം കാര്യമായെടുക്കാതെയാണ് ടോം കോഹ്ലര്‍ കാഡ്‌മോറിനെ ഓപ്പണറായി റോയല്‍സ് പരീക്ഷിച്ചത്. പ്ലേഓഫിലടക്കം റോയല്‍സിന്റെ അവസാനത്തെ നാലു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല.
അതേസമയം, ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പുതിയ കോച്ചായി വന്നതിനു ശേഷമാണ് ഒരു ഗംഭീര ഓപ്പണറായി സഞ്ജുവിനു മാറാന്‍ സാധിക്കുമെന്നു ലോകം തിരിച്ചറിഞ്ഞത്. സ്ഥിരം ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ അഭാവത്തില്‍ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ സഞ്ജുവിനു ഈ റോള്‍ അദ്ദേഹം നല്‍കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കുറിച്ച മലയാളി താരം അടുത്ത പരമ്പരയില്‍ രണ്ടു സെഞ്ച്വറി കൂടി ഓപ്പണിങില്‍ സീറ്റുറപ്പിക്കുകയും ചെയ്തു.