മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. കണക്കുകള്‍ പ്രകാരം ഏറ്റവും ശക്തമായ ടീം കരുത്ത് മുംബൈയുടേതാണെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ പയറ്റിത്തെളിഞ്ഞ നായകനാണ് മുംബൈയെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നീ സൂപ്പര്‍ താരങ്ങളെല്ലാം ഉപദേശങ്ങളുമായി ഹാര്‍ദിക്കിന് ഒപ്പവുമുണ്ട്. എന്നിട്ടും മുംബൈക്ക് ജയിക്കാന്‍ സാധിക്കുന്നില്ല.
അഞ്ച് മത്സരത്തില്‍ നാലിലും മുംബൈ തോറ്റിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ പതറുകയാണെന്ന് തന്നെ പറയാം. ഓള്‍റൗണ്ട് പ്രകടനം നടത്തുന്നുണ്ടെങ്കിലും വിജയത്തിലേക്ക് മുംബൈയെ എത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തവണകൂടി അവസാന സ്ഥാനത്തേക്ക് പോയാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. മുംബൈ തുടര്‍ തോല്‍വികള്‍ വഴങ്ങുമ്പോള്‍ ടീം ഉടമകളും ഹാര്‍ദിക്കിനെതിരായിരിക്കുകയാണ്.
ശക്തമായ ടീം കരുത്തുണ്ടായിട്ടും എന്തുകൊണ്ടാണ് മുംബൈക്ക് ജയിക്കാനാവാത്തതെന്ന ചോദ്യം പ്രസക്തമാണ്. മുംബൈക്ക് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെ ടീം വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കൂ
മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണം ടീമിലെ ഭിന്നതയാണ്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയപ്പോള്‍ തുടങ്ങിയ ഭിന്നത ഇപ്പോഴും തുടരുന്നുണ്ടെന്നതാണ് വസ്തുത. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തം. സൂര്യകുമാര്‍ യാദവിനെ മുംബൈ ക്യാപ്റ്റനാക്കിയാല്‍ നിലവിലെ ഭിന്നതകള്‍ക്ക് അവസാനം കാണാനാവും. ഹാര്‍ദിക് പാണ്ഡ്യക്ക് ടീമിനുള്ളില്‍ പിന്തുണ ലഭിക്കുന്നില്ല.
യുവതാരങ്ങള്‍ക്കടക്കം ഹാര്‍ദിക്കിനോട് എതിര്‍പ്പുണ്ട്. വിഘ്‌നേഷ് പുത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളായ യുവതാരങ്ങളെ ഹാര്‍ദിക് ഉപയോഗിക്കുന്ന രീതിയോട് കടുത്ത എതിര്‍പ്പുണ്ട്. ടീമിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ സാധ്യമാകുന്നത് എല്ലാം ഹാര്‍ദിക് ചെയ്യുന്നുണ്ട്. എന്നാല്‍ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന് കാരണം ടീമിനുള്ളില്‍ത്തന്നെ താരത്തിന് പാരയുണ്ടെന്നതാണ് തുറന്ന് കാട്ടുന്നത്.
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനാണ്. മുംബൈ സൂര്യയെ നായകനാക്കി ഹാര്‍ദിക്കിനെ താരമെന്ന നിലയില്‍ മാത്രം ഉപയോഗിക്കുന്നതാണ് മുംബൈക്ക് ഗുണം ചെയ്യുക. അങ്ങനെ ചെയ്താല്‍ മുംബൈക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്തുക പ്രയാസമാവില്ല. എന്നാല്‍ ഇത്തരമൊരു കടുത്ത നീക്കത്തിന് മുംബൈ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബാറ്റിങ് ഓഡര്‍ പൊളിച്ചെഴുതണം
നിലവിലെ മുംബൈയുടെ തോല്‍വിക്ക് പ്രധാന കാരണമായി മാറുന്നത് ബാറ്റിങ് ഓഡറിലെ പാളിച്ചകളാണെന്ന് പറയാം. താരങ്ങളെ മാറി മാറി പരീക്ഷിക്കുന്നത് പ്രകടനത്തെ ബാധിക്കുന്നു. ഇത് ടീമിനെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. തിലക് വര്‍മയെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാന്‍ മുംബൈ തയ്യാറാവണം. റിയാന്‍ റിക്കില്‍ട്ടന്‍, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ടീമിനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.
രോഹിത് ശര്‍മയുടെ മോശം ഫോം ടീമിനെ കാര്യമായി ബാധിക്കുന്നു. അഞ്ച് മത്സരത്തില്‍ നാല് മത്സരമാണ് രോഹിത് കളിച്ചത്. ഒരു മത്സരത്തിലും നിലവാരം കാട്ടാന്‍ രോഹിത്തിനായിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കാന്‍ രോഹിത് ശര്‍മക്ക് വലിയ താല്‍പര്യമില്ലെന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഹാര്‍ദിക് സീനിയര്‍ താരങ്ങള്‍ക്ക് വലിയ വില നല്‍കാത്ത ക്യാപ്റ്റനാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് രോഹിത്തിന് വലിയ പിന്തുണ നല്‍കുന്നവനാണ്. അതുകൊണ്ടുതന്നെ സൂര്യ നായകസ്ഥാനത്തേക്ക് വരുന്നതാണ് ബുംറക്കും രോഹിത്തിനും കൂടുതല്‍ താല്‍പര്യം.
ദീപക് ചഹാറിനെ പവര്‍പ്ലേയില്‍ ഉപയോഗിക്കണം
ദീപക് ചഹാര്‍ പേസ് ഓള്‍റൗണ്ടറാണ്. സ്വിങ് ബൗളറായ ചഹാറിനെ പവര്‍പ്ലേയിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. എന്നാല്‍ ചഹാറിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ട്രന്റ് ബോള്‍ട്ടിനേയും ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. ദീപക്കും ബോള്‍ട്ടും പവര്‍പ്ലേയില്‍ മിന്നിച്ചിരുന്ന താരങ്ങളാണ്. ഇത്തവണ ഇവര്‍ക്ക് വലിയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഇതിന് കാരണം ഇവരെ ഉപയോഗിക്കുന്നതിലെ പിശകാണെന്ന് തന്നെ പറയാം. മുംബൈയുടെ ബൗളര്‍മാരെല്ലാം മികച്ചവരാണെങ്കിലും ഇവരെയൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം.