ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ പരാജയത്തിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീം മാനേജ്‌മെന്റുമെല്ലാം നേരിടുന്നത്. കളിയിലേറ്റ പരാജയമല്ല, മറിച്ച് മല്‍സരത്തിനിടെ എടുത്ത ഒരു വിചിത്രമായ തീരുമാനമാണ് ഇതിനു കാരണം. തിലക് വര്‍മയെ റിട്ടയേഡ് ഔട്ടാക്കിയതാണ് വലിയ വിവാദമായിരിക്കുന്നത്. റണ്‍ചേസില്‍ 12 റണ്‍സിന്റെ തോല്‍വിയാണ് മുംബൈയ്ക്കു നേരിട്ടത്.
19ാം ഓവറിലെ അഞ്ചാത്തെ ബോളിനു ശേഷം തിലക് റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടിരുന്നു. 23 ബോളില്‍ 25 റണ്‍സുമായി ബാറ്റിങില്‍ പതറിയതോടെയാണ് അദ്ദേഹത്തോടു തിരികെ മടങ്ങാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. പകരം ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റനറെ അയക്കുകയായിരുന്നു. പക്ഷെ ഈ നീക്കം വിജയം കണ്ടതുമില്ല.

പല മുന്‍ താരങ്ങളും തിലകിനു പകരം സാന്റ്‌നറെ കളിപ്പിച്ച മുംബൈയുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, ഹനുമാ വിഹാരി തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയയിയൂടെ ഹാര്‍ദിക്കിനെയും മുംബൈ ടീമിനെയും രൂക്ഷമായി വിമര്‍ശിച്ചു.
മുംബൈ എന്തിന് അതു ചെയ്തു?
മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് തിലക് വര്‍മയെ തിരികെ വിളിച്ചതില്‍ വീരേന്ദര്‍ സെവാഗ് ആശ്ചര്യം പ്രകടിപ്പിച്ചത്. മുംബൈ ടീം മാനേജ്‌മെന്റ് എന്തിനാണ് അത്തരമൊരു നീക്കം നടത്തിയതെന്നു ഇപ്പോഴും തനിക്കു മനസ്സിലായിട്ടില്ലെന്നും വീരു വ്യക്തമാക്കി.
തിലക് വര്‍മയെ എന്തിനാണ് മുബൈ ഇന്ത്യന്‍സ് ടീം റിട്ടയര്‍ ചെയ്യിച്ചതെന്നു എനിക്കു മനസ്സിലായിട്ടില്ല. അവന്‍ 20-25 ബോളുകള്‍ കളിച്ചു കഴിഞ്ഞതാണ്. തിലകിന്റെ ഷോട്ടുകള്‍ കണക്ടായിരുന്നില്ലെന്നതു ശരി തന്നെ. പക്ഷെ രണ്ടു ബോളുകള്‍ നേരിട്ട മിച്ചെല്‍ സാന്റ്‌നര്‍ക്കും ഒന്നും ചെയ്യാനായില്ല. അവസാനത്തെ ഓവര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നേരിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ പിന്നെ തിലകിനെ എന്തിനാണ് റിട്ടയര്‍ ചെയ്യിച്ചതെന്നും സെവാഗ് ചോദിക്കുന്നു.
മിച്ചെല്‍ സാന്റനര്‍ക്കു പകരം തിലക് വര്‍മ ആ രണ്ടു ബോള്‍ നേരിടുകയും രണ്ടു ബൗണ്ടറികളടിക്കുകയും ചെയ്യില്ലായിരുന്നുവെന്നു ആര്‍ക്കറിയാം. അത്തരമൊരു നീക്കം നടത്തിയതിലൂടെ ടീമിനു എന്തെങ്കിലും ഗുണം ലഭിക്കേണ്ടിയിരുന്നു.
മുംബൈ എന്തിനായിരിക്കും ഇതു ചെയ്തതെന്നു എനിക്കു ഇപ്പോഴും വ്യക്തമായിട്ടില്ല. ഞങ്ങള്‍ കളിച്ചിരുന്ന കാലത്തൊന്നും ഇങ്ങനെയായിരുന്നില്ല. ഒരിക്കലും ഇതു സംഭവിക്കുകയും ചെയ്തിട്ടില്ല. ഷോട്ടിനു ശ്രമിച്ച് ഔട്ടായാല്‍ മാത്രമേ ഒരു താരം തിരികെ വരുമായിരുന്നുള്ളൂവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

സാന്റ്‌നറല്ലേ? പൊള്ളാര്‍ഡല്ലല്ലോ?
സോഷ്യല്‍ മീഡിയയിലൂടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ നീക്കത്തെ ഹര്‍ഭജന്‍ സിങ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. മിച്ചെല്‍ സാന്റനര്‍ക്കു വേണ്ടി തിലക് വര്‍മയെ റിട്ടര്‍ ചെയ്യിച്ചത് പിഴവായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. തിലകിനേക്കാള്‍ നന്നായി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നയാളാണോ സാന്റനര്‍?
പൊള്ളാര്‍ഡിനെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കഴിവു തെളിയിച്ച ബാറ്ററെ ആയിരുന്നു പകരം കൊണ്ടു വന്നിരുന്നതെങ്കില്‍ എനിക്കു അക്കാര്യം മനസ്സിലാവും. പക്ഷെ ഈ കളിയിലെടുത്ത തീരുമാനത്തോടു താന്‍ യോജിക്കുന്നില്ലെന്നും എക്‌സില്‍ ഹര്‍ഭജന്‍ കുറിച്ചു.
ഇന്ത്യയുടെ മുന്‍ താരം ഹനുമാ വിഹാരിയും മുംബൈയുടെ തീരുമാനത്തിനെതിരേ സോഷ്യല്‍ മീഡയയിലൂടെ ആഞ്ഞടിച്ചു. മിച്ചെല്‍ സാന്റ്‌നര്‍ക്കു വേണ്ടി തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടാവുകയോ? എന്താണ് ഇതിന്റെയൊക്കെ അര്‍ഥം. ജിടിക്കെതിരേ ഹാര്‍ദിക്കും ബാറ്റിങില്‍ പതറിയിരുന്നു. പക്ഷെ റിട്ടയേര്‍ഡ് ഔട്ടായില്ല. പിന്നെ എന്തിന് തിലക്? എന്നാണ് എക്‌സിലൂടെ വിഹാരി ചോദിക്കുന്നത്.